Editorial
കെ എസ് ആര്‍ ടി സിയുടെ ദുര്‍ഗതി
തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം പൊതുഗതാഗത സംവിധാനം മികച്ച രീതിയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുമ്പോള്‍ എന്താണ് കേരളത്തിന് ഈ ദുര്‍ഗതി വരാന്‍ കാരണം. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതക്കും യൂനിയന്‍ നേതൃത്വങ്ങള്‍ക്കും ഒരു പോലെ ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെങ്കിലും മുഖ്യമായും യൂനിയന്‍ നേതൃത്വങ്ങള്‍ തന്നെയാണ് ഇതിന്റെ പാപഭാരം പേറേണ്ടത്.
കെ എസ് ആര്‍ ടി സി മാനേജ്മെന്റിനും സര്‍ക്കാറിനും കടുത്ത തലവേദനയാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും. കൃത്യമായ തീയതിക്ക് ശമ്പളവും പെന്‍ഷനും നല്‍കാറില്ല. തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിക്കുകയോ കോടതിയെ സമീപിച്ച് ഉത്തരവ് നേടുകയോ ചെയ്യുമ്പോഴാണ് സമീപ കാലത്ത് പല മാസങ്ങളിലും ശമ്പള വിതരണം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സ്ഥാപനം. ബസ് സര്‍വീസിലൂടെ മാസാമാസം ലഭിക്കുന്ന വരുമാനം ശമ്പളത്തിന് മതിയാകുന്നില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. സര്‍ക്കാര്‍ സഹായത്തെയോ കെ ടി ഡി എഫ് സി വായ്പയെയോ ആശ്രയിച്ചാണ് നിലവില്‍ ശമ്പള വിതരണം.
ഇത്തവണ ശമ്പളം ഗഡുക്കളായാണ് നല്‍കുന്നത്. മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം ശമ്പളത്തിന്റെ ആദ്യ ഗഡു അഞ്ചാം തീയതിയും ബാക്കി തുക സര്‍ക്കാര്‍ ഫണ്ട് കിട്ടുന്ന മുറക്കുമായിരിക്കും വിതരണം ചെയ്യുക. മുഴുവന്‍ ശമ്പളവും ഒന്നിച്ചു വേണ്ടവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതുവരെ കാത്തിരിക്കണം. കഴിഞ്ഞ മാസത്തെ ശമ്പളം വളരെ വൈകിയാണ് നല്‍കിയത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ സെപ്തംബറില്‍ നല്‍കിയ ഉറപ്പ് പാലിക്കാനായില്ല. ഇത്തവണ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ആദ്യ ഗഡു അഞ്ചിന് നല്‍കാനുള്ള നടപടികളുണ്ടായത്. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കണം. അതിനു കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുകയാണ് നല്ലതെന്നായിരുന്നു കോടതിയുടെ അന്ത്യശാസനം.
അതിനിടെ ശമ്പളത്തിന് ടാര്‍ഗറ്റ് എന്ന നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട് എം ഡി. ഓരോ ഡിപ്പോയിലെയും ബസുകളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും കണക്കു കൂട്ടി വരുമാനത്തിന് ടാര്‍ഗറ്റ് നിശ്ചയിക്കും. ലക്ഷ്യത്തിന്റെ എത്ര ശതമാനമാണോ പൂര്‍ത്തിയാക്കുന്നത് അത്ര ശതമാനം മാത്രമാകും ശമ്പളവും ലഭിക്കുക. നൂറ് ശതമാനം ടാര്‍ഗറ്റ് തികച്ചാല്‍ മുഴുവന്‍ ശമ്പളവും ലഭിക്കും. 50 ശതമാനമാണ് പൂര്‍ത്തിയായതെങ്കില്‍ ശമ്പളവും 50 ശതമാനം മാത്രമായിരിക്കും. തിരുവനന്തപുരത്ത് കഴിഞ്ഞ വാരത്തില്‍ നടന്ന കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശില്‍പ്പശാലയിലാണ് എം ഡി പുതിയ ആശയം മുന്‍വെച്ചത്. വരുമാനം വര്‍ധിപ്പിക്കാന്‍ ജീവനക്കാരെ പ്രചോദിതരാക്കി കോര്‍പറേഷന്റെ വരുമാനം പ്രതിമാസം 240 കോടിയാക്കി ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യം. സര്‍ക്കാര്‍ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ ഇതല്ലാതെ മറ്റുമാര്‍ഗമില്ലെന്നും എം ഡി പറയുന്നു. അതേസമയം രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായ ഈ ആശയം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്.
കെ എസ് ആര്‍ ടി സി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. 3,500 കോടിക്ക് മുകളിലാണ് നിലവില്‍ സ്ഥാപനത്തിന്റെ കടം. ദിവസം എട്ട് കോടിയെങ്കിലും അഥവാ മാസത്തില്‍ 240 കോടി രൂപ വരുമാനം ലഭിച്ചെങ്കില്‍ മാത്രമേ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാനാകുകയുള്ളൂ. നിലവില്‍ മാസാന്ത വരുമാനം 180 കോടിയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 80 കോടി രൂപയാണ് ആവശ്യമെങ്കിലും നേരത്തേ ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കിയതിനാല്‍ അത് തിരിച്ചടക്കാനാണ് വരുമാനത്തിന്റെ ഗണ്യഭാഗവും ഉപയോഗിക്കുന്നത്. ഡീസല്‍, പെന്‍ഷന്‍, സ്പെയര്‍പാര്‍ട്ട്സ്, ടയര്‍ തുടങ്ങിയ ചെലവുകള്‍ വേറെയും. ഇതെല്ലാം കഴിഞ്ഞാല്‍ കാര്യമായ മിച്ചമില്ലെന്നാണ് എം ഡി പറയുന്നത്. സര്‍ക്കാറിന്റെ സഹായം കൊണ്ടാണ് പല മാസവും ശമ്പളം നല്‍കി വന്നത്. മുഖ്യമന്ത്രി വെളിപ്പെടുത്തിയതനുസരിച്ച് 2011-2022 കാലയളവില്‍ മാത്രം 2,076 കോടി രൂപയാണ് സ്ഥാപനത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. ഇനി സഹായം നല്‍കാനാകില്ല. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലുമെല്ലാം പൊതുഗതാഗത സംവിധാനം മികച്ച രീതിയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുമ്പോള്‍ എന്താണ് കേരളത്തിന് ഈ ദുര്‍ഗതി വരാന്‍ കാരണം. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതക്കും യൂനിയന്‍ നേതൃത്വങ്ങള്‍ക്കും ഒരു പോലെ ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെങ്കിലും മുഖ്യമായും യൂനിയന്‍ നേതൃത്വങ്ങള്‍ തന്നെയാണ് ഇതിന്റെ പാപഭാരം പേറേണ്ടത്. സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനും ലാഭത്തിലെത്തിക്കാനും വിദഗ്ധ സമിതികള്‍ മുന്‍വെക്കുന്ന നിര്‍ദേശങ്ങളോടെല്ലാം പുറംതിരിഞ്ഞു നില്‍ക്കുകയും മാനേജ്മെന്റ് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെ അട്ടിമറിക്കുകയുമാണ് യൂനിയന്‍ നേതൃത്വങ്ങള്‍. നേരത്തേ ടോമിന്‍ തച്ചങ്കരി നടപ്പാക്കിയ ‘ഡ്രൈവര്‍ കം കണ്ടക്ടര്‍’ പരിഷ്‌കരണം അട്ടിമറിച്ചു. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായി സര്‍ക്കാറിന്റെ സാമ്പത്തിക പിന്തുണയില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത് ഉള്‍പ്പെടെ കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയ തച്ചങ്കരിയെ, അദ്ദേഹത്തിന്റെ പരിഷ്‌കരണങ്ങള്‍ ദഹിക്കാത്ത യൂനിയനിലെ ചില താപ്പാനകള്‍ പുകച്ചു പുറത്തു ചാടിക്കുകയും ചെയ്തു. സ്ഥാപനത്തെ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ സ്വിഫ്റ്റ് സര്‍വീസിനും അള്ള് വെച്ചുകൊണ്ടിരിക്കുകയാണ് യൂനിയന്‍ നേതൃത്വങ്ങള്‍. ബസ് സര്‍വീസ് വര്‍ധിപ്പിച്ചും നടത്തിപ്പ് ചെലവ് കുറച്ചും വരുമാനം വര്‍ധിപ്പിക്കാന്‍ സഹായകമായ ഒട്ടറെ നിര്‍ദേശങ്ങള്‍ അടങ്ങുന്ന സുശീല്‍ ഖന്ന സമിതി റിപോര്‍ട്ട് സര്‍ക്കാറിന്റെ മേശപ്പുറത്തുണ്ട്. ആറ് വര്‍ഷമായിട്ടും അത് നടപ്പാക്കാന്‍ കഴിയാത്തതും യൂനിയനുകളുടെ എതിര്‍പ്പ് മൂലമാണ്.
പ്രൊട്ടക്്ഷന്‍ ആനുകൂല്യത്തിന്റെ പിന്‍ബലത്തില്‍ പണിയെടുക്കാതെ ഉഴപ്പി നടക്കുന്ന കുറേ യൂനിയന്‍ നേതാക്കളുണ്ട് സ്ഥാപനത്തില്‍. ‘കെ എസ് ആര്‍ ടി സി യൂനിറ്റുകള്‍ ഭരിക്കുന്നത് ഈ നേതാക്കളാണ.് ഈ സ്ഥിതി മാറിയാലേ കെ എസ് ആര്‍ ടി സി രക്ഷപ്പെടുകയുള്ളൂ’വെന്നാണ് വകുപ്പ് മന്ത്രി ആന്റണി രാജു പറയുന്നത്. യൂനിറ്റ് തലത്തില്‍ യൂനിയന്‍ നേതാക്കള്‍ക്ക് പ്രൊട്ടക്്ഷന്‍ നല്‍കേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും സംസ്ഥാനത്ത് ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇവരെ നിലക്കു നിര്‍ത്താനുള്ള ആര്‍ജവം ഭരണതലപ്പത്തുള്ളവര്‍ക്ക് ഇല്ലാത്തതാണ് പ്രശ്നം.