Connect with us

Kerala

വയനാട്ടില്‍ ഭീതി വിതച്ച പെണ്‍കടുവ ഇനി തിരുവനന്തപുരം മൃഗശാലയില്‍

കാലിന് പരുക്കുള്ള എട്ടുവയസുകാരിയായ കടുവയ്ക്ക് ആവശ്യമായ ചികിത്സ നല്‍കിയ ശേഷമാണ് തിങ്കളാഴ്ചയോടെ മൃഗശാലയില്‍ എത്തിക്കുക

Published

|

Last Updated

തിരുവനന്തപുരം | വയനാട്ടില്‍ ഭീതിവിതച്ച പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിക്കും. ഒരാഴ്ച മുമ്പാണ് കടുവ വയനാട്ടില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയത്. എട്ടുവയസുകാരിയായ കടുവയ്ക്ക് കാലിന് പരുക്കുണ്ട്. ആവശ്യമായ ചികിത്സ നല്‍കിയ ശേഷമാണ് തിങ്കളാഴ്ചയോടെ മൃഗശാലയില്‍ എത്തിക്കുക. മൃഗശാലയില്‍ എത്തിച്ച കടുവയുടെ ആരോഗ്യപരിശോധന നടത്തിയതിന് ശേഷം കാലിലെ പരുക്കിനുള്ള ചികിത്സ ആരംഭിച്ച് പുനരധിവാസം ഉറപ്പാക്കും.

നേരത്തെ വയനാട് നിന്ന് പിടികൂടിയ ജോര്‍ജ് എന്നു പേരിട്ട കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്കാണ് കൊണ്ടു വന്നത്. കഴിഞ്ഞയാഴ്ച പഞ്ചാരക്കൊല്ലിയില്‍ ഇറങ്ങിയ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. അതിന് ആഴ്ചകള്‍ക്ക് മുമ്പാണ് പെണ്‍കടുവ പുല്‍പ്പള്ളി മേഖലയിലിറങ്ങി ഭീതിപടര്‍ത്തിയത്. രണ്ടാഴ്ചക്കാലം ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയ കടുവ ഒടുവില്‍ വനം വകുപ്പിന്റെ കൂട്ടിലായി. ഇപ്പോള്‍ കുപ്പാടിയിലെ വന്യമൃഗ പരിപാലന കേന്ദ്രത്തില്‍ കഴിയുന്ന കടുവ പൂര്‍ണ ആരോഗ്യം പ്രാപിച്ചതോടെയാണ് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുന്നതു സംബന്ധിച്ചു തീരുമാനമെടുത്തത്. ജനുവരി ഏഴിനു നാരകത്തറയില്‍ പാപ്പച്ചന്‍ എന്ന ജോസഫിന്റെ ആടിനെ കൊന്നാണ് കടുവ ജനവാസ കേന്ദ്രങ്ങളില്‍ വരവറിയിച്ചത്. ആടിനെ പാതിയോളം ഭക്ഷിച്ച നിലയിലാണ് തൊട്ടടുത്ത തോട്ടത്തില്‍ ജഡം കണ്ടത്. തോട്ടത്തിലൂടെ കടുവ ഓടുന്നതും നാട്ടുകാര്‍ കണ്ടു.

വിവരമറിഞ്ഞെത്തിയ വനം വകുപ്പുദ്യോഗസ്ഥര്‍ പാതി തിന്ന ആടിനെ ഇരയായി വെച്ച് കെണിയൊരുക്കിയെങ്കിലും കുടുങ്ങിയില്ല. വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറയില്‍നിന്നു ലഭിച്ച വിവരം അനുസരിച്ച് കേരളത്തിന്റെ ഡാറ്റാ ബേസില്‍ ഇല്ലാത്ത കടുവയാണിതെന്ന് സ്ഥിരീകരിച്ചു. പുല്‍പ്പള്ളിയിലെ അമരക്കുനി, തൂപ്ര, ദേവര്‍ഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളില്‍ 10 ദിവസത്തിനിടെ അഞ്ച് ആടുകളെ കൊന്നതിന് ശേഷമാണ് കടുവ കൂട്ടിലായത്.

ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി ഇരപിടിക്കാന്‍ തുടങ്ങിയതോടെ പുല്‍പ്പള്ളി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അമരക്കുനിക്കടുത്ത വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു. ആദ്യ ദിവസങ്ങളില്‍ ഡ്രോണ്‍ ക്യാമറ വരെ ഉപയോഗിച്ച് ആര്‍ ആര്‍ ടി സംഘം തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. ഇതിനിടെ കടുവ ദേവര്‍ഗദ്ദ-തൂപ്ര റോഡ് മുറിച്ചുകടക്കുന്നത് കാര്‍ യാത്രികര്‍ മൊബൈലില്‍ പകര്‍ത്തി.

ഇതോടെയാണ് പ്രദേശത്ത് കൂടുകള്‍ സ്ഥാപിച്ച് കടുവയെ പിടിക്കുന്നതിനു വനം വകുപ്പ് തീരുമാനിച്ചത്. അഞ്ച് കൂടുകളിലാണ് കടുവക്കായി കെണിയൊരുക്കിയത്. പ്രദേശത്ത് 32 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും തെര്‍മല്‍ ഡ്രോണുകളും നോര്‍മല്‍ ഡ്രോണുകളും ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെ കടുവ കൂട്ടില്‍ ആയി. തൂപ്ര അംഗനവാടിക്ക് സമീപം സ്ഥാപിച്ചിരുന്ന കടുവാ കെണിയില്‍ കുടുങ്ങിയ പെണ്‍കടുവയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.