Connect with us

സ്മൃതി

മിതവ്യയത്തിനായുള്ള പോരാട്ടം

ഗാന്ധിയൻ ദർശനങ്ങളിലൂടെ ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണത്തിന് നേതൃത്വം കൊടുത്തു കൊണ്ട് ബഹുഗുണ പല ഇടപെടലുകള്‍ നടത്തുകയുണ്ടായി.

Published

|

Last Updated

ഹിമാലയം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ലോകം ഏറ്റവും കൂടുതൽ തവണ കേട്ടത് സുന്ദർലാൽ ബഹുഗുണ നേതൃത്വം നൽകിയ സമരങ്ങളിലൂടെയാണ്. ഹിമാലയം വരുമാനമുണ്ടാക്കാനുള്ളതല്ല അത് വെള്ളത്തിനുള്ളതാണ്‌. വികസനവും പരിസ്ഥിതിയും തമ്മിലല്ല മറിച്ച് നശീകരണവും അതിജീവനവും തമ്മിലായിരിക്കണം പോരാടേണ്ടത്… തുടങ്ങിയ സന്ദേശങ്ങളിലൂടെ പ്രകൃതി സംരക്ഷണത്തിനായി ജീവാർപ്പണം നടത്തിയ വ്യക്തിയാണ് സുന്ദർലാൽ ബഹുഗുണ. ഗാന്ധിയൻ ദർശനങ്ങളിലൂടെ ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണത്തിന് നേതൃത്വം കൊടുത്തു കൊണ്ട് ബഹുഗുണ പല ഇടപെടലുകള്‍ നടത്തുകയുണ്ടായി. മിതവ്യയത്തിനായി പ്രവർത്തിച്ചുകൊണ്ട് ഹിമാലയത്തിലെ ജനങ്ങൾക്കുവേണ്ടി നിലകൊണ്ടു. പ്രത്യേകിച്ചും ഹിമാലയത്തിലെ പാവങ്ങളായ സ്ത്രീജനങ്ങൾക്കായി പൊരുതി. ഭാരതത്തിലെ നദികളുടെ സം‌രക്ഷണത്തിനായും പോരാടി.

വന നശീകരണത്തിന് എതിരായ ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദർലാൽ ബഹുഗുണ. പ്രകൃതിക്കുവേണ്ടി അഹിംസാപരമായി സമരം ചെയ്‌ത ഒരു കൂട്ടം ഗ്രാമവാസികളുടെ കൂട്ടായ്മയാണ് ചിപ്കോ. ഈ പ്രസ്ഥാനം ആരംഭിച്ചത് 1970 ലാണ് . ചിപ്കോ എന്നതിന്റെ അർഥം കെട്ടിപ്പിടിക്കുക എന്നാണ്. മരം മുറിക്കുന്നവരെ തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു സമരത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ സമര ചരിത്രത്തിൽ പ്രശസ്തമായ നാമമാണ് ചിപ്‌കോ.

മരങ്ങൾ മുറിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് സുന്ദർലാൽ ബഹുഗുണ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോട് അഭ്യർഥിച്ചു. തുടർന്ന് 1980 ൽ ഹിമാലയൻ വനപ്രദേശങ്ങളിൽ മരം മുറിക്കൽ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ചിപ്കോയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് ഗ്രാമീണ സ്ത്രീകളുടെ ബഹുജന പങ്കാളിത്തമായിരുന്നു. ഉത്തരാഖണ്ഡിലെ കാർഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിച്ചത് പരിസ്ഥിതി നശീകരണവും വനനശീകരണവുമായിരുന്നു. സ്ത്രീകൾ സംഘടിതമായി രംഗത്തിറങ്ങാൻ കാരണം അതായിരുന്നു.

1927 ജനുവരി 9 ന് ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ മറോദ എന്ന ഗ്രാമത്തിലായിരുന്നു ബഹുഗുണയുടെ ജനനം. ആദ്യകാലങ്ങളിൽ തൊട്ടുകൂടായ്മക്കെതിരെ പോരാടിയ അദ്ദേഹം പിന്നീട് 1965 മുതൽ 1970 വരെയുള്ള കാലങ്ങളിൽ മലഞ്ചെരുവിലെ സ്ത്രീജനങ്ങളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ പോരാട്ടം നടത്തുകയുണ്ടായി. ഹിമാലയന്‍ കാടുകളില്‍ കൂടി ഏതാണ്ട് 4,700 കി.മീ. കാല്‍നടയായി സഞ്ചരിച്ച് വന്‍കിട പദ്ധതികള്‍ മൂലമുണ്ടായ വനനശീകരണത്തെക്കുറിച്ചും ജനജീവിതത്തെക്കുറിച്ചും അദ്ദേഹം പഠിച്ചു. തെഹ്‌രി അണക്കെട്ടിനെതിരായ പ്രക്ഷോഭത്തില്‍ അണിനിരന്നു. അണക്കെട്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ ഉറപ്പിനെ തുടർന്ന് 45 ദിവസം നീണ്ട ഉപവാസസമരം അവസാനിപ്പിച്ചു.

2001ല്‍ അണക്കെട്ടിന്റെ പണി പുനരാരംഭിച്ചതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ബഹുഗുണ അറസ്റ്റിലായി. വനത്തില്‍ വൃക്ഷങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ഗ്രാമീണരായ സ്ത്രീകള്‍ സമരരംഗത്തെത്തി. വനം തങ്ങളുടെ വീടാണെന്നു പ്രഖ്യാപിച്ച ഇവര്‍ 1974 ൽ രാവെന്നോ പകലെന്നോ ഭേദമില്ലാതെ മരങ്ങളെ ആലിംഗനം ചെയ്ത് കൊണ്ട് പുത്തൻ സമരരീതി കാഴ്ചവെച്ചു. സമീപഗ്രാമങ്ങളില്‍നിന്നു കൂടുതല്‍ പേരെത്തി മരങ്ങള്‍ക്കു കവചമായപ്പോള്‍ മരം വെട്ടാന്‍ വന്നവർ ശ്രമം ഉപേക്ഷിച്ചു മടങ്ങി.

“ആവാസ വ്യവസ്ഥയാണ്‌ സ്ഥിരസമ്പത്ത്’ എന്ന മുദ്രാവാക്യമുയർത്തി 1981 മുതൽ 1983 വരെ അദ്ദേഹം നടത്തിയ ഹിമാലയത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്ര ചിപ്കോയെ ജനമധ്യത്തിലേക്ക് കൊണ്ടുവന്നു. ഈ യാത്ര അവസാനിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ്‌. ഹരിതവൃക്ഷങ്ങൾ മുറിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഇന്ദിരാ ഗാന്ധിയുടെ ഉത്തരവ് ഈ കൂടിക്കാഴ്ചയുടെ ഫലമായി ഉണ്ടായതാണ്‌. 2009ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 2021 മെയ് 21 ന് കൊവിഡ് ബാധയാൽ ഋഷികേശ് എയിംസിൽ അന്തരിച്ചു.

ഗാന്ധിമാർഗത്തിലൂടെ ബഹുഗുണയുടെ സമരം പ്രത്യക്ഷത്തിൽ മതപരമെന്നു ധരിച്ചവരിൽ നിന്നു അദ്ദേഹത്തിനു എതിർപ്പും നേരിടേണ്ടിവന്നു. ഭിന്നസ്വരങ്ങളെ മനസ്സിലാക്കിയും സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങളില്‍നിന്നു പഠിച്ചുമാണ് ബഹുഗുണ ഹിമാലയന്‍ പരിസ്ഥിതി സമരങ്ങളുടെ ഭാഗമായത്. പ്രകൃതിയെപ്പറ്റിയുള്ള ആശയങ്ങളെ വിപുലപ്പെടുത്തിയാണ് ബഹുഗുണ ഹിമാലയന്‍ പരിസ്ഥിതി മുന്നേറ്റങ്ങളില്‍ ഇടപെടല്‍ നടത്തിയത്. പരിസ്ഥിതിയാണ് അടിസ്ഥാനം എന്ന സാമൂഹിക ബോധം സമകാലീന ഇന്ത്യയില്‍ രൂപപ്പെടുത്തുന്നതില്‍ നിർണായക പങ്കാണ് സുന്ദര്‍ലാല്‍ ബഹുഗുണ വഹിച്ചത്.

Latest