Connect with us

National

ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റപ്പുലി 74 വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുന്നു

14 കോടി രൂപയാണ് 'പ്രൊജക്റ്റ് ചീറ്റ' എന്ന പദ്ധതിക്ക് ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത്.

Published

|

Last Updated

ഭോപാല്‍| ഇന്ത്യയില്‍ വംശനാശം സംഭവിച്ച മൃഗമാണ് ചീറ്റപ്പുലികള്‍. എന്നാല്‍ 74 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചീറ്റപ്പുലികള്‍ രാജ്യത്തേക്ക് വരുന്നതായി റിപ്പോര്‍ട്ടുകള്‍. നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ചീറ്റകളെ അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കും. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ അവയെ പാര്‍പ്പിക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 1952-ലാണ് ചീറ്റയെ രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്.

കൊളോണിയല്‍ കാലഘട്ടത്തില്‍ ‘വേട്ട പുള്ളിപ്പുലികള്‍’ എന്ന് അറിയപ്പെട്ടിരുന്ന ഏഷ്യാറ്റിക് ചീറ്റകളെ വേട്ടയാടിയത് കൊണ്ടാണ് അവ ഇന്ത്യയില്‍ നിന്നും തുടച്ചുനീക്കപ്പെടുന്നത്. ഇരകളില്ലാതെയാകുകയും ആവാസവ്യവസ്ഥയുടെ നാശവും ചീറ്റകളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചു. അവസാന ചീറ്റയെ 1947ലാണ് വെടിവച്ചു കൊന്നത്. 1952ല്‍ ഇന്ത്യയില്‍ ചീറ്റയ്ക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇപ്പോള്‍ 40-50 ചീറ്റകള്‍ മാത്രമാണ് മധ്യ ഇറാനില്‍ അതിജീവിക്കുന്നത്. അവിടെ ചീറ്റകള്‍ ഒരു സംരക്ഷിത മൃഗമാണ്. അവയെ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ആഗോളതലത്തില്‍, ചീറ്റപ്പുലികള്‍ റെഡ് ലിസ്റ്റില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 6,674 എണ്ണത്തില്‍ ഭൂരിഭാഗവും ആഫ്രിക്കയിലാണുള്ളത്.

ചീറ്റകളുടെ വരവിനായി കുനോ നാഷണല്‍ പാര്‍ക്കില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 14 കോടി രൂപയാണ് ‘പ്രൊജക്റ്റ് ചീറ്റ’ എന്ന പദ്ധതിക്ക് ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആദ്യഘട്ടമെന്ന നിലയില്‍ 12 മുതല്‍ 15 വരെ ചീറ്റകളെത്തും. തുടര്‍ന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 മുതല്‍ 50 ചീറ്റകള്‍ വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി വ്യക്തമാക്കി.

സൗത്ത് ആഫ്രിക്കയിലെ വിദഗ്ധര്‍ കുനോ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ച് ചീറ്റകള്‍ക്ക് വളരാന്‍ അനുയോജ്യമായ അവസ്ഥയുണ്ടോ എന്ന് പരിശോധിച്ചിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയിലെ ചില സ്ഥലങ്ങളേക്കാള്‍ മികച്ചതാണ് കുനോ നാഷണല്‍ പാര്‍ക്ക് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചീറ്റകള്‍ക്ക് പുല്‍മേടുകള്‍ ആവശ്യമില്ല. മധ്യ ഇന്ത്യയിലെ വനങ്ങളും രാജസ്ഥാന്റെ ചില ഭാഗങ്ങളും അവയ്ക്ക് ഏറ്റവും അനുയോജ്യമാണെന്നാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്.

മറ്റൊരു രാജ്യത്ത് നിന്നും ചീറ്റകള്‍ ഇന്ത്യയിലെത്തുമ്പോള്‍ പുതിയ പാരിസ്ഥിതിക സാഹചര്യങ്ങളുമായി അവയ്ക്ക് അതിജീവിക്കാനാകുമോ എന്ന് പല വിദഗ്ധരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും പ്രൊജക്ട് ചീറ്റയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയില്‍ നിന്നും എന്നന്നേക്കുമായി വംശനാശം സംഭവിച്ചു എന്ന് കരുതിയ ചീറ്റകള്‍ തിരികെ വരുന്നതിന്റെ സന്തോഷത്തിലാണ് രാജ്യം.

 

Latest