Connect with us

illicit liquor disaster

വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 25 ആയി

തമിഴ്‌നാട് നിയമസഭാ സമ്മേളനം ഇന്നു തുടങ്ങുകയാണ്

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം അറുപതിലധികം പേര്‍ ചികിത്സയിലാണ്. തമിഴ്‌നാട് നിയമസഭാ സമ്മേളനം ഇന്നു തുടങ്ങുകയാണ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലുണ്ടായ സമ്പൂര്‍ണ വിജയത്തിന്റെ ആവേശത്തിലായിരുന്ന സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് മദ്യ ദുരന്തം.

മദ്യ ദുരന്തത്തില്‍ സര്‍ക്കാര്‍ സി ബി സി ഐ ഡി അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയും പോലീസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എം എസ് പ്രശാന്തിനെ കള്ളക്കുറിച്ചിയിലെ ജില്ലാ കലക്ടറായും രജത് ചതുര്‍വേദിയെ ജില്ലാ പോലീസ് സൂപ്രണ്ടായും നിയമിച്ചു. പോലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവന്‍ ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

കള്ളക്കുറിച്ചിയിലെ കരുണപുരത്ത് നിന്നാണ് ഇവര്‍ മദ്യം കഴിച്ചത്. പ്രദേശത്ത് വ്യാജമദ്യം വിറ്റ ഗോവിന്ദരാജന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 200 ലിറ്റര്‍ വ്യാജമദ്യം കണ്ടെടുത്തു. മദ്യത്തില്‍ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ജെതാവത്തിനെ സ്ഥലം മാറ്റി. ജില്ലാപോലീസ് മേധാവി സമയ് സിങ് മീണയെ സസ്‌പെന്‍ഡ് ചെയ്യാനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉത്തരവിട്ടു.