Connect with us

Editors Pick

രക്ഷാവഴി നിർമിച്ചില്ല; തുരങ്ക ദുരന്തത്തിനിടയാക്കിയത് നിർമാണ കമ്പനിയുടെ വീഴ്ച

സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ അനുസരിച്ച്, 3 കിലോമീറ്ററിലധികം ദൈർഘ്യമുള്ള എല്ലാ തുരങ്കങ്ങൾക്കും ദുരന്തമുണ്ടായാൽ ആളുകളെ രക്ഷിക്കാൻ ഒരു "രക്ഷാവഴി" അനിവാര്യമാണ്. എന്നാൽ 4.5 കിലോമീറ്ററുള്ള സിൽക്യാര ടണലിനായി അത്തരമൊരു രക്ഷാവഴി് ആസൂത്രണം ചെയ്‌തെങ്കിലും നിർമിച്ചില്ലെന്ന് വ്യക്തമാക്കുന്ന ഭൂപടം പുറത്തുവന്നു.

Published

|

Last Updated

ഡെറാഡൂൺ | ഉത്തരാഖണ്ഡിൽ നിർമ്മാണം നടക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്ന് 41 തൊഴിലാളികൾ കഴിഞ്ഞ 160 മണിക്കൂറിലേറയായി കുടുങ്ങിക്കിടക്കുന്ന സംഭവത്തിൽ തുരങ്കനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച്ച സംഭവിച്ചതായി വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ അനുസരിച്ച്, 3 കിലോമീറ്ററിലധികം ദൈർഘ്യമുള്ള എല്ലാ തുരങ്കങ്ങൾക്കും ദുരന്തമുണ്ടായാൽ ആളുകളെ രക്ഷിക്കാൻ ഒരു “രക്ഷാവഴി” അനിവാര്യമാണ്. എന്നാൽ 4.5 കിലോമീറ്ററുള്ള സിൽക്യാര ടണലിനായി അത്തരമൊരു രക്ഷാവഴി് ആസൂത്രണം ചെയ്‌തെങ്കിലും നിർമിച്ചില്ലെന്ന് വ്യക്തമാക്കുന്ന ഭൂപടം പുറത്തുവന്നു. വ്യാഴാഴ്ച തുരങ്കം തകർന്ന സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി വി കെ സിംഗ് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തൊഴിലാളികളെ രക്ഷിക്കുമെന്ന് പറഞ്ഞ് ഈ ഭൂപടം പ്രദർശിപ്പിച്ചിരുന്നു .

ആസൂത്രണം ചെയ്തരീതിയിൽ രക്ഷപ്പെടാനുള്ള വഴി നിർമിച്ചിരുന്നെങ്കിൽ തൊഴിലാളികളെ ഇപ്പോഴെങ്കിലും രക്ഷിക്കാമായിരുന്നെന്നാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ചില കുടുംബാംഗങ്ങളും മറ്റ് തൊഴിലാളികളും പറയുന്നത്. തകർച്ചയോ മണ്ണിടിച്ചിലോ മറ്റെന്തെങ്കിലും ദുരന്തമോ ഉണ്ടായാൽ വാഹനങ്ങളിൽ കടന്നുപോകുന്ന ആളുകളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുരങ്കങ്ങൾ നിർമ്മിച്ചതിന് ശേഷവും ഇത്തരം രക്ഷാവഴികൾ നിർമ്മിക്കാറുണ്ട് .

ഞായറാഴ്ച രാവിലെ മുതൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ബദൽ പദ്ധതികൾ നടപ്പിലാക്കിവരികയാണ്. 41 നിർമാണത്തൊഴിലാളികളുടെ കുടുംബാംഗങ്ങളിൽ ഭൂരിഭാഗംപേരും കുടിയേറ്റക്കാരാണ്. തുരങ്കത്തിനുള്ളിൽ നിന്നും ഒരു വലിയ പൊട്ടൽ ശബ്ദത്തോടെ അമേരിക്കൻ പണിയായുധങ്ങളും ഡ്രിൽ മെഷീനും പ്രവർത്തനരഹിതമായത് കുടുംബാഗങ്ങളെആകെ ഭയപ്പാടിലാക്കിയിരിക്കുകയാണ്.

രക്ഷാപ്രവർത്തനം വെള്ളിയാഴ്ച തന്നെ വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകൾ സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു. തൊഴിലാളികളെ പുറത്തെടുക്കാൻ ഇതുവരെ മൂന്ന് വഴികൾ പരീക്ഷിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടർന്ന് മറ്റു മൂന്ന് വഴികൾ തയ്യാറാക്കിവരികയാണ് അധികൃതർ .

പ്ലാൻ എ പ്രകാരം ബുൾഡോസർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തൊഴിലാളികളെ രക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ പാറ ഇളകിയതാണെന്നും നീക്കം ചെയ്ത വസ്തുക്കളുടെ സ്ഥാനത്ത് കൂടുതൽ അവശിഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കി അത് ഉപേക്ഷിച്ചു.

പ്‌ളാൻ ബി അനുസരിച്ച് കുടുങ്ങിയ തൊഴിലാളികളുടെ അടുത്തേക്ക് 900 എംഎം പൈപ്പ് ഓഗർ മെഷീൻ എത്തിച്ച് പൈപ്പിലൂടെ ഇഴഞ്ഞ് തൊഴിലാളികളെ പുറത്തെത്തിക്കുക എന്നായിരുന്നു ലക്ഷ്യം. എന്നാൽ യന്ത്രം ശക്തമല്ലാത്തതിനാൽ ആ പദ്ധതിയും വിജയിച്ചില്ല. ഇത്തരത്തിൽ മൂന്നോ, നാലോ പദ്ധതികൾ ആവിഷ്‌കരിച്ചെങ്കിലും തൊഴിലാളികളുടെ സുരക്ഷയെ മാനിച്ച് ഒഴിവാക്കുകയായിരുന്നു.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ കാര്യത്തിൽ നിലവിൽ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് കുടുംബാഗങ്ങൾ. ആരോഗ്യനില വഷളാകുന്നതിന് മുമ്പ് അവരെ വേഗത്തിൽ രക്ഷിക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് സമഗ്രമായ പുനരധിവാസത്തിന്റെ ആവശ്യകതയാണ് ഡോക്ടർമാർ ഊന്നിപ്പറയുന്നത്. തുരങ്കത്തിനുള്ളിൽ ദിവസങ്ങളോളം കുടുങ്ങി കിടക്കുന്നത് തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.

Latest