prathivaram book review
അതിജീവനങ്ങളുടെ തീമരജീവിതങ്ങൾ
വിപ്ലവം ആശയങ്ങളിൽ നിന്ന് തോക്കിൻ കുഴലിലേക്കു മാത്രമായി ചുരുങ്ങിയപ്പോൾ ജനകീയ പ്രസ്ഥാനങ്ങളിൽ നിന്ന് കടും ചുവപ്പുള്ള വീര്യമൊഴിഞ്ഞു പോയി. ജനാധിപത്യ സമര മുഖങ്ങളിൽ സായുധ സമരത്തിന് സ്ഥാനമില്ലെന്ന് ചരിത്രം നമ്മെ ബോധിപ്പിക്കുന്നു.തങ്കരാജും കറുപ്പനും ആയുധമേന്തുന്ന വിപ്ലവാശയങ്ങളുടെ ദിശ തെറ്റിയ പോക്കിനെ തിരുത്തുന്നുണ്ട്.
ഒരു കുറ്റാന്വേഷണ ത്രില്ലർ ശൈലിയിലാണ് തുടക്കമെങ്കിലും പ്രമേയം സങ്കീർണതകൾ നിറഞ്ഞതും നമുക്ക് അപരിചിതമായ സ്ഥലകാലങ്ങളിലൂടെ സഞ്ചരിക്കുന്നതുമാണ് സുരേന്ദ്രൻ മങ്ങാട്ടിന്റെ “തീമരങ്ങൾ’ എന്ന നോവൽ. തീമരങ്ങളിൽ വസ്തുതകൾ തേടിയുള്ള കുറ്റാന്വേഷണവും ചരിത്രാന്വേഷണവും ഭംഗിയായി ചേർത്തുവെക്കാൻ രചയിതാവിന് കഴിഞ്ഞിട്ടുണ്ട്.
ആദിവാസി കോളനികളിൽ സായുധരായി വന്നെത്തിയ മാവോയിസ്റ്റ് സംഘനേതാവായ മുരുകൻ എന്ന വിപ്ലവ നേതാവിലൂടെയാണ് കഥ പറച്ചിൽ തുടങ്ങുന്നത്. കേസ് ഡയറിയിലൂടെയും ചോദ്യം ചെയ്യലിലൂടെയും മുഖ്യ കഥാപാത്രമായ പോലീസ് ഓഫീസറിനു മുന്നിൽ സായുധ വിപ്ലവ നേതാവിന്റെ പൂർവകാലം അനാവരണം ചെയ്യുന്നു. യൗവനം മുതൽ കണ്ടതും കേട്ടതും മനസ്സിലാക്കിയതൊന്നുമല്ല യഥാർഥ ജീവിതങ്ങൾ എന്നുള്ളത് നോവലിൽ പ്രതിപാദിക്കുന്ന രാജ്യത്തിന്റെ അസ്വസ്ഥതയുടെ ചരിത്രം ഏറ്റുപറയുന്നു.
ചെങ്കിനാവുകളിൽ, വർഗ വിപ്ലവ സമരങ്ങളിൽ ജീവിതം ഹോമിച്ചവരെയും എവിടെയും രേഖപ്പെടുത്താത്ത അതിജീവനങ്ങളേയും മനസ്സിലാക്കാൻ തീമരങ്ങൾ പോലെയുള്ള തീക്ഷ്ണമായ എഴുത്തുകൾ വായനക്കാരെ നിർബന്ധിക്കുന്നവയാണ്.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് നമ്മുടെ നീതിന്യായത്തിന്റെ ഘടന വിവക്ഷിക്കുന്നത്. എന്നാൽ ക്രൂശിക്കപ്പെടുന്നവരിലും കുറ്റവാളിയാക്കപ്പെടുന്നവരിലും പലപ്പോഴും ചതിക്കപ്പെട്ടവരും നീതി നിഷേധിക്കപ്പെട്ടവരും മൂകരായി നിൽക്കുന്നതു നാം കാണാതെ പോകുന്നു. നോവൽ വായിക്കുമ്പോൾ മനസ്സ് ബംഗാളിലെ നക്‌സൽബാരി വനങ്ങളിലേക്കും തൊഴിലാളികൾ രക്തം ചിന്തി അടിമകളെപ്പോലെ പണിയെടുക്കുന്ന വരണ്ട കൃഷിഭൂമികളിലേക്കും സഞ്ചരിക്കുന്നു.
വിപ്ലവം ആശയങ്ങളിൽ നിന്ന് തോക്കിൻ കുഴലിലേക്കു മാത്രമായി ചുരുങ്ങിയപ്പോൾ ജനകീയ പ്രസ്ഥാനങ്ങളിൽ നിന്ന് കടുംചുവപ്പുള്ള വീര്യമൊഴിഞ്ഞു പോയി. ജനാധിപത്യ സമര മുഖങ്ങളിൽ സായുധ സമരത്തിന് സ്ഥാനമില്ലെന്ന് ചരിത്രം നമ്മെ ബോധിപ്പിക്കുന്നു. തങ്കരാജും കറുപ്പനും ആയുധമേന്തുന്ന വിപ്ലവാശയങ്ങളുടെ ദിശ തെറ്റിയ പോക്കിനെ തിരുത്തുന്നുണ്ട്. ആദിവാസി കോളനിയിൽ മുരുകനോടൊപ്പമുണ്ടായിരുന്ന മല്ലികയെയാണ് അന്വേഷണ സംഘം തിരഞ്ഞുകൊണ്ടിരുന്നത്.
മല്ലികയെ തേടി തമിഴ്്നാട്ടിലെത്തുന്ന പോലീസ് സംഘം മധുര, ശിവഗംഗ, കമ്പം, നാട്ടരശൻ കോട്ട, തേവാരം തുടങ്ങിയ തമിഴ് ഭൂമികയിലൂടെ സഞ്ചരിക്കുമ്പോൾ വായനക്കാരനു മുന്നിൽ വ്യത്യസ്തമായ കഥാപ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു. മല്ലിക, ഉദൈയാൾ എന്നു വിളിക്കപ്പെടുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത് ഒരു ഭൂപ്രദേശവും എന്നോ ആക്രമിക്കപ്പെട്ട തേവർ മാളികയുമാണ്. ചരിത്രത്തിന്റെ ചില ആവർത്തന സ്വഭാവങ്ങൾ നോവലിന്റെ കഥാഗതിയെ സ്വാധീനിക്കുന്നുണ്ട്. ശിവഗംഗയുടെ ചരിത്രത്തോടൊപ്പം കഥയുടെ ഉൾപ്പിരിവുകളിൽ സമാന്തരമായൊരു പ്രണയവും കഥാകാരൻ മിഴിവോടെ അനാവൃതമാക്കുന്നുണ്ട്. പോലീസ് തങ്ങളുടെ അന്വേഷണങ്ങളിൽ കാണിക്കുന്ന പ്രതിബദ്ധതയും അവർ നേരിടുന്ന വൈതരണികളേയും പ്രതിസന്ധികളേയും അനുഭവിപ്പിക്കുന്നുണ്ട് സുരേന്ദ്രൻ മങ്ങാട്ട് എന്ന എഴുത്തുകാരൻ. ചരിത്രാന്വേഷണം യാഥാർഥ്യങ്ങളിലൂടെയുള്ള സഞ്ചാര മാകുമ്പോൾ തന്നെ സാഹിത്യത്തിന്റെ ഊഷ്മളതയുള്ള ഭാവനാ ലോകവും പ്രണയത്തിന്റെ സൗന്ദര്യവും തീമരങ്ങളിലുയർന്നു നിൽക്കുന്നതു കാണാം.
കുറ്റാന്വേഷണ നോവൽ ആണെന്ന് തീർത്തുപറയാൻ കഴിയാത്ത രീതിയിൽ സഹനത്തിന്റെ വിവിധ ദശകളിലൂടെ കടന്നുപോകുന്ന മല്ലികയുടെ ആർദ്രമായ, കളങ്കമില്ലാത്ത പ്രണയം, ശിൽപ്പസൗന്ദര്യമുള്ള ആഖ്യാന രീതിയിൽ തന്നെ നോവലിൽ സൃഷ്ടിച്ചിരിക്കുന്നു.
“ഈ രാജ്യത്തെ ദുഷിച്ച വ്യവസ്ഥിതികളെ, ചൂഷണങ്ങളെ എതിർത്ത് നിൽക്കാവുന്ന ഒരു പ്രത്യയശാസ്ത്രവും നമുക്ക് മുന്നിലില്ല. എല്ലാം നമ്മുടെ സങ്കൽപ്പങ്ങൾ മാത്രമാണ്’ എന്ന് ബോധ്യപ്പെടുത്തുന്ന വിപ്ലവം മതിയാക്കിയ തങ്കരാജിന്റെ വാക്കുകൾ നിസ്സംഗതാമുദ്രയുള്ള സമൂഹത്തിനു നേർക്കെയ്യുന്ന കൂരമ്പുകളാണ്.
ഈ നോവൽ വായിച്ചു തീരുമ്പോൾ അഗ്‌നിയിൽ കരിഞ്ഞുപോയ തീമരങ്ങളായ കുറേ ജീവിതങ്ങൾ വായനയിൽ നമ്മോടൊപ്പം ചേരും. ഒപ്പം വീണ്ടും പുതു ഇലകൾ കിളിർത്തുവരുന്ന ചില്ലകളുള്ള മരങ്ങൾ സ്വപ്നങ്ങളിലേക്കു വളരുന്നതും കാണാം. രചനാ സങ്കേതങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന തീമരങ്ങൾ തീർച്ചയായും ഏറെ വായിക്കപ്പെടേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമായ കൃതിയാണ്. പ്രസാധകർ: മനോരമ ബുക്‌സ്. വില 260 രൂപ.