Kuwait
കുവൈത്ത് പാര്‍ലിമെന്റ് പിരിച്ചുവിട്ട് അമീറിന്റെ ഉത്തരവ്
ഉടനെയൊന്നും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും പാര്‍ലിമെന്റിന്റെ അധികാരങ്ങള്‍ അനശ്ചിത കാലത്തേക്ക് അമീറിനും മന്ത്രി സഭക്കും ആയിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു
കുവൈത്ത് സിറ്റി | കുവൈത്ത് പാര്‍ലിമെന്റ് പിരിച്ചു വിട്ട് അമീര്‍ ശൈഖ് മിഷ് അല്‍ അല്‍ അഹ്മദ് അല്‍ സബാഹ് ഉത്തരവ് പുപ്പെടുവിച്ചു. ഉടനെയൊന്നും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും പാര്‍ലിമെന്റിന്റെ അധികാരങ്ങള്‍ അനശ്ചിത കാലത്തേക്ക് അമീറിനും മന്ത്രി സഭക്കും ആയിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. അസംബ്ലി പിരിച്ചു വിട്ടാല്‍ രണ്ട് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പു നടത്തണമെന്നാണ് ഭരണ ഘടന അനുശാസിക്കുന്നത്. എന്നാല്‍ പാര്‍ലിമെന്റ് പിരിച്ചു വിട്ടതോടപ്പം റദ്ദാക്കിയ ഭരണഘടനയുടെ ചില ആര്‍ട്ടിക്കുകളില്‍ ഈ നിബന്ധനയും റദ്ദാക്കിയതായാണ്‌വിവരം.
രാജ്യ താല്പര്യം മുന്‍ നിര്‍ത്തി ദേശീയ അസംബ്ലി പിരിച്ചു വിടുന്നതോടൊപ്പം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51,65(ഖണ്ഡിക 2,3),71(ഖന്ധിക2)174,107,79,181എന്നിവ നാല് വര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് സസ്‌പെന്റ് ചെയ്യുമെന്നാണ് അമീറിന്റെ ഉത്തരവില്‍ പറയുന്നത്. ഇക്കാലയളവില്‍ രാജ്യത്തിന്റെ ജനാതിപത്യ സമ്പ്രദായം പഠന വിധേയമാക്കുമെന്നും പഠനത്തിലൂടെയുള്ള കണ്ടെത്തലുകള്‍ തങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും അതില്‍ നിന്നും അനുയോജ്യമായവ സ്വീകരിക്കാമെന്നും അമീരി ഉത്തരവ് വ്യക്തമാക്കുന്നു.
നിലവിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയ ശേഷമേ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവുകയുള്ളൂ എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചില പാര്‍ലിമെന്റ് അംഗങ്ങളുടെ വ്യക്തി താല്പര്യം മൂലം നാല് വര്‍ഷം കാലാവധിയുള്ള പാലിമെന്റിനു അടുത്ത കാലത്തൊന്നും കാലാവധി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലഎന്ന് മാത്രമല്ല രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ഇതര രാജ്യങ്ങള്‍ക്കിടയില്‍ അപഹാസ്യമാക്കുന്ന തരത്തില്‍ വര്‍ഷത്തില്‍ ഒന്നിലധികം തവണ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ട സാഹചര്യവും ഉണ്ടായി. അതോടൊപ്പം രാജ്യത്തിന്റെ മുന്‍ അമീര്‍ ശൈഖ് നവാഫിന്റെ വിയോഗാനന്തരം രാജ്യത്തെ കിരീടവകാശി പദവി ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു. ഭരണ ഘടന പ്രകാരം ഈ പ്രക്രിയ ഒരു വര്‍ഷത്തിനകം നികത്തിയാല്‍ മതിയെങ്കിലും ആറു മാസം പിന്നിട്ടിട്ടും പുതിയ കിരീടംവകാശിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കുവൈത്തിന്റെ ഭരണകൂടത്തെ ചൂഷണം ചെയ്യാനും ജനാതിപത്യത്തെ നശിപ്പിക്കാനും ഒരിക്കലും ആരെയും അനുവദിക്കില്ലെന്നും അമീര്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി. സാമൂഹിക സുരക്ഷാ നിയമങ്ങള്‍ പുനഃപരിശോധിക്കുമെന്നും ആരും നിയമത്തിനു അതീതരല്ലെന്നും അമീര്‍ വ്യക്തമാക്കി. രാജ്യത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയസാഹചര്യം വെച്ചു പൊറുപ്പിക്കാന്‍ ആവാത്ത വിധത്തിലെത്തിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം നാലിനാണ് രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്ന് മന്ത്രി സഭാ രൂപീകരണം അനിശ്ചിതത്വത്തില്‍ ആയിരിക്കെയാണ് അപ്രതീക്ഷിതമായുള്ള പുതിയ തീരുമാനം