Connect with us

Book Review

മായ്ക്കാനാകാത്ത പഴമയുടെ നിത്യപുതുമ

അന്താരാഷ്ട്ര ബന്ധത്തിലേക്ക് കേയികുടുംബം ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായിരുന്നു മക്കയിലെ കേയിറുബാത്ത്. കേയി താവഴിയിലെ മറ്റൊരു പ്രശസ്തനായ മായൻകുട്ടി എളിയ ഭാര്യാസമേതം ഹജ്ജിന് പോയപ്പോൾ അവർക്ക് താമസിക്കാൻ സ്ഥലം വാങ്ങി പണിത കെട്ടിടമാണ് കേയിറുബാത്ത്.

Published

|

Last Updated

കണ്ണൂരിലെ ചൊവ്വയിൽ നിന്ന് തലശ്ശേരിയിലേക്ക് തന്റെ വ്യാപാര സംരംഭങ്ങൾ പറിച്ചുനട്ട ആലുപ്പികാക്കയാണ് കേയി കുടുംബത്തിന്റെ സ്ഥാപകൻ. തലശ്ശേരിയിലെ ബഹുവിധ പ്രധാനങ്ങളായ മുന്നേറ്റങ്ങളുടെ പിതാവ് ആലുപ്പികാക്കയാണ്. തന്റെ ചിറക്കൽ സ്വരൂപത്തിലെ ചൊവ്വ നന്നെ ചെറുതും വ്യാപാര വിപുലീകരണത്തിന് യോജ്യവുമല്ലെന്നറിഞ്ഞ അദ്ദേഹം താവളം തലശ്ശേരിയിലേക്ക് മാറ്റി. അതിന് പ്രധാന കാരണം തുറമുഖത്തിന്റെ അഭാവമായിരുന്നു.
കച്ചവടം പുരോഗതി കൈവരിച്ചു വന്നപ്പോൾ തന്റെ മരുമക്കളിൽ മൂന്ന് പേരെ തലശ്ശേരിയിലേക്ക് കൊണ്ടുവന്നു. അതിൽ സമർഥനായിരുന്നു മൂസ. ആലുപ്പിയെയും മൂസയെയും ഗുജറാത്തി ജോലിക്കാർ കാരണവർ എന്ന അർഥത്തിൽ “കാക്ക’ എന്നു വിളിച്ചു. മറ്റൊരു പ്രധാനിയായിരുന്ന കുഞ്ഞിപ്പക്കി എന്നവരെ കപ്പലിലെ ജോലിക്കാരും മറ്റും കേയി എന്നു വിളിച്ചുതുടങ്ങി. “കേയി’ എന്ന പാർസി പദത്തിന് “നാഥൻ’ എന്നാണ് അർഥം. നിരവധി കപ്പലുകളുടെയും സംരംഭങ്ങളുടെയും ഉടമകളായിരുന്നു കേയിമാർ. അങ്ങനെയാണ് ആലുപ്പി കാക്കയുടെ കുടുംബത്തിന് കേയി എന്ന പേരുണ്ടായത്.

കണ്ണാടി പാണ്ടികശാലയിലും ഓടത്തിൽ പള്ളിയിലും തറവാട് വീടുകളിലും മാത്രം ഒതുങ്ങുന്നതല്ല കേയിമാരുടെ പെരുമയും സേവനങ്ങളും. ആലപ്പുഴ മുതൽ മംഗലാപുരം വരെയുള്ള തീരപ്രദേശങ്ങളിൽ കേയിമാരുടെ സാന്നിധ്യം സജീവമായിരുന്നു. അവരുടെ വ്യാപാര ബന്ധങ്ങൾക്കും സേവനങ്ങൾക്കും സംസ്ഥാനാതിർത്തിക്കപ്പുറത്തേക്കും വ്യാപ്തിയുണ്ടായിരുന്നു. മുംബൈയിലെ മലബാർ ഹില്ലിന് ആ പേരു വന്നതുതന്നെ കേയി കുടുംബവുമായി ബന്ധപ്പെട്ടാണ്. മൂസക്കാക്ക സമ്പാദിച്ചതായിരുന്നു മലബാർ ഹില്ല്. കൂടാതെ ബോംബെ മാപ്പിള മസ്ജിദും ഗുജറാത്തിലെ ഉപ്പു പടന്നയും കേയിമാരുടെ കൈവശമായിരുന്നു. മുന്നൂറ് വർഷങ്ങൾക്ക് മുമ്പ് തന്നെ ദേശീയ തലത്തിലേക്ക് വളർന്നുവന്ന ശൃംഖലകളുടെ ഉടമകളും കേയിമാരായിരുന്നു.
അതിനുമപ്പുറം അന്താരാഷ്ട്ര ബന്ധത്തിലേക്ക് കേയികുടുംബം ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായിരുന്നു മക്കയിലെ കേയിറുബാത്ത്. കേയി താവഴിയിലെ മറ്റൊരു പ്രശസ്തനായ മായൻകുട്ടി എളിയ ഭാര്യാസമേതം ഹജ്ജിന് പോയപ്പോൾ അവർക്ക് താമസിക്കാൻ സ്ഥലം വാങ്ങി പണിത കെട്ടിടമാണ് കേയിറുബാത്ത്. ഇത് കേരളത്തിലെ ഹാജിമാർക്ക് സൗജന്യമായി താമസിക്കാൻ വഖ്ഫ് ചെയ്യുകയും ചെയ്തു. ഹറം വികസനത്തിന്റെ ഭാഗമായി സഊദി സർക്കാർ കേയിറുബാത്ത് അക്വയർ ചെയ്ത് എടുത്തത് കൊണ്ട് ഇന്ന് കേയിറുബാത്ത് നിലവിലില്ല.
കേയിമാർ നിരവധി പള്ളികൾ നിർമിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പള്ളിയാണ് ഓടത്തിൽ പള്ളി. ശിൽപ്പ ചാരുതയിലും രൂപകൽപ്പനയിലും ഏറെ മുമ്പിൽ നിൽക്കുന്നതാണത്. സന്ദർശകർക്ക് ഒരു വിസ്മയമാണ് ഓടത്തിൽ പള്ളി. അവതാരികയിൽ പേരോട് അബ്ദുർറഹ്്മാൻ സഖാഫി എഴുതിയത് പോലെ ഒരു പുതുമക്കും മായ്ക്കാനാകാത്ത പഴമയുടെ നിത്യ പുതുമയാണ് ഓടത്തിൽ പള്ളി.

പുതുതലമുറയിലെ അധികമാളുകൾക്കും അറിയാത്ത കേയികുടുംബത്തിന്റെ ചരിത്രവും വർത്തമാനവുമാണ് ജീവിച്ചിരിക്കുന്ന കുടുംബ കാരണവന്മാരിൽ പ്രധാനിയായ സി കെ പി അബ്ദുറഹിമാൻ കേയി ( ബാവുക്കേയി) രചിച്ചിരിക്കുന്ന “കേയി- ചരിത്രവും വർത്തമാനവും’ എന്ന ഗ്രന്ഥം. കേയി തറവാടിനെപ്പറ്റി കൂടുതൽ പഠനം ആവശ്യപ്പെടുന്ന രചന നടത്തിയിരിക്കുന്ന ബാവുക്കേയി കേരള മുസ്‌ലിം ജമാഅത്ത് സ്റ്റേറ്റ് കൗൺസിലറും ഒരു നല്ല അന്വേഷകനും സംഘാടകനുമാണ്. ഡിസൈൻ പബ്ലിഷേഴ്‌സ് തലശ്ശേരിയാണ് ഇതിന്റെ പ്രസാധനം നിർവഹിച്ചിരിക്കുന്നത്.

പുസ്തകത്തിലെ ഉള്ളടക്കത്തിലേക്കും ഗഹനതകളിലേക്കും ഈ ലഘുകുറിപ്പിൽ ഇറങ്ങിച്ചെല്ലുന്നില്ല. തത്പരർ സംഘടിപ്പിച്ചു വായിക്കണമെന്ന പ്രതീക്ഷയുണ്ട്. കുടുംബ വേരുകളറിയാൻ ഉളംതലമുറക്ക് വഴിയൊരുക്കുകയും പൂർവികരുടെ സേവനതത്പരതയും വൈജ്ഞാനിക പ്രദാന പ്രവർത്തനങ്ങളും അതുവഴി രൂപപ്പെട്ടുവന്ന സംസ്‌കാരവും വർത്തമാനത്തിൽ ഏറെ പ്രസക്തമാണ്. സൗഹൃദത്തിന്റെ നറുതിരികളായിരുന്നു അവർ കത്തിച്ചുവെച്ചത്. മതസൗഹാർദത്തിന്റെ ഉത്തമ മാതൃകകൾ ഈ രചനയിലുണ്ട്.

കോട്ടയം രാജാവിൽ നിന്ന് സ്ഥലം വാങ്ങിച്ചു പണിതുയർത്തിയ നിത്യസ്മാരകങ്ങളും ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയ ഓടത്തിൽ പള്ളി നിൽക്കുന്ന സ്ഥലവും തുടങ്ങി വ്യാപാര കേന്ദ്രങ്ങളും മസ്ജിദുകളും മറ്റു കേന്ദ്രങ്ങളും കൊണ്ട് നിറഞ്ഞുനിൽക്കുന്ന തലശ്ശേരിയുടെ ചരിത്രത്തിൽ ഒരിക്കലും മാഞ്ഞുപോകാത്ത സ്ഥിരമുദ്രകളാണ് കേയികുടുംബനാമം. തീർത്തും കാലഘട്ടം ആഗ്രഹിക്കുന്ന ചരിത്ര വർത്തമാനങ്ങൾ ലളിത ഭാഷയിലും ശൈലിയിലും നിർവഹിച്ച ബാവുക്കേയി എല്ലാ ഭാവുകങ്ങളും അർഹിക്കുന്നു. ഇതൊരു സുകൃതമായി ഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.