Ongoing News
മന്ഥാനയുടെ മികവ്, 'മഴത്തുണ'; ഇന്ത്യ സെമിയില്‍
മഴ കളിച്ച നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് സെമി പ്രവേശം. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനായിരുന്നു ജയം.
ജൊഹന്നാസ്ബര്‍ഗ് | ടി 20 വനിതാ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. മഴ കളിച്ച നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് സെമി പ്രവേശം. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനായിരുന്നു ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ അയര്‍ലന്‍ഡ് 8.2 ഓവറില്‍ രണ്ട് വിക്കറ്റിന് 54 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. ഇതോടെ നിര്‍ത്തിവച്ച മത്സരം പുനരാരംഭിക്കാനുള്ള ശ്രമം വിഫലമായി. ഇതോടെ മഴനിയമ പ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ ശതകം നേടിയ ഇന്ത്യന്‍ ഓപണര്‍ സ്മൃതി മന്ഥാനയാണ് കളിയിലെ താരം. 56 പന്തില്‍ ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടെ 87 റണ്‍സാണ് മന്ഥാനയുടെ സംഭാവന. ഷഫാലി വര്‍മ (24), ജെമിമ റോഡ്രിഗസ് (19) എന്നിവരും തെറ്റില്ലാത്ത പ്രകടനം നടത്തി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 13 റണ്‍സെടുത്ത് ഔട്ടായി. റിച്ച ഘോഷ്, ദീപ്തി ശര്‍മ എന്നിവര്‍ റണ്ണെടുക്കും മുമ്പ് മടങ്ങി.
അയര്‍ലന്‍ഡിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഒരു റണ്‍സെടുക്കുമ്പോഴേക്കും അയര്‍ലന്‍ഡിന്റെ രണ്ട് വിക്കറ്റ് ഇന്ത്യ കടപുഴക്കി. എന്നാല്‍, ഗാബി ലൂയിസിന്റെ തകര്‍പ്പന്‍ ബാറ്റിങ് (25 പന്തില്‍ 32) ഇന്ത്യയെ ആശങ്കയിലാഴ്ത്തി. അപ്പോഴാണ് മഴയെത്തിയത്.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ സെമിയില്‍ കടക്കുന്നത്. ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇംഗ്ലണ്ട് നേരത്തേ സെമിയില്‍ പ്രവേശിച്ചിരുന്നു.