Uae
ആഹ്ലാദം പങ്കിട്ട് പ്രവാസി സമൂഹം
ശൈഖ് ഹംദനെപ്പോലെ വ്യത്യസ്ത മേഖലകളിൽ പ്രാഗൽഭ്യമുള്ള ഭരണാധികാരി ഇന്ത്യയിലെത്തുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധവും വ്യാപാര ബന്ധവും ശക്തിപ്പെടുത്തുക മാത്രമല്ല മറ്റു ചില പ്രാധാന്യവും കൂടിയുള്ളതാണ്.

ദുബൈ|ശൈഖ് ഹംദാന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ വാർത്ത പുറത്തുവന്നത് മുതൽ യു എ ഇയിലെയും മറ്റും ഇന്ത്യൻ പ്രവാസി സമൂഹം ആഹ്ലാദത്തിലും പ്രതീക്ഷയിലുമാണ്. ശൈഖ് ഹംദനെപ്പോലെ വ്യത്യസ്ത മേഖലകളിൽ പ്രാഗൽഭ്യമുള്ള പുതുതലമുറയിലെ ഒരു ഭരണാധികാരി ഇന്ത്യയിലെത്തുമ്പോൾ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധവും വ്യാപാര ബന്ധവും ശക്തിപ്പെടുത്തുക മാത്രമല്ല മറ്റു ചില പ്രാധാന്യവും കൂടിയുള്ളതാണ് ഈ സന്തോഷത്തിന് കാരണം. ശൈഖ് ഹംദാന്റെ സന്ദർശനത്തിന്റെ വിവിധ വശങ്ങൾ സമൂഹ മാധ്യമങ്ങളിലും ചാറ്റ് പ്ലാറ്റ്‌ഫോമുകളിലും അവർ പങ്കുവെച്ചു.
സന്ദർശനത്തിന്റെ ഭാഗമായി നടക്കുന്ന കൂടിക്കാഴ്ചകളും കരാറുകളും യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിന് കൂടി മികച്ച ഫലമുണ്ടാക്കുമെന്നാണ് എല്ലാ പ്രവാസി ഇന്ത്യക്കാരുടെയും പ്രതീക്ഷ. യു എ ഇ ജനസംഖ്യയുടെ ഏകദേശം 37 ശതമാനം വരുന്ന ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങൾക്ക് ഈ കരാറുകൾ സഹായകരമാവും. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ സംഖ്യ ഇരട്ടിയാകുമെന്നാണ് കരുതുന്നത്. അപ്പോഴും ഇന്ത്യൻ സമൂഹമായിരിക്കും മുന്നിൽ. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ രാജ്യം ശ്രദ്ധേയമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമ്പോൾ ഇന്ത്യൻ നിക്ഷേപകരുടെ എണ്ണം വളരെ വലുതായി മാറിയിട്ടുണ്ട്.
ദുബൈ ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്യുന്ന ഇന്ത്യൻ കമ്പനികളിൽ കഴിഞ്ഞ വർഷം വൻ മുന്നേറ്റമാണുണ്ടായത്. കഴിഞ്ഞ വർഷം ചേംബറിൽ 16,623 പുതിയ കമ്പനികളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ഇതുവരെ 73,000-ത്തിലധികം സ്ഥാപനങ്ങൾ ദുബൈ ചേംബറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ സഹകരണം വർധിപ്പിക്കുന്നതും പുതിയ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഒരു ഓപ്പൺ സ്‌കൈസ് കരാർ നിലവിൽ വരേണ്ട പ്രാധാന്യം അടുത്തിടെ ഇന്ത്യയിലെ യു എ ഇ എംബസി പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.
ഇത്തരമൊരു പോളിസി വിമാന നിരക്കുകൾ ഗണ്യമായി കുറക്കുമെന്നും ടൂറിസം രംഗത്ത് മികച്ച ഫലങ്ങൾ ഉണ്ടാക്കുമെന്നും അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ യാത്രക്കാർക്ക് 1.05 ബില്യൺ ഡോളറിലധികം ലാഭം ഉണ്ടാക്കാമെന്നും ഊന്നിപ്പറയുന്നതാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യ ഇതിന് സമ്മതം മൂളിയിട്ടില്ല. ഭരണാധികാരികളുടെ സന്ദർശനങ്ങളും സംഭാഷണങ്ങളും ഇത്തരത്തിലുള്ള കരാറുകളിലേക്ക് വഴിവെക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.