Articles
സദാ പുഞ്ചിരിക്കുന്ന മുഖം; അതുല്യ പ്രതിഭ
സദാ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന, എന്നാൽ ഗാംഭീര്യം സ്ഫുരിക്കുന്ന മുഖം. ആകാരം, വശ്യമായ ശൈലി, ഗാംഭീര്യം, ശബ്ദ സൗന്ദര്യം..... എല്ലാറ്റിലും പ്രിയ ഗുരു എ.പി ഉസ്താദിൻ്റെ നേർ പതിപ്പായിരുന്നു. ഉസ്താദിൻ്റെ സഹോദരനാണെന്ന് പലരും തെറ്റിദ്ധരിക്കാൻ മാത്രം സദൃശരായിരുന്നു ഇരുവരും.
ചെറിയ എ.പി ഉസ്താദ് എന്ന് പ്രസ്ഥാന കുടുംബാംഗങ്ങൾ സ്നേഹ പൂർവം വിളിക്കുന്ന കാന്തപുരം എ.പി മുഹമ്മദ് മുസ് ലിയാർ എന്ന പണ്ഡിത പ്രതിഭയും വിട വാങ്ങി. ഏതാനും മാസങ്ങളായി ചെറിയ ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും പെടുന്നനെ രോഗം കൂടി പടിയിറങ്ങുകയായിരുന്നു.
പാണ്ഡിത്യം, പ്രഭാഷണം, അധ്യാപനം…. നാനാതുറകളിൽ അതുല്യ പ്രതിഭയായിരുന്നു അവർ.സദാ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന, എന്നാൽ ഗാംഭീര്യം സ്ഫുരിക്കുന്ന മുഖം. ആകാരം, വശ്യമായ ശൈലി, ഗാംഭീര്യം, ശബ്ദ സൗന്ദര്യം….. എല്ലാറ്റിലും പ്രിയ ഗുരു എ.പി ഉസ്താദിൻ്റെ നേർ പതിപ്പായിരുന്നു. ഉസ്താദിൻ്റെ സഹോദരനാണെന്ന് പലരും തെറ്റിദ്ധരിക്കാൻ മാത്രം സദൃശരായിരുന്നു ഇരുവരും.
ചെറിയ പ്രായത്തിലെ ഉസ്താദുമായി ഇടപഴകാനും ആ സ്നേഹം ആസ്വദിക്കാനും അവസരമുണ്ടായിട്ടുണ്ട്. വേദികളിൽ എഴുന്നേറ്റു നിന്നാൽ വശ്യമായ ഭാഷയിലും ശൈലിയിലും അർഥഗർഭവും ഗഹനവുമായ അവതരണം കേട്ട് ‘എവിടെ നിന്നാണീ വാക്കുകൾ ഒഴുകി വരുന്നതെ’ന്ന് ചിന്തിച്ച് പോകാറുണ്ട്. പ്രഭാഷണത്തിന് ഒരു തയ്യാറെടുപ്പും മുന്നൊരുക്കവും കാണാറില്ല. മൈക്കിന് മുന്നിലെത്തിയാൽ വിഷയമേതുമാകട്ടെ, പ്രമാണബദ്ധമായ ഉദ്ധരണികളും ചരിത്രങ്ങളും അനുഭവ ശകലങ്ങളുമെല്ലാം ചേർന്ന വാചകങ്ങളുടെ ഒരൊഴുക്കാണ്.
അന്തരീക്ഷത്തിൽ അലയടിക്കുന്ന, ശ്രോതാക്കളുടെ കർണ്ണ പുടങ്ങളിലൂടെ മനസ്സകങ്ങളിലേക്ക് തുളഞ്ഞുകയറുന്ന വാക്ധോരണികൾ. എഡിറ്റ് ചെയ്യപ്പെടേണ്ടതായി ഒന്നും ആ പ്രസംഗങ്ങളിൽ ഒരിക്കലുമുണ്ടാവാറില്ല. കടഞ്ഞെടുത്ത വാക്കുകളും പ്രയോഗങ്ങളും വിഷയക്രമവും. ചിന്തോദ്ദീപകമായിരുന്നു എല്ലാം.
വിശ്വാസ കർമ്മ ശാസ്ത്രങ്ങളിൽ ആഴമേറിയ അറിവിന്റെ ഉടമയായിരുന്നു അവർ. പത്തിരുപത് വർഷം മുമ്പ് വിശുദ്ധ റമളാനിൽ, സോഷ്യൽ മീഡിയ സങ്കേതങ്ങൾ ഇന്ന് കാണുന്ന പോലെ സാർവത്രികമാകാത്ത കാലത്ത് മുഖ്യധാരാ ടി വി ചാനലുകളിൽ പ്രസ്ഥാനം പ്രത്യേക പ്രോഗ്രാമുകൾ ഷെഡ്യൂൾ ചെയ്ത് നടപ്പിലാക്കിയിരുന്നു. കർമ്മ ശാസ്ത്ര ചർച്ചയിൽ ചെറിയ എ പി ഉസ്താദിനൊപ്പം ചോദ്യ കർത്താവാകാൻ അവസരമുണ്ടായി. നേരത്തെ എഴുതിത്തയ്യാറാക്കി കൊണ്ടുവരുന്ന സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് പോലും ഉരുളക്കുപ്പേരി മട്ടിൽ സ്വതസിദ്ധമായ ശൈലിയിൽ നർമ്മവും മേമ്പൊടികളും ചേർത്ത്, എന്നാൽ ഉപചോദ്യങ്ങൾക്ക് പോലും അവസരമില്ലാത്ത വിധം ഗഹനവും ആധികാരികവുമായ മറുപടി.
ഒരു തവണ ബഹ്റൈനിൽ വെച്ച് നടന്ന ഐ സി എഫ്. ജി സി തല വാർഷിക സംഗമത്തിന് മുഖ്യാതിഥി ഉസ്താദായിരുന്നു ഉസ്താദ് . ഒപ്പം യാത്ര ചെയ്ത് പ്രോഗ്രാമിൽ ആദ്യാവസാനം ഒന്നിച്ച് പങ്കെടുക്കാനായി. 2004 ൽ പ്രസ്ഥാനത്തിൻ്റെ ഔദ്യോഗിക ഹജ് ഉംറ സംരംഭമായ എസ്.വൈ.എസ് ഹജ് സെല്ലിന് കീഴിലുള്ള സംഘത്തിൽ ഡെ. ചീഫായി ഉസ്താദുമുണ്ടായിരുന്നു. റഈസുൽ ഉലമയായിരുന്നു ചീഫ് അമീർ. പഴയ ചുക്കിച്ചുളിഞ്ഞ വേഷമായിരുന്നു അവർ ഹജ് ഉംറ കർമ്മങ്ങളിൽ ഉപയോഗിച്ചത്. ഇതെക്കുറിച്ച് പരിഭവപ്പെട്ടപ്പോൾ, യജമാനന്റെ പ്രീതിയും പൊരുത്തവും തേടി ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും ഭൗതികാഢംഭരങ്ങളെല്ലാം വെടിഞ്ഞ് അവന്റെ ഭവനത്തിലെത്തുന്ന അടിയാറുകളെ കുറിച്ച് പരാമർശിക്കുന്ന തിരുനബി വചനമായിരുന്നു മറുപടി. അത്രയും ലളിതമായ ജീവിതം നയിച്ച സാത്വിക വ്യക്തിത്വം.
അവസാനമായി കഴിഞ്ഞ മാസം നടന്ന മർഹും കുണ്ടൂരുസ്താദിന്റെ ഉറൂസിലാണ് പൊതുവേദിയിൽ ഒരുമിച്ചത്. അവരുടെ പ്രൗഢമായ പ്രഭാഷണ ശേഷമായിരുന്നു എൻ്റെ ഊഴം. അങ്ങനെ അവർക്കൊപ്പം എത്രയെത്ര സുവർണ്ണാവസരങ്ങൾ!!
സദാ പ്രകാശിക്കുന്ന മുഖം ആ മാതൃകാ വ്യക്തിപ്രഭാവത്തിന്റെ എല്ലാ നന്മകളും സവിശേഷതകളും പ്രതിഫലിപ്പിക്കുന്നുണ്ട്. ജീവിതയാത്രയിലുടനീളം അവരുടെ വെളിച്ചം നുകരാനും നാളെയുടെ ശാശ്വത ലോകത്തും ആ മുഖകാന്തി ആസ്വദിക്കാനും ഉതവിയുണ്ടാകട്ടെ.