Kerala
മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് മരണം വരെ കഠിന തടവും പിഴയും
കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം | മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിനു വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്ജി എം പി ഷിബുവാണു ശിക്ഷ വിധിച്ചത്. കഠിന തടവിന് പുറമെ 1.90 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കാനും കോടതി വിധിച്ചു.
കുട്ടിക്ക് ഒന്നര വയസുള്ളപ്പോള്‍ മാതാവ് മരിച്ചിരുന്നു. തുടര്‍ന്ന് കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിതാവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിച്ചു. തുടര്‍ന്നു പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷകയായ വി.സി.ബിന്ദു എന്നിവര്‍ ഹാജരായി