Connect with us

Kerala

ഇസ്റാഈലിൽ വെച്ച് മുങ്ങിയ ബിജുവിൻ്റെ വാദം തെറ്റെന്ന് സഹയാത്രികർ

സംഘത്തിന് നേരത്തെ തന്നെ യാത്ര ഷെഡ്യൂളുകൾ ലഭിച്ചതാണെന്ന് യാത്ര സംഘാംഗങ്ങൾ

Published

|

Last Updated

അരീക്കോട് | കൃഷി രീതി പഠിക്കാൻ വേണ്ടി ഇസ്റാഈലിലേക്ക് പുറപ്പെട്ട കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു വർഗീസിന്റെ വാദങ്ങളെ നിരസിച്ച് സഹയാത്രികർ. ജെറുസലേമിലെ തീർഥാടന കേന്ദ്രം സന്ദർശിക്കാൻ വേണ്ടിയാണ് അപ്രത്യക്ഷമായതെന്നാണ് ബിജു വാജിച്ചിരുന്നത്.

സംഘത്തിന് നേരത്തെ തന്നെ യാത്ര ഷെഡ്യൂളുകൾ ലഭിച്ചതാണെന്ന് യാത്ര സംഘാംഗങ്ങൾ പറയുന്നത്. യാത്ര പുറപ്പെടുന്നതിൻറെ രണ്ട് ദിവസം മുമ്പ് സംഘാങ്ങളുടെ പേര്, താമസ സ്ഥലം, ഭക്ഷണ മെനു, ഭക്ഷണ സമയം, ക്യാമ്പുകൾ സന്ദർശിക്കുന്ന സമയം, തീർഥാടന കേന്ദ്രം സന്ദർശിക്കുന്ന സമയം എന്നിവയെല്ലാം രേഖപ്പെടുത്തിയ 64 പേജുള്ള കാറ്റലോഗ് സംഘത്തിന് നൽകിയതാണ്.

കൂടാതെ, സംഘത്തിന്റെ അഞ്ച് തലവൻമാർക്കും യാത്ര സംബന്ധിച്ച് ബുക്ക് ലെറ്റ് നൽകിയിട്ടുണ്ട്. ഓരോ ദിവസത്തെയും യാത്ര സംബന്ധിച്ചും തൊട്ടടുത്ത ദിവസം പോകുന്ന സ്ഥലത്തെ സംബന്ധിച്ചും മറ്റും അതാത് ദിവസം അവലോകനം നടത്തിയതുമാണ്.

കാണാതായ ദിവസം ക്യാമ്പുകളെല്ലാം സന്ദർശിച്ച് വൈകീട്ട് ആറോടെ താമസ സ്ഥലത്ത് എത്തുകയും ഏഴീന് രാത്രി ഭക്ഷണത്തിന് തയ്യാറായിരിക്കാൻ നിർദേശിച്ചതോടൊപ്പം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഡെഡ്സീയിലെയും ശനിയാഴ്ച ജെറൂസലേമിലെയും  തീർഥാടന സ്ഥലത്തേക്കാണെന്ന് ഗൈഡ് വ്യക്തമാക്കിയരുന്നു. രാത്രി ഭക്ഷണത്തിനായി ബിജു ഒഴികെ മറ്റെല്ലാവരും എത്തുകയും സംഘത്തിൻറെ കണ്ണുവെട്ടിച്ച് പാസ്പോർട്ടും മറ്റ് സാമഗ്രികളുമായി അപ്രത്യക്ഷമാവുകയായിരുന്നു.

സംഘം പല തവണ ബിജുവിനെ ബന്ധപ്പെടാൻ ശ്രമിച്ചു. കൂടാതെ, പുലർച്ചെ വരെ പോലീസിനെയും മറ്റു പരിചയക്കാരെയും കൂട്ടി തിരച്ചിൽ നടത്തുകയും ചെയ്തു. പുണ്യസ്ഥലം സന്ദർശിക്കാൻ പാസ്പോർട്ട് ആവശ്യമില്ലന്നിരിക്കെ പിന്നെ എന്തിന് അത് എടുത്തു എന്നാണ് സംഘത്തിലെ അംഗം ചോദിക്കുന്നത്.

നിലവിൽ ബിജുവിൻറെ വാദം തെറ്റാണ്. സന്ദർശന സ്ഥലങ്ങളെല്ലാം നേരത്തെ സൂചിപ്പിച്ചതിനാൽ തെറ്റായി മൊഴി നൽകി കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇപ്പോഴത്തെ വാദം ഉന്നയിക്കുന്നത്.

ഇസ്റാഈൽ കോൺസുലേറ്റ് ശക്തമായ നിലപാട് എടുത്തതോടെയാണ് ബിജു കീഴടങ്ങാൻ തയ്യാറായത്. ഇസ്റാഈലിൽ എത്തുന്നവർ അപ്രത്യക്ഷമാകൽ പതിവാണ്. ഇത്തരക്കാർ ആറ് മാസത്തിനകം അഭയാർഥി വിസ തരപ്പെടുത്തി നിയമ വിധേയമാകലാണ്. അത് കൃത്യമായി അറിയുന്ന ബിജു നെടുമ്പാശേരി എയർപോർട്ടിൽ 50,000 രൂപക്ക് തുല്യമായ ഡോളറും ഇസ്റാഈലിൽ എത്തിയ ശേഷം അവിടത്തെ കറൻസിയായ ശക്കലും തരപ്പെടുത്തിയതാണ്. അപ്രത്യക്ഷമാകുന്ന ദിവസം നിരവധി തവണ വാട്പ്പിൽ മറ്റുപലരുമായി സംസാരിക്കുന്നതും സംഘത്തിൻറെ ശ്രദ്ധയിൽപെട്ടതാണ്. ബിജുവിനെ നാട്ടിലെത്തിക്കാനാകുന്നതോടെ സംസ്ഥാന സർക്കാറിനും കൃഷി വകുപ്പിനും ഏറ ആശ്വാസമാകും.