National
കര്‍ഷക നേതാവിനെ ഫോണിലൂടെ അജ്ഞാതര്‍ ഭീഷണിപ്പെടുത്തി
രാകേഷ് ടികായത്തിനെയും കുടുംബത്തെയും ഉന്നം വെച്ച് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്‍ ഭീഷണിപ്പെടുത്തി
മുസഫര്‍നഗര്‍| കര്‍ഷക സമരത്തില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെയും കുടുംബത്തെയും ഉന്നം വെച്ച് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയതായി യുപി പോലീസ്.
രാകേഷ് ടികായതിന്റെ സഹോദരനും ബികെയു പ്രസിഡന്റുമായ നരേഷ് ടികായതിന്റെ മകനെയും രാകേഷ് ടികായതിനെയും കുടുംബാംഗങ്ങളെയും ബോംബെറിഞ്ഞ് കൊല്ലുമെന്നാണ് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയത്.
സംഭവത്തില്‍ കേസെടുത്തതായി ഭൗര കലാന്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അക്ഷയ് ശര്‍മ പറഞ്ഞു. വിളിച്ചയാളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ശര്‍മ പറഞ്ഞു.
ഇപ്പോള്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിച്ച കര്‍ഷക നേതാക്കളില്‍ ഒരാളാണ് രാകേഷ് ടികായത്. രാജ്യത്തുടനീളമുള്ള കര്‍ഷക സംഘങ്ങളുടെ പ്രതിഷേധത്തില്‍ അദ്ദേഹം തുടര്‍ന്നും പങ്കെടുത്തിരുന്നു.
ഈ മാസം ആദ്യം, ജയ്പൂരില്‍ നടന്ന ജാട്ട് മഹാകുംഭില്‍, 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ട്രാക്ടറുകളുടെ നിരോധനത്തിനെതിരെ പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് രാകേഷ്ടികായത് കര്‍ഷകരോട് ആഹ്വാനം ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാരായാലും കേന്ദ്ര സര്‍ക്കാരായാലും ഞങ്ങള്‍ ഒരു പാര്‍ട്ടിക്കും എതിരല്ലെന്നും സര്‍ക്കാരുകളുടെ തെറ്റായ നയം ഉണ്ടായാല്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.