Articles
വള്ളുവനാടൻ ശൈലിയുടെ ഭാവനാലോകം
കഴിഞ്ഞ ഏഴു പതിറ്റാണ്ടുകാലത്തിനിടെ മലയാള സാഹിത്യത്തെയും സാംസ്‌കാരിക ജീവിതത്തെയും അഗാധമായി സ്വാധീനിച്ച സൂര്യതേജസ്സാർന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം
എം ടി വാസുദേവൻ നായർ വിടവാങ്ങിയത്തോടെ മലയാള സാഹിത്യത്തിലെ ഉജ്ജലമായ ഒരു കാലഘട്ടത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകാലത്തിനിടെ മലയാള സാഹിത്യത്തെയും സാംസ്‌കാരിക ജീവിതത്തെയും അഗാധമായി സ്വാധീനിച്ച സൂര്യതേജസ്സാർന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. എം ടിയോളം സാഹിത്യത്തിന്റെ സകല മേഖലകളിലും വ്യാപരിച്ച, എഴുത്തിലൂടെ മലയാളിയെ നിരന്തരം നവീകരിച്ച മറ്റൊരു എഴുത്തുകാരൻ നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല. നോവലിസ്റ്റ്, കഥാകൃത്ത്, വിവർത്തകൻ, നാടകകൃത്ത്, ബാലസാഹിത്യകാരൻ, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല.
മറ്റൊരാർഥത്തിൽ എം ടി എന്ന രണ്ടക്ഷരം മലയാളിയെ സംബന്ധിച്ചേടത്തോളം ഒരു കടലാണ്. മലയാള സാഹിത്യ ലോകത്ത് ഒരുപാട് തിരയിളക്കങ്ങളുണ്ടാക്കിയ കടൽ.
എഴുതിത്തുടങ്ങിയ കാലം തൊട്ടേ സൂപ്പർ സ്റ്റാറായി ജീവിക്കാൻ ഭാഗ്യം സിദ്ധിച്ച എഴുത്തുകാരനാണ് എം ടി എന്ന് പറയാറുണ്ട്. 1954ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം ടിയുടെ “വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
എം ടിയുടെ ഓരോ കഥയും ഓരോ ഭാവനാചരിത്രമാണെന്ന് പറയാറുണ്ട്. യാഥാസ്ഥിതിക നായർ തറവാടും മരുമക്കത്തായവും ജന്മിത്വത്തിന്റെയും ജാതി മേൽക്കോയ്മയുടെയും അവസ്ഥാന്തരങ്ങളും പ്രതിപാദിക്കുന്ന, ഒരു കാലഘട്ടത്തിലെ കേരളീയ സാമൂഹിക വ്യവസ്ഥിതിയെപ്പറ്റിയുള്ള ഭാവനാചരിത്രം. എം ടി, കഥാപാത്രങ്ങളെ കണ്ടെത്തിയത് തന്റെ കുടുംബത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നുമായിരുന്നു. അതിനാൽ ഓരോ എം ടി കഥകളിലും ആത്മകഥാംശമുണ്ട്. ദാരിദ്യവും വ്യക്തി ബന്ധങ്ങളിലുണ്ടായ വിള്ളലുകളും അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും പലതവണ, പല വിതാനത്തിൽ ആവിഷ്‌കരിച്ചിട്ടുള്ള പ്രമേയങ്ങളാണ്. വള്ളുവനാടൻ മിത്തുകളും ശൈലികളും കൊണ്ട് അദ്ദേഹം ഒരു ഭാവനാലോകം സൃഷ്ടിക്കുകയായിരുന്നു.
മലയാള കഥാസാഹിത്യത്തിൽ പുതിയ സംവേദനശൈലിയുടെ സ്രഷ്ടാവാണ് അദ്ദേഹം. ആത്മപീഡനത്തിന്റെ സ്വരവും താളവും അദ്ദേഹത്തിന്റെ കഥകളുടെ അന്തർധാരയാണ്. വാസുദേവൻ നായരുടെ ഏറ്റവും പ്രധാന വിഷയം വാസുദേവൻ നായർ തന്നെയാണെന്ന് പറയാറുണ്ട്. മരുമക്കത്തായ തറവാടുകളിലെ ഇരുൾ മൂടിയ അന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ കാതും കണ്ണും ചെന്നെത്തുകയായിരുന്നു. അനേകം കഥാപാത്രങ്ങളെ കഥയിൽ അണിയിച്ചൊരുക്കി നിർത്താൻ എം ടി ശ്രമിക്കാറില്ല. പകരം കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് വെളിച്ചം പകരാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. താൻ ജനിച്ച കൂടല്ലൂർ ഗ്രാമവും ഗ്രാമത്തെ തഴുകി ഒഴുകുന്ന ഭാരതപ്പുഴയും ഗ്രാമശാലീനതയിൽ വീർപ്പടക്കി കിടക്കുന്ന പുരാവൃത്തങ്ങളും ഗതകാലപ്രതാപങ്ങൾ അയവിറക്കി കഴിയുന്ന തറവാടുകളിൽ നിന്ന് ഉയരുന്ന നെടുവീർപ്പുകളും എം ടിയുടെ സർഗമനസ്സിനെ ഉണർത്തിയ ഘടകങ്ങളാണ്.
മലയാള സാഹിത്യത്തിൽ നോവലിസ്റ്റ് എന്ന നിലയിലുള്ള എം ടിയുടെ സ്ഥാനം എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ നോവലുകളെല്ലാംതന്നെ മലയാളി വായനാ സമൂഹം ആഘോഷപൂർവം ഏറ്റെടുക്കുകയായിരുന്നു. തകർന്നടിയുന്ന നായർ തറവാടുകളിലെ ഇരുണ്ട മുറികളിൽ ഊറിക്കൂടിയ വേദന ഭാവസുന്ദരമായി ആവിഷ്കരിച്ച ആദ്യ നോവലായ നാലുകെട്ടു മുതൽ ഭാവഗീതമായ മഞ്ഞ് വരെയുള്ള എല്ലാ നോവലുകളും. ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ എം ടിയുടെ ആത്മസ്പർശമുള്ള നോവലുകൾക്ക് ചൈതന്യം പകരുന്ന അടിസ്ഥാന ഘടകമാണ്. ഗ്രാമഹൃദയത്തിലൂടെ തന്നിലേക്കുതന്നെ ഇറങ്ങിച്ചെല്ലുകയായിയിരുന്നു എം ടി.