molestaion
മെഡി.കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു; അടിയന്തരമായി അന്വേഷിക്കാൻ ആരോഗ്യ മന്ത്രി
സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
കോഴിക്കോട് | സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞയുടനെ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. അറ്റൻഡർ ഒളിവിലാണ്.
ശസ്ത്രക്രിയക്ക് ശേഷം യുവതിയെ തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. സര്‍ജിക്കല്‍ ഐ സി യുവിലേക്ക് യുവതിയെ കൊണ്ടുവിട്ട് മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞ് തിരികെ എത്തി പീഡിപ്പിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ജീവനക്കാരന്റെ വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതിനിടെ, പരാതിയില്‍ മെഡിക്കല്‍ കോളേജ് അന്വേഷണ സമിതിയെ നിയമിച്ചു. അഡീഷണല്‍ സൂപ്രണ്ട്, ആര്‍ എം ഒ, നഴ്‌സിംഗ് സൂപ്രണ്ട് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.