Connect with us

Milad 2021

അനുരാഗത്തിന്റെ അനശ്വരത

ദേശ ഭാഷാ ഭേദമന്യേ അനുസ്യൂതമായി പ്രവഹിക്കുന്ന കാവ്യധാരകള്‍ പ്രവാചക ജീവിതത്തിലെ സകല മേഖലകളെയും അവിടുത്തെ വ്യക്തിത്വത്തെയും പരാമർശിക്കുന്നുണ്ട്. കവി വർണനകൾക്കതീതമായിരുന്നു അവിടുത്തെ അപദാനങ്ങൾ. ജേതാവ്, നേതാവ്, വിമോചകൻ, പണ്ഡിതൻ, വിശ്വഗുരു, പോരാളി, തൊഴിലാളി, നിയമജ്ഞൻ, വിധികർത്താവ്, കുടുംബനാഥൻ, ഭരണാധികാരി... തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെടുന്ന സർവ വിഷയങ്ങളെയും കാലദേശങ്ങളെയും ഉൾക്കൊള്ളുന്ന മാതൃകാജീവിത വ്യവസ്ഥിതിയായിരുന്നു അവിടുത്തേത്. വലിയ തത്വങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിച്ച് മാറിനിൽക്കുകയായിരുന്നില്ല, മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിച്ച് മാതൃക സൃഷ്ടിക്കുകയായിരുന്നു.

Published

|

Last Updated

ജീവിതത്തിന് അഴകും അര്‍ഥവും പകരുന്നത് പരസ്പരം പ്രകടിപ്പിക്കുന്ന സ്നേഹഭാവങ്ങളാണ്. ബാഹ്യമായ പ്രകടനങ്ങളോ കൃത്രിമമായ വികാരങ്ങളോ ശാരീരിക തൃഷ്ണകളെ പൂർത്തിയാക്കുന്നതിനുള്ള താത്കാലിക താത്പര്യങ്ങളോ അല്ല യഥാർഥ സ്നേഹം. ഭൗതികമായ സുഖങ്ങൾക്കു വേണ്ടിയുള്ള വികാരങ്ങളെ കാമം എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
കളങ്കമോ കലർപ്പോ ഇല്ലാതെ മനസ്സിന്റെ അകതാരിൽ നിന്നുള്ള ഒരു ആന്തരിക പ്രതിഭാസമാണ് സ്നേഹം. നിറം കെട്ടാലും സൗന്ദര്യം നഷ്ടപ്പെട്ടാലും അത് മങ്ങിപ്പോകില്ല. മനസ്സുകൾ തമ്മിലുള്ള ചേർച്ചയിലൂടെയാണ് അത് രൂപപ്പെടുന്നത്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹവും അനുരാഗവും ആർജിച്ചെടുക്കാനും പരസ്പര പങ്കുവെക്കലിലൂടെ അവ ശക്തിപ്പെടുത്താനും സാധിക്കുന്നു.

സ്നേഹത്തിന് വിവിധ ഭാവങ്ങളുണ്ട്. അമ്മയും കുഞ്ഞും തമ്മിൽ, ഗുരുവും ശിഷ്യനും തമ്മിൽ, ഇണയും തുണയും തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, സുഹൃത്തുക്കൾ തമ്മിൽ, സഹജീവികൾ തമ്മിൽ, പ്രണയികൾ തമ്മിൽ… ഇങ്ങനെ നീളുന്നു സ്നേഹവായ്പുകളുടെ പട്ടിക. ഒരോന്നിനും അതിന്റെതായ അർഥതലങ്ങളും ആശയലോകവുമുണ്ട്.

സ്നേഹമെന്ന വികാരം വിടർന്നു പുഷ്പിക്കുമ്പോൾ പ്രണയമായി മാറുന്നു. പ്രണയത്തെ പൂർണമായും മനസ്സിലാക്കാനോ വിശദീകരിക്കാനോ കഴിയില്ല. ഒരു പ്രണയിക്ക് മാത്രമേ പ്രണയത്തെ കുറിച്ച് മൊഴിയാനാകുകയുള്ളൂ. പ്രണയഭാഷ ഗ്രഹിക്കാനും പ്രേമഭാജനത്തോടുള്ള സംസാരവും പെരുമാറ്റവും മനസ്സിലാക്കാനും മറ്റൊരു പ്രണയിക്കേ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് പ്രമുഖ തത്വചിന്തകൻ പ്ലേറ്റോ പ്രണയത്തെ ഒരു തരം ഗുരുതരമായ മാനസിക രോഗമെന്ന് വിശേഷിപ്പിച്ചത് – “Love is a serious mental disease.’ സൂഫി സാഹിത്യത്തിലെ അഗ്രഗണ്യനായ ജലാലുദ്ദീന്‍ റൂമിയോട് പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു :
“പ്രണയം നിർവചനാതീതമാണ്.

എപ്പോള്‍ നീ എന്നെപ്പോലെ ഒരനുരാഗിയാകുന്നുവോ അപ്പോള്‍ നിനക്കതിന്റെ പൊരുളറിയാം. അത് വാക്കുകളാല്‍ വർണിക്കുന്നവര്‍ പ്രണയമനുഭവിക്കാത്തവനാണ്.
പ്രണയം മനുഷ്യനെ സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു. മനസ്സിനെ മയക്കുന്ന ഒരു തരം ലഹരിയാണത്. ചിലപ്പോൾ മനുഷ്യനെ മത്ത് പിടിപ്പിച്ച് ഭ്രാന്തനാക്കുകയും അവന്റെ ചിന്തകളെയും വികാരത്തെയും വേർപിരിയാതെ പിന്തുടരുകയും ഉപബോധ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. പ്രണയത്തിന്റെ തോതനുസരിച്ചാണ് പ്രേമഭാജനത്തെ മനസ്സിൽ കുടിയിരുത്തുകയും അതിന്റെ അനുരണനങ്ങൾ പ്രകടമാകുകയും ചെയ്യുന്നത്. പ്രണയം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ ആദരവും ബഹുമാനവും വിശ്വാസവും കടപ്പാടും ശക്തിപ്പെടുന്നു.

പ്രണയത്തിന് മതപരവും ലൗകികവുമായ തലങ്ങളുണ്ട്. പ്രണയം നല്ലവരോടാകുമ്പോള്‍ അത് പുണ്യകർമമായിത്തീരുന്നു. ഭാര്യ ഭര്‍ത്താക്കള്‍ക്കിടയിലെ പ്രണയം സന്തുഷ്ട കുടുംബസൃഷ്ടിപ്പിനും സന്താനോത്പാദനത്തിനും ശിശുപരിപാലനത്തിനും അനിവാര്യമാണ്. മഹാന്മാരോടുള്ള ഇഷ്ടം അവരോടൊപ്പമുള്ള സ്വർഗപ്രവേശനത്തിന് കാരണമാകുമെന്ന് ശൈഖ് അബുൽ ഹസൻ ശാദുലി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. (ത്വബഖാതുശ്ശാദുലിയ്യ)
വിശ്വാസിയുടെ ജീവിതത്തിൽ അനിവാര്യവും അത്യന്താപേക്ഷിതമായുമുണ്ടാകേണ്ട ഒന്നാണ് പ്രവാചക പ്രണയമെന്ന് പ്രമാണങ്ങൾ പറയുന്നു. അല്ലാഹുവിന്റെ പ്രീതിയും സ്വർഗ പ്രവേശവും അതു മുഖേന ലഭിക്കും (തിർമിദി). ഏറ്റവും വലിയ പ്രേമഭാജനം തിരുനബി(സ)യാകുമ്പോഴാണ് ഏതൊരാളുടെയും വിശ്വാസം പൂര്‍ണമാകുന്നത്. അനസ്(റ)വിൽ നിന്നും നിവേദനം.നബി(സ) പറഞ്ഞു: “സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും സർവ ജനങ്ങളെക്കാളും ഞാന്‍ ഏറ്റവും പ്രിയപ്പെട്ടവനാകുന്നത് വരെ നിങ്ങളില്‍ ആരും പൂർണ വിശ്വാസിയാകുകയില്ല’ (ബുഖാരി). അതിരുകളില്ലാത്ത പ്രവാചക പ്രേമം വിശ്വാസിയുടെ ഈമാനിക ജീവിതത്തെ മാറ്റ് കൂട്ടുകയും പ്രശോഭിതമാക്കുകയും ചെയ്യുന്നു.

നക്ഷത്രതുല്യരായ സ്വഹാബാക്കളും സാത്വികരായ പണ്ഡിതരും സജ്ജനങ്ങളും പ്രവാചക പ്രേമത്തിന്റെ (ഇശ്ഖ്) പാരമ്യത്തിൽ എത്തിയവരായിരുന്നു. ഇശ്ഖിൽ ലയിച്ച് മദീനയിലെ മലർവാടിയിൽ അഭിരമിച്ച അനേകം ആശിഖുകളെ ചരിത്രത്തിൽ ദർശിക്കാവുന്നതാണ്. അന്ത്യനാളിനെ കുറിച്ച് അന്വേഷിച്ച അനുചരനോട് നബി(സ) തിരിച്ചു ചോദിച്ചതിങ്ങനെ: സുഹൃത്തെ, അന്ത്യനാളിനെ വരവേൽക്കാൻ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് താങ്കൾ ചെയ്തുവെച്ചത് ? ഏറെ നിസ്കാരങ്ങളും വ്രതവും ദാനധർമങ്ങളുമൊന്നുമെനിക്കില്ല. പക്ഷേ, ഞാന്‍ അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും അതിയായി സ്നേഹിക്കുന്നു. സ്വഹാബി മറുപടി പറഞ്ഞു. ഇതുകേട്ട നബി(സ) തുടര്‍ന്നു. നീ ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമാണ്. അപ്പോൾ സദസ്യർ ഒന്നടങ്കം ചോദിച്ചു: ഞങ്ങളും അങ്ങനെത്തന്നെയാണോ നബിയേ? അതെ, എന്നായിരുന്നു അവിടുത്തെ മറുപടി. പ്രസ്തുത സദസ്സിൽ പങ്കെടുത്ത പ്രമുഖ സ്വഹാബി അനസ്(റ)പറയുന്നു: അന്നേ ദിവസത്തേക്കാൾ അത്യധികം സന്തോഷിച്ച മറ്റൊരു ദിനം ഞങ്ങൾക്കുണ്ടായിരുന്നില്ല. (മുസ്്ലിം)

പ്രണയികളുടെ ലോകം വിശാലവും വ്യത്യസ്തവുമാണ്. പ്രണയികളുടെ വേദന മറ്റുവേദനകളെപോലെയല്ല. ആകയാൽ തിരുനബിയുടെ ഹദീസുകളുദ്ധരിക്കുമ്പോൾ, അപദാനങ്ങൾ ഉരുവിടുമ്പോൾ, അവിടുത്തെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉച്ചരിക്കുമ്പോൾ ഹൃദയവികാരം നിറഞ്ഞുതുളുമ്പി മോഹാലസ്യപ്പെട്ട് നിശ്ചലമായിപ്പോയ നിരവധി പ്രണയികളെ ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നബി(സ)യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവര്‍ണമാകുമായിരുന്നു. പുണ്യ റസൂലി(സ)ന്റെ പാദസ്പർശമേറ്റ മദീനയിലെ മണൽ പരപ്പിലൂടെ ഒട്ടക സവാരി നടത്താന്‍ അവിടുന്ന് വിമുഖത കാണിച്ചിരുന്നു. ആളുകള്‍ ഒരു പ്രവാചക വചനത്തെപ്പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുല്‍ മുന്‍കദിര്‍(റ) കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുർറഹ്മാന്‍ ഇബ്‌നുല്‍ ഖാസിമി(റ)ന്റെ നാവ് വരണ്ടുപോകുമായിരുന്നു.

പ്രവാചക പ്രേമത്താൽ വിരചിതമായ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ നിരവധി കവികൾ ചരിത്രത്താളുകളിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രകീര്‍ത്തന കാവ്യ രചനക്ക് നാന്ദി കുറിച്ചത് പ്രമുഖ സ്വഹാബി വര്യർ ഹസാനുബ്‌നു സാബിത്(റ) ആയിരുന്നു. അദ്ദേഹത്തിന് തിരുനബി(സ) പള്ളിയില്‍ പ്രത്യേകം പീഠം സംവിധാനിക്കുകയും കാവ്യാഭിരുചിയുടെ പൊലിമക്കുവേണ്ടി പ്രാർഥന നടത്തുകയും ചെയ്തിരുന്നു. ശാഇറു റസൂലില്ലാഹ് (നബി(സ)യുടെ കവി) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ചരിത്രത്തില്‍ ഇടം നേടിയ പ്രവാചക പ്രകീര്‍ത്തകരില്‍ വേറിട്ട വ്യക്തിത്വമാണ് കഅ്ബ്്ബ്നു സുഹൈർ(റ). തിരുസന്നിധിയിൽ വെച്ച് “ബാനത് സുആദ്’ എന്ന കീർത്തന കാവ്യം മനോഹരമായി ആലപിച്ചപ്പോൾ അവിടുത്തെ പുണ്യ സിരസ്സിലെ പുതപ്പ് സമ്മാനമായി നൽകുകയും പ്രചോദനത്തിന്റെ പ്രകാശം പകർന്നു നൽകുകയും ചെയ്തു. ലോകപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗികളുടെ നേതാവുമായ ഇമാം ശറഫുദ്ദീൻ മുഹമ്മദ്ബ്‌നു സഈദിൽ ബൂസൂരി(റ) തിരുനബി വർണനയിൽ അഭിരമിച്ച അതുല്യ വ്യക്തിത്വമായിരുന്നു.

ഇമാം ബൂസൂരി (റ) യുടെ പ്രകീർത്തന കാവ്യം ലോകത്ത് വിരചിതമായ പ്രവാചക പ്രകീർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയവും പ്രസിദ്ധവുമാണ്. ബുർദയിലെ ഓരോ വരിയും കാവ്യസാഹിതീയതയുടെ സൗകുമാര്യതയും ഭാവാത്മകതയും പാരമ്യതയിലെത്തിയതാണ്. പ്രവാചക പ്രേമികളെ ഇശ്ഖിൻ തീരത്തെത്തിക്കുന്നതിന് ഇമാം ബൂസൂരി(റ)യുടെ ഖസീദത്തുൽ ബുർദയേക്കാൾ മറ്റൊരു കാവ്യശകലവും ലോകത്ത് വിരചിതമായിട്ടില്ലെന്ന് ഇമാം സുയൂഥി(റ) പറഞ്ഞിട്ടുണ്ട്.

നൂറുകണക്കിന് ലോക പണ്ഡിത പ്രതിഭകൾ ബുർദയെ വിശദീകരിച്ച് കിതാബുകൾ രചിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ 300 ൽ പരം ലോകോത്തര ഭാഷകളിലേക്ക് ബുർദ വിവർത്തനം നടന്നിട്ടുണ്ടെന്നും “ഹിസ്റ്ററി ഓഫ് ദ അറബിൽ’ ഫിലിപ് കെ ഹിറ്റി അഭിപ്രായപ്പെടുന്നു.
പ്രകീർത്തന കാവ്യങ്ങളിൽ ഇന്ത്യൻ സാന്നിധ്യവും ശ്രദ്ധേയമാണ്. മഹാനായ ഉമറുൽ ഖാഹിരി(റ)യുടെ അല്ലഫൽ അലിഫും അഹ്മദ് റസാഖാന്‍ ബറേല്‍വി, അല്ലാമാ ഇക്ബാൽ, ഗാലിബ് തുടങ്ങിയവരുടെ ഉർദു കാവ്യങ്ങളുമെല്ലാം ലോക പ്രശസ്തമാണ്. പ്രഗത്ഭരായ അനേകം മലയാള കവികളും തിരുനബി (സ)യെക്കുറിച്ച് ധാരാളം കവിതകള്‍ രചിച്ചിട്ടുണ്ട്. ഉമര്‍ഖാസി(റ)യുടെയും കുണ്ടൂർ ഉസ്താദിന്റെയും പ്രകീർത്തന കാവ്യങ്ങൾ പ്രസിദ്ധമാണ്.

ദേശ ഭാഷാ ഭേദമന്യേ അനുസ്യൂതമായി പ്രവഹിക്കുന്ന കാവ്യധാരകള്‍ പ്രവാചക ജീവിതത്തിലെ സകല മേഖലകളെയും അവിടുത്തെ വ്യക്തിത്വത്തെയും പരാമർശിക്കുന്നുണ്ട്. കവി വർണനകൾക്കതീതമായിരുന്നു അവിടുത്തെ അപദാനങ്ങൾ. ജേതാവ്, നേതാവ്, വിമോചകൻ, പണ്ഡിതൻ, വിശ്വഗുരു, പോരാളി, തൊഴിലാളി, നിയമജ്ഞൻ, വിധികർത്താവ്, കുടുംബനാഥൻ, ഭരണാധികാരി… തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെടുന്ന സർവ വിഷയങ്ങളെയും കാലദേശങ്ങളെയും ഉൾക്കൊള്ളുന്ന മാതൃകാജീവിത വ്യവസ്ഥിതിയായിരുന്നു അവിടുത്തേത്. വലിയ തത്വങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിച്ച് മാറിനിൽക്കുകയായിരുന്നില്ല, മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിച്ച് മാതൃക സൃഷ്ടിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest