Connect with us

National

നാല് സംസ്ഥാനങ്ങളിലെ ജനവിധി നാളെ അറിയാം; മിസോറാം ഫലം മറ്റന്നാൾ

നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും

Published

|

Last Updated

ന്യൂഡൽഹി | മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ചയിൽ നിന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു.

വോട്ടെണ്ണലിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. തെലങ്കാനയിൽ ആകെ 49 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനാൽ 40 കമ്പനി കേന്ദ്ര സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 119 അംഗ നിയമസഭയിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.

രാജസ്ഥാനിൽ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല് നടക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സെന്ട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെയും രാജസ്ഥാന് ആംഡ് കോണ്സ്റ്റാബുലറി ടീമുകളുടെയും 175 കമ്പനികളെ വോട്ടിംഗ് കേന്ദ്രങ്ങളിൾ വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രവീൺ ഗുപ്ത പറഞ്ഞു.

ആകെയുള്ള 200 നിയമസഭാ മണ്ഡലങ്ങളില് 199 സീറ്റുകളിലേക്കാണ് കഴിഞ്ഞ മാസം 25ന് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കൂനാറിന്റെ നിര്യാണത്തെ തുടർന്ന് കരൺപൂർ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു.

മധ്യപ്രദേശില് 230 അംഗ നിയമസഭയിലേക്ക് 2533 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

ഛത്തീസ്ഗഢിലെ 33 ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്.