Connect with us

udhav thakre

ഉദ്ധവ് താക്കറെ സര്‍ക്കാറിന്റെ പതനം

ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കിയാണ് ഉദ്ധവ് അധികാരം കൈക്കലാക്കിയത്. ഇത് ബി ജെ പിക്കും ഫട്നാവിസിനും കനത്ത ക്ഷീണമായിരുന്നു. ബി ജെ പി അന്ന് തൊട്ടേ ആരംഭിച്ചതാണ് ഉദ്ധവ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കരുനീക്കങ്ങള്‍.

Published

|

Last Updated

ഹാരാഷ്ട്രയിലും വിജയം കണ്ടിരിക്കുന്നു ബി ജെ പിയുടെ ഓപറേഷന്‍ താമര. ഒരാഴ്ചയിലേറെയായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഉദ്ധവ് താക്കറെ സര്‍ക്കാറിന് അധികാരം വിട്ടൊഴിയേണ്ടിവന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുഗ്രഹാശിസ്സോടെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസാണ് ശിവസേനയെ പിളര്‍ത്തി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള അഘാഡി സര്‍ക്കാറിനെ വീഴ്ത്തിയത്. ശിവസേനയിലെ ആഭ്യന്തര കലാപം ഫട്നാവിസിന്റെ നീക്കങ്ങള്‍ക്കു സഹായകമായി. ഇതോടെ മഹാരാഷ്ട്രയും ബി ജെ പി നിയന്ത്രിത ഭരണത്തിലേക്ക് നീങ്ങുകയാണ്.

സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചതോടെയാണ് ഉദ്ധവ് താക്കറെ രാജി സമര്‍പ്പിച്ചത്. ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടതിനു തൊട്ടു പിന്നാലെ, പ്രത്യേക സമ്മേളനം വിളിച്ച് സര്‍ക്കാര്‍ വിശ്വാസം തെളിയിക്കണമെന്ന് മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കുകയായിരുന്നു ഗവര്‍ണര്‍. സര്‍ക്കാറിനെ പിന്തുണക്കുന്ന ഒരു എം എല്‍ എ വിദേശത്തും രണ്ട് പേര്‍ രോഗബാധിതരായി കിടപ്പിലുമായിരിക്കെ, തീരെ സാവകാശം നല്‍കാതെയുള്ള ഗവര്‍ണറുടെ തീരുമാനത്തെ ശരിവെച്ചു കൊണ്ടുള്ള കോടതി വിധി എത്രത്തോളം ജനാധിപത്യപരമാണെന്ന കാര്യത്തില്‍ നിയമവിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 16 വിമത എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന സ്പീക്കറുടെ ആവശ്യം ഗവര്‍ണറുടെ പരിഗണനയിലിരിക്കെ ഇവര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യരാണോ എന്ന് തീരുമാനിക്കാതെ വോട്ടെടുപ്പ് നടത്തുന്നതിലെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നു.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചാണ് ബി ജെ പിയും ശിവസേനയും ജനവിധി തേടിയത്. സഖ്യത്തിനു നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബി ജെ പി നിരസിച്ചതോടെയാണ് സഖ്യം തെറ്റിപ്പിരിഞ്ഞതും എന്‍ സി പിയെയും കോണ്‍ഗ്രസ്സിനെയും കൂട്ടുപിടിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തിലേറുകയും ചെയ്തത്. തുടക്കത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ബലത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കിയാണ് ഉദ്ധവ് അധികാരം കൈക്കലാക്കിയത്. ഇത് ബി ജെ പിക്കും ഫട്നാവിസിനും കനത്ത ക്ഷീണമായിരുന്നു. ബി ജെ പി അന്ന് തൊട്ടേ ആരംഭിച്ചതാണ് ഉദ്ധവ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കരുനീക്കങ്ങള്‍. ശിവസേനാ വിമതരുടെ നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ 2019ല്‍ ഉദ്ധവ് താക്കറെ നടത്തിയ അട്ടിമറിക്കു പകരം വീട്ടല്‍ കൂടിയാകുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് രാഷ്ട്രീയ കുതിരക്കച്ചവടം. പതിറ്റാണ്ടുകളായി നടന്നുവരുന്നതാണെങ്കിലും 2014ല്‍ ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലേറിയതോടെയാണ് ഭരണകക്ഷി എം എല്‍ എമാരെ വിലക്കു വാങ്ങി സര്‍ക്കാറുകളെ അട്ടിമറിക്കുന്ന പ്രവണത വര്‍ധിച്ചത്. അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബി ജെ പി അധികാരത്തിലേറിയത് ഈ മാര്‍ഗേണയായിരുന്നു. കോണ്‍ഗ്രസ്സിന്റെ 41 എം എല്‍ എമാരെ സ്വാധീനിച്ചാണ് അരുണാചലിലെ 60 അംഗ നിയമസഭയില്‍ 42 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ 2016ല്‍ മറിച്ചിട്ടത്. മണിപ്പൂരില്‍ 2017ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അന്ന് അധികാരത്തിലേറിയത് 21 സീറ്റ് നേടിയ ബി ജെ പിയാണ്. കേന്ദ്രത്തിന്റെ ചട്ടുകമായി മാറിയ ഗവര്‍ണറുടെ സഹായത്തോടെയും കോണ്‍ഗ്രസ്സില്‍ നിന്ന് ഒമ്പത് എം എല്‍ എമാരെ ചാക്കിലാക്കിയുമായിരുന്നു ഈ രാഷ്ട്രീയ അഭ്യാസം. അതേവര്‍ഷം തിരഞ്ഞെടുപ്പ് നടന്ന ഗോവയിലെ രാഷ്ട്രീയ നാടകവും സമാനമായിരുന്നു. 40 അംഗ സഭയില്‍ 17 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസ്സാണെങ്കിലും സര്‍ക്കാരുണ്ടാക്കിയത് 13 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി ജെ പിയാണ്. കോണ്‍ഗ്രസ്സില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമായി 11 പേരെ അടര്‍ത്തിയെടുത്താണ് ഈ രാഷ്ട്രീയ അട്ടിമറി നടത്തിയത്. 2018ല്‍ മധ്യപ്രദേശില്‍ സ്വതന്ത്രാംഗങ്ങള്‍ ഉള്‍പ്പെടെ 121 പേരുടെ പിന്തുണയോടെ അധികാരത്തിലേറിയ കോണ്‍ഗ്രസ്സിലെ കമല്‍നാഥ് സര്‍ക്കാറിനെയും 2019ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജെ ഡി എസ് സര്‍ക്കാറിനെയും മറിച്ചിട്ടതും ഭരണകക്ഷി എം എല്‍ എമാരെ സ്വാധീനിച്ചായിരുന്നു.

1985ലെ കൂറുമാറ്റ നിരോധനത്തിലെ ചില പഴുതുകളാണ് ഭരണകക്ഷിയിലെ എം എല്‍ എമാരെ സ്വാധീനിച്ച് ഭരണം അട്ടിമറിക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് അവസരമൊരുക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ശേഷം ആ പാര്‍ട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജിവെക്കുകയോ, സഭയിലെ വോട്ടിംഗില്‍ പ്രസ്തുത പാര്‍ട്ടിയുടെ നിര്‍ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ പ്രസ്തുത അംഗത്തിന്റെ സഭാംഗത്വം നഷ്ടപ്പെടുമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് രാജീവ് സര്‍ക്കാര്‍ കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമം. ജനപ്രതിനിധി നിയമസഭയിലോ പാര്‍ലിമെന്റിലോ തോന്നിയ പോലെ നിലപാട് മാറുന്നതിന് തടയിടുകയായിരുന്നു നിയമത്തിന്റെ ലക്ഷ്യമെങ്കിലും നിയമസഭാ കക്ഷിയുടെ മൂന്നില്‍ രണ്ട് പേര്‍ കൂറുമാറിയാല്‍ നിയമസഭാംഗത്വം അയോഗ്യമാകുകയില്ലെന്ന വ്യവസ്ഥ ഈ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെ തന്നെ ഇല്ലാതാക്കി. ഒരു പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച ശേഷം മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറുന്നതും, സ്ഥാനാര്‍ഥിത്വം നല്‍കിയ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്നതും പ്രസ്തുത പാര്‍ട്ടിയോടും വോട്ടര്‍മാരോടും കാണിക്കുന്ന കടുത്ത വഞ്ചനയാണ്. തിരഞ്ഞെടുപ്പില്‍ പ്രതിനിധാനം ചെയ്ത കക്ഷിയില്‍ തുടരാന്‍ പ്രയാസമുണ്ടെങ്കില്‍ അംഗത്വം രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. ഏത് തരത്തിലുള്ള കൂറുമാറ്റവും ജനാധിപത്യ വ്യവസ്ഥിതിയുടെ ധാര്‍മികതക്കും മര്യാദക്കും എതിരാണെന്ന കേരള ഹൈക്കോടതിയുടെ 2020 നവംബറിലെ നിരീക്ഷണം ശ്രദ്ധേയമാണ്.

Latest