Connect with us

gulf kazhcha

കണ്ണീർചാലുകളിൽ നീന്തുമ്പോള്‍ വന്നുചേരുന്ന സഹാനുഭൂതികൾ

ഇതെല്ലാം ആഗോള മനുഷ്യ സാഹോദര്യമെന്ന വികാരം അറ്റുപോയിട്ടില്ലെന്ന് തെളിയിക്കുന്നു.

Published

|

Last Updated

തുർക്കി, സിറിയ ഭൂകമ്പ ശേഷമുള്ള ദൃശ്യങ്ങൾ ലോകത്തെ നടുക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്യുന്നു. ഏതാണ്ട് 20,000ലധികം ആളുകളാണ് മരിച്ചുപോയത്. ഇരട്ടിയിലധികം ആളുകൾക്ക് പരുക്കേറ്റു. പതിനായിരങ്ങൾക്ക് ഭവനവും ജീവിതോപാധിയും നഷ്ടപ്പെട്ടു. മാധ്യമങ്ങളിൽ ഓരോ ദുരന്ത സന്ദർഭങ്ങൾ കാണുമ്പോൾ മനുഷ്യരുടെയെല്ലാം നെഞ്ച് പിടക്കുന്നു. ചില കാലങ്ങളിൽ മാനവ സമൂഹം ഇത്തരത്തിൽ പ്രകൃതിയുടെ സംഹാര താണ്ഡവത്തിലൂടെ കടന്നുപോകാറുണ്ട്. ഭയന്നു പോകാറുണ്ട്. അപ്പോഴൊക്കെ അതിജീവനത്തിന് മനുഷ്യർ പാരസ്പര്യം കാട്ടാറുണ്ട്. ഗുജറാത്തിൽ ഭൂചലനമുണ്ടായപ്പോൾ, നമ്മുടെ നാട്ടിൽ പ്രളയമുണ്ടായപ്പോൾ സാഹോദര്യം കാട്ടി. അതാണ് മഹത്തായ ജീവകാരുണ്യം. ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് രക്ഷാദൗത്യ സംഘങ്ങൾ എത്തി. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ജീവന്റെ തുടിപ്പുണ്ടോയെന്ന് അവർ ഊണും ഉറക്കവും മറന്ന് തിരഞ്ഞുകൊണ്ടേയിരിക്കുന്നു. മരിച്ചവരെ സംസ്‌കരിക്കുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ നിരന്തരം ഉത്സാഹിക്കുന്നു. മനുഷ്യർ ഇത്രക്കൊക്കെയുണ്ട്.

എന്നാലും ചില കാഴ്ചകൾ മനസ് പിടിച്ചു കുലുക്കുകയാണ്. തകരാൻ പോകുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ഒരു കുഞ്ഞിന്റെ നിലവിളി, ആ കുടുംബത്തിന്റെ മാത്രമല്ല, ഭൂമിയുടെയാകെ കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ആ കുഞ്ഞിന്, അന്ത്യയാത്രക്ക് മുമ്പ്, കെട്ടിടത്തിന് താഴെ നിസഹായനായി നിൽക്കുമ്പോഴും പിതാവ് “ശഹാദ’ ചൊല്ലിക്കൊടുക്കുന്നത് എത്രമാത്രം കരളുരുക്കുന്നതാണ്. ഒരു കെട്ടിടത്തിനടിയിൽ അനേകം കുഞ്ഞുങ്ങൾ പെട്ടുപോയ വാർത്ത എങ്ങിനെയാണ് സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുക. ഇതിനെല്ലാമിടയിൽ, കുഞ്ഞു കുഞ്ഞു സാഹസികതയുടെ ഔന്നിത്യം വലിയ പ്രകാശമാണ്. ഒരു പെൺകുട്ടി പിഞ്ചു സഹോദരനെ സംരക്ഷിക്കാൻ സിമന്റ് സ്ലാബിനും സഹോദരന്റെ തലക്കും ഇടയിൽ കൈവെച്ചു കിടന്നത് എന്തൊരു സുന്ദര കാഴ്ചയായി. സ്വന്തം ജീവനപ്പുറം കൂടെപ്പിറപ്പിന് താങ്ങാകുക. എല്ലാ സമൂഹങ്ങൾക്കും കാലങ്ങൾക്കും പ്രചോദനമാകണം ഇത്തരം ചിത്രങ്ങൾ.

രക്ഷാദൗത്യങ്ങൾക്ക് ഇന്ത്യയടക്കം ലോകത്തെ മിക്ക രാജ്യങ്ങളും സൈന്യത്തെ അയച്ചിട്ടുണ്ട്. മധ്യ പൗരസ്ത്യ മേഖല ഒന്നടങ്കം രക്ഷാ പ്രവർത്തനത്തിന് അരയും തലയും മുറുക്കി രംഗത്തുവന്നു. അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് ആരും അന്നേരം ചിന്തിച്ചില്ല. ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമോ എന്നത് മാത്രമാണ് നോക്കിയത്. യു എ ഇയിൽ നിന്നും രക്ഷാസാമഗ്രികളും ഔഷധങ്ങളും വസ്ത്രങ്ങളുമായി അനേകം വിമാനങ്ങൾ ഒന്നിന് പുറകെ ഒന്നായി പറന്നു. അവിടത്തെ തുടർചലനങ്ങളെ, പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളെ ദൗത്യസംഘം ഭയന്നില്ല. തുർക്കിയിലെ ഗാസിയാൻടെപ്പിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഒരു സ്ത്രീയെയും മൂന്ന് മക്കളെയും യു എ ഇ ദൗത്യസംഘം രക്ഷപ്പെടുത്തുന്നത് സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. അഞ്ച് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് അവരെ ജീവനോടെ രക്ഷിച്ചതെന്ന് സംഘത്തലവൻ പറഞ്ഞു. രണ്ടര ദിവസം ഇവർ തകർന്ന കെട്ടിടത്തിനകത്തായിരുന്നു. 20000 ഓളം ആളുകൾ മരിച്ച ദുരന്തത്തിനിടെ ഈയൊരു രക്ഷാപ്രവർത്തനം സന്തോഷത്തിന്റെ അപൂർവ നിമിഷം കൊണ്ടുവന്നു. സാഹസികമായാണ് ഓരോ സംഘവും രക്ഷാ പ്രവർത്തനം നടത്തുന്നത്. കെട്ടിടാവശിഷ്ടങ്ങളിലേക്ക് പ്രവേശിക്കുക എളുപ്പമല്ല. കെട്ടിടങ്ങളുടെ കോൺക്രീറ്റ് പാളികളും തൂണുകളും തകർന്നു വീഴാവുന്ന നിലയിലാണ്. ഇവക്കിടയിൽ ഇഴഞ്ഞു പോയാണ് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നോ എന്ന് രക്ഷാപ്രവർത്തകർ പരിശോധിക്കുന്നത്.

ദുരിതബാധിതരായ സിറിയൻ, തുർക്കി കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, മാനുഷിക ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും സ്വമേധയാ ഉള്ള ശ്രമം ഉണ്ടാകണമെന്ന് യു എ ഇ സമൂഹത്തോട് പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ആഹ്വാനം ചെയ്തു. ഗൾഫിൽ മലയാളി സന്നദ്ധ സംഘങ്ങൾ വ്യാപകമായി രംഗത്തിറങ്ങിയിട്ടുണ്ട്. അവർ ദുരിതാശ്വാസ സാധന സാമഗ്രികൾ ശേഖരിക്കുന്നു. നമ്മുടെ സംസ്ഥാന ഭരണകൂടവും സഹായ ഹസ്തം നീട്ടിയിട്ടുണ്ട്. ഇതെല്ലാം ആഗോള മനുഷ്യ സാഹോദര്യമെന്ന വികാരം അറ്റുപോയിട്ടില്ലെന്ന് തെളിയിക്കുന്നു.

2011 മാർച്ചിൽ ജപ്പാനിലും തെക്കുകിഴക്കൻ ഏഷ്യയിലും 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനും സുനാമിക്കും ശേഷം മറ്റൊരു കനത്ത ആഘാതമാണ് തുർക്കിയിലും സിറിയയിലും അനുഭവപ്പെട്ടത്. വർഷങ്ങൾ നീണ്ട ആഭ്യന്തര കലാപം സിറിയയെ തകർത്തിരുന്നു. ഇതിന് പിന്നാലെ ഭൂകമ്പ ദുരന്തവും. ആ ജനത കനത്ത പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. കുറേക്കൂടി അനുഭാവം ആ പ്രദേശത്തോട് വികസിത രാജ്യങ്ങൾ കാണിക്കേണ്ടതുണ്ട്. ഭൂകമ്പ സാധ്യത കൂടുതലുള്ള മേഖലയാണത്. അതിനെതിരെയുള്ള മുൻകരുതൽ നടപടികൾക്കാണ് ഇപ്പോൾ ഊന്നൽ നൽകേണ്ടത്. ആ ജനതക്ക് കരുണ ലഭിക്കട്ടെ.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest