ARTICLE.
മതേതര ചരിത്ര രചനയുടെ അന്ത്യം
ഇന്ത്യാ ചരിത്രത്തിലും കര്‍ണാടക ചരിത്രത്തിലും വ്യക്തമായ ദിശാബോധവും ലക്ഷ്യവും വെച്ചുകൊണ്ട് കൊളോണിയല്‍ ചരിത്രരചനയുടെ അപനിര്‍മാണത്തിലായിരുന്നു ആ പ്രതിഭ വ്യാപരിച്ചത്.
ചരിത്രകാരനായ പ്രൊഫ. ബി ശൈഖ് അലി(98)യുടെ വിയോഗം ഇന്ത്യയില്‍ മതേതര ചരിത്ര രചനയുടെ അന്ത്യം കൂടിയാണ്. മൈസൂരുവില്‍ ജനിച്ച് മംഗളൂരു യൂനിവേഴ്‌സിറ്റിയുടെ സ്ഥാപക വൈസ് ചാന്‍സലറായും പിന്നീട് ഗോവയുടെ വി സി സ്ഥാനവും വഹിച്ച അദ്ദേഹം ഇന്ത്യയിലെ ആധുനിക ചരിത്രകാരന്മാരുടെ കുലപതിയായിരുന്നു.
മൈസൂര്‍ സര്‍വകലാശാലയില്‍ അദ്ദേഹത്തെ നിയമിച്ചത് കെ എം പണിക്കരായിരുന്നു. ഇന്ത്യാ ചരിത്രത്തിലും കര്‍ണാടക ചരിത്രത്തിലും വ്യക്തമായ ദിശാബോധവും ലക്ഷ്യവും വെച്ചുകൊണ്ട് കൊളോണിയല്‍ ചരിത്രരചനയുടെ അപനിര്‍മാണത്തിലായിരുന്നു ആ പ്രതിഭ വ്യാപരിച്ചത്.
മംഗളൂരുവിന്റെയും ഗോവയുടെയും സര്‍വകലാശാലകളിലെ നിര്‍മിതിയുടെ വിഷമകരമായ പ്രവര്‍ത്തനങ്ങളുടെ നേതൃത്വമാണ് അദ്ദേഹം ഏറ്റെടുത്തത്. രണ്ട് സര്‍വകലാശാലകളുടെയും വികസനം അദ്ദേഹം ലക്ഷ്യം വെച്ചു. അദ്ദേഹത്തിന്റെ ഒപ്പം പ്രൊഫസര്‍, ഡീന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ 1983ല്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. എല്ലാ പ്രശ്‌നങ്ങളെയും ഒരു പുഞ്ചിരിയോട് കൂടെ അദ്ദേഹം നേരിട്ടു. കര്‍ണാടകയില്‍ ഒരു മലയാളിയെ പ്രൊഫസറാക്കി നിയമിച്ചത് അദ്ദേഹത്തിന്റെ വിശാല വീക്ഷണം വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ “ബ്രിട്ടീഷ് റിലേഷന്‍സ് വിത്ത് ഹൈദരലി’ എന്ന ഗവേഷണ പ്രബന്ധം മലയാളത്തിലേക്ക് കൊണ്ടുവരാനുള്ള അവസരം എനിക്ക് ലഭിച്ചു. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ പദവി അദ്ദേഹം ഏറ്റെടുത്തിരുന്നു.
മൈസൂര്‍ സര്‍വകലാശാല വകുപ്പിനെ വികസിപ്പിക്കുന്നതില്‍ വലിയ പങ്കാളിത്തം അദ്ദേഹം വഹിച്ചിരുന്നു. “ടിപ്പു സുല്‍ത്താന്‍’ അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമാണ്. ഇവരുടെ മതേതര സ്വഭാവത്തിനും സാമ്രാജ്യത്വ വിരുദ്ധതക്കും അദ്ദേഹം പ്രാധാന്യം നല്‍കി. ടിപ്പു സുല്‍ത്താനെ പറ്റി മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ഡോക്യുമെന്ററി ഫിലിം നിര്‍മിച്ചപ്പോള്‍ അതിന്റെ പ്രധാന ഭാഗം നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു. അത് ശിഷ്യ ഗണങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം വ്യക്തമാക്കുന്നു.
എന്റെ പി എച്ച് ഡി പ്രബന്ധത്തിന്റെ പരിശോധനാ ചെയര്‍മാന്‍ അദ്ദേഹമായിരുന്നു. വാചാപരീക്ഷയില്ലാതെ അദ്ദേഹം ഡിഗ്രി അനുവദിച്ചത് ഇവിടെ ഓര്‍ക്കുന്നു. കര്‍ണാടക ചരിത്രത്തില്‍ ഇന്ന് ടിപ്പു സുല്‍ത്താന്റെ പേര് പോലും പറയാന്‍ പറ്റാത്ത നിലയാണ്. എന്നാല്‍ ഹൈദര്‍- ടിപ്പു സുല്‍ത്താന്റെ ചരിത്രത്തിന് പുതിയ മാനങ്ങള്‍ കന്നഡ ഭാഷയിലും അദ്ദേഹം നല്‍കി.
കര്‍ണാടകയിലെ അടക്കം മുസ്‌ലിം സംഘടനകളുടെ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചു. മതേതരത്വം അദ്ദേഹം ജീവിതത്തിലും പ്രവൃത്തിയിലും കാണിച്ചു. അദ്ദേഹത്തിന്റെ ചരിത്ര രചന, പ്രസംഗം, അക്കാദമിക പ്രവര്‍ത്തനം എല്ലാം ഈ സ്വഭാവത്തിലധിഷ്ഠിതമാണ്.
ഞങ്ങളുടെ തലമുറയിലെ ഏറ്റവും പ്രശസ്തനായ ചരിത്രകാരന്‍ മാത്രമല്ല, ചരിത്രത്തിന്റെ രീതിശാസ്ത്രം പ്രചരിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ പല തവണ അദ്ദേഹം സന്ദര്‍ശിച്ച് പ്രഭാഷണം നടത്തിയിരുന്നു. മലബാറിലെ അക്കാദമിക് സ്ഥാപനങ്ങളും മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും അദ്ദേഹത്തെ പ്രത്യേകം ആദരിച്ചുവന്നു. മലബാറിലെ ഗവേഷകര്‍ക്ക് അദ്ദേഹം വലിയ ഉപദേശകനും പ്രചോദകനുമായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യം ഒരു കാലഘട്ടത്തിന്റെ അന്ത്യമാണ് ഇന്ത്യാ ചരിത്ര രചനയില്‍ രേഖപ്പെടുത്തുന്നത്. ആ മതേതരത്വം എന്നും ആകര്‍ഷണീയവും അനുകരണീയവുമാണ്. ആദരാഞ്ജലികളോടെ ഒരു വിനീത ശിഷ്യന്‍.