Connect with us

Travelogue

ആർദ്രതയുടെ ആൾരൂപം

ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒരു മഹാന്റെ അന്ത്യവിശ്രമ കേന്ദ്രമെന്ന നിലയിൽ വികാര നിർഭരമായിരുന്നു ഉമ്മു അബീദ യാത്ര. അഗാധ ജ്ഞാനിയും വശ്യമായ പ്രഭാഷണ ശൈലിക്ക് പേരുകേട്ടവരുമായിരുന്നു ശൈഖ് രിഫാഇ(ഖ.സി). ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവിടുത്തെ ആത്മീയ സരണിക്ക് ആഴത്തിലുള്ള വേരോട്ടമുണ്ട്. കേരളവും അതിൽ നിന്ന് വിഭിന്നമല്ല.

Published

|

Last Updated

തെക്കുകിഴക്കൻ ഇറാഖിലെ മൈസാൻ ഗവർണറേറ്റിന് കീഴിലുള്ള ജില്ലയാണ് ഉമ്മു അബീദ. ബസ്വറയിൽ നിന്ന് കർബലയിലേക്കുള്ള യാത്രാമധ്യേ സുൽത്വാനുൽ ആരിഫീൻ ശൈഖ് രിഫാഇ (ഖ.സി) തങ്ങളുടെ കർമഭൂമിയായ പ്രദേശം സന്ദർശിക്കണമെന്നത് ഞങ്ങളുടെ അതിയായ ആഗ്രഹമായിരുന്നു.

കർബല റൂട്ടിൽ നിന്ന് മാറി ഒരു മണിക്കൂറിലധികം സമയം സഞ്ചരിക്കാനുണ്ട് ഉമ്മുഅബീദയിലേക്ക്. നോക്കെത്താ ദൂരത്തോളം തരിശുനിലങ്ങളാണ് റോഡിനിരുവശത്തും. അങ്ങിങ്ങ് ഒറ്റപ്പെട്ട കാർഷിക ഗ്രാമങ്ങൾ. പുതുമയുടെ യാതൊരു വിധ അടയാളങ്ങളും ഇല്ലാത്ത നഗരമാണ് ഉമ്മു അബീദ. അൽപ്പം കൂടി മുന്നോട്ട് പോയാൽ ഇറാൻ അതിർത്തിയാണ്.

സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്മദുൽ കബീർ രിഫാഇ(ഖ.സി) സാന്നിധ്യമാണ് ഈ നാടിനെ പ്രശസ്തിയിലേക്ക് കൈപിടിച്ചുയർത്തിയത്. അവിടുത്തെ സ്മരണകളിലേക്ക് സന്ദർശകരുടെ ശ്രദ്ധ ക്ഷണിക്കുന്ന നിരവധി സ്മാരകങ്ങളുണ്ട് ഉമ്മു അബീദയിൽ. ശൈഖവർകളുടെ പേരിലുള്ള വിദ്യാലയങ്ങളും കച്ചവട സ്ഥാപനങ്ങളും അവിടെ കാണാം.

മഗ്‌രിബ് ബാങ്ക് കൊടുത്ത ഉടനെയാണ് ഞങ്ങളുടെ യാത്രാ സംഘം ശൈഖ് രിഫാഇ (ഖ.സി)യുടെ മഖ്ബറയിൽ എത്തുന്നത്. ഇന്ത്യക്കാരെ കണ്ടതും ശൈഖ് അബൂബക്ർ അഹ്മദിനെ അറിയുമോ എന്നായിരുന്നു മഖ്ബറ പരിപാലകനും ശൈഖ് രിഫാഇ തങ്ങളുടെ പൗത്രനുമായ സയ്യിദ് അലി രിഫാഇയുടെ ചോദ്യം. സുൽത്വാനുൽ ഉലമ ഉസ്താദവർകൾ അവിടെ സന്ദർശിച്ചതിന്റെ ചിത്രവും അദ്ദേഹത്തിന്റെ സഹായി കാണിച്ചു തന്നു.
ചെറുപ്പം മുതൽ ശൈഖ് രിഫാഈ തങ്ങളുടെ ഓർമകൾ മനസ്സിൽ താലോലിക്കുന്നവരാണല്ലോ കേരളീയർ. രിഫാഇ മാലയും റാതീബും ത്വരീഖതും നമുക്ക് സുപരിചിതമാണ്. അത്രത്തോളം ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒരു മഹാന്റെ അന്ത്യവിശ്രമ കേന്ദ്രമെന്ന നിലയിൽ വികാര നിർഭരമായിരുന്നു ഉമ്മു അബീദ യാത്ര.

ആധ്യാത്മജ്ഞാനികളിൽ ശ്രേഷ്ഠനായിരുന്നു ശൈഖ് രിഫാഇ. വിശ്രുത സ്വൂഫിവര്യൻ, രിഫാഇ ത്വരീഖതിന്റെ സ്ഥാപകൻ, ഖുതുബുൽ അഖ്താബ്. അങ്ങനെ പലവിധ വിശേഷണങ്ങൾക്ക് അർഹരായവർ.
ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബതാഇഹിലെ ഉമ്മു അബീദ ഗ്രാമത്തിലായിരുന്നു ജനനം.

പിതാവ് അബുല്‍ ഹസന്‍ അലി. മാതാവ് ഉമ്മുല്‍ ഫള്ല്‍ ഫാത്തിമ. മുത്ത് നബി(സ്വ)യിലേക്കാണ് ആ പരമ്പര ചെന്നെത്തുന്നത്. അഗാധ ജ്ഞാനിയും വശ്യമായ പ്രഭാഷണ ശൈലിക്ക് പേരുകേട്ടവരുമായിരുന്നു ശൈഖ് രിഫാഇ(ഖ.സി). ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവിടുത്തെ ആത്മീയ സരണിക്ക് ആഴത്തിലുള്ള വേരോട്ടമുണ്ട്. കേരളവും അതിൽ നിന്ന് വിഭിന്നമല്ല.
കാരുണ്യത്തിന്റെ പ്രതീകമായിരുന്നു രിഫാഈ ശൈഖ്. ദുർബലർക്കും അശരണർക്കും സാന്ത്വന സ്പർശമേകിയവർ. കുഷ്ഠരോഗം ബാധിച്ച നായയെ പരിചരിക്കുകയും പൂച്ചയുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി തന്റെ കോട്ട് മുറിച്ചു മാറ്റുകയും ചെയ്തത് വിശ്രുതമാണ്. മാറാവ്യാധികൾ നിമിഷനേരം കൊണ്ട് ചികിത്സിച്ചു ഭേദമാക്കിയതുൾപ്പെടെ നിരവധി അത്ഭുത സിദ്ധികൾ പ്രകടിപ്പിച്ചിട്ടുണ്ട്.
“മോനേ, ഈ തൊലി കളയാത്ത ഗോതമ്പ് എടുത്തിട്ട് എന്തുകാര്യം?. അത് ഭക്ഷ്യയോഗ്യമാക്കാൻ നീ പ്രയാസപ്പെടേണ്ടേ. എന്റെ കൂടെ വരൂ. അപ്പുറത്ത് ഗോതമ്പ് പൊടി സൂക്ഷിച്ചിട്ടുണ്ട്. ഞാനെടുത്ത് തരാം. അതാകുമ്പോൾ പാചകം ചെയ്യാൻ എളുപ്പമാകുമല്ലോ’. ഗോതമ്പ് മോഷ്ടിക്കാൻ വീട്ടിൽ കയറിയ കള്ളനോട് ശൈഖവർകളുടെ ചോദ്യം. പിടിക്കപ്പെട്ടതിന്റെ ജാള്യതയിൽ വിറങ്ങലിച്ചു നിൽക്കുന്ന അയാൾക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. എന്താണീ കേൾക്കുന്നത്?!. വീട്ടുടമ തന്നെ പ്രഹരിക്കാൻ കൂടുതൽ അവസരം കണ്ടെത്തുകയാണോ. അയാൾക്ക് ഭയം വർധിച്ചു.

പക്ഷേ, ആർദ്രതയുടെ ആൾരൂപമായ രിഫാഇ ശൈഖിന്റെ മനം സഹജീവി സ്നേഹത്താൽ തുടിക്കുകയായിരുന്നു അപ്പോൾ. അവിടുന്ന് കള്ളനെ അകത്തേക്ക് ആനയിച്ചു. കൈവശമുള്ള സഞ്ചി നിറയെ ഗോതമ്പുപൊടി നല്‍കി സത്കരിച്ചു. മാത്രമല്ല, പാതിരാത്രിയില്‍ വല്ല അപായവും സംഭവിച്ചേക്കുമോ എന്ന പേടിയാൽ ഗ്രാമാതിര്‍ത്തി വരെ അയാളെ അനുഗമിക്കുകയും ചെയ്തു.
നവ്യാനുഭവമായിരുന്നു അയാൾക്കിത്. താനെത്രയോ സ്ഥലത്ത് മോഷണം നടത്തിയിട്ടുണ്ട്. ഇത്ര സൗമ്യമായി തന്നോടാരും ഇതുവരെ പെരുമാറിയിട്ടില്ല. പശ്ചാതാപ വിവശനായ അയാൾ വൈകാതെ തിരികെയെത്തി. തൗബ ചെയ്ത് ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ചു!.

ഒരു ജീവിയെപ്പോലും നോവിക്കാത്തവരായിരുന്നു ശൈഖ് രിഫാഇ. ഒരിക്കൽ ഗുരുനാഥനായ ശൈഖ് മൻസൂർ ശൈഖവർകളുടെ കൈയിൽ ഒരു കത്തി നൽകി അൽപ്പം പുല്ല് പറിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം തിരിച്ചുവന്നത് ശൂന്യമായ കരങ്ങളോടെയായിരുന്നു. “എന്തേ പുല്ല് പറിക്കാതെ മടങ്ങിയത്?’ ഗുരുചോദിച്ചു. “ഞാൻ പുല്ല് പറിക്കാൻ ശ്രമിച്ചെങ്കിലും അവയെല്ലാം അല്ലാഹുവിന് തസ്ബീഹ് ചൊല്ലുകയായിരുന്നു. അതുകൊണ്ടെനിക്ക് പറിക്കാൻ തോന്നിയില്ല’ എന്നായിരുന്നു പ്രതികരണം.

ഹിജ്റ 578 ജമാദുല്‍ ഊലാ 12 ന് വ്യാഴാഴ്ച ളുഹ്റിന്റെ സമയത്തായിരുന്നു ശൈഖവർകളുടെ വിയോഗം. വൻജനാവലിയാണ് അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സംഗമിച്ചതെന്ന് ചരിത്രഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Latest