National
ഹിന്ദി ബെൽറ്റിൽ കരുത്ത് കാട്ടി ബിജെപി; നാലിൽ മൂന്നിടത്തും ഭരണമുറപ്പിച്ചു; കോൺഗ്രസിന് ആശ്വാസം തെലങ്കാന മാത്രം
ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ സ്ഥലങ്ങളിലെല്ലാം കോൺഗ്രസ് പതിവുപോലെ പരാജയം ഏറ്റുവാങ്ങി.
ന്യൂഡൽഹി | അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിടത്തെ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന് തിരിച്ചടി. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി വീണ്ടും ശക്തി തെളിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികാരമുറപ്പിച്ചപ്പോൾ തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി അധികാരം നേടിയത് മാത്രമാണ് കോൺഗ്രസിന് ആശ്വാസമായത്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ സ്ഥലങ്ങളിലെല്ലാം കോൺഗ്രസ് പതിവുപോലെ പരാജയം ഏറ്റുവാങ്ങി.
ഛത്തീസ്ഗഡും രാജസ്ഥാനും കോൺഗ്രസിൽ നിന്നു ബിജെപി പിടിച്ചെടുക്കുകയാണ്. മധ്യപ്രദേശിൽ തുടർഭരണവും. ഇതോടെ ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളെല്ലാം ബിജെപയുടെ കൈവെള്ളയിലായി. ഉത്തർപ്രദേശാണ് ഹിന്ദി ബെൽറ്റിൽ ബിജെപി ആധിപത്യമുള്ള മറ്റൊരു സംസ്ഥാനം. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിജെപിക്ക് വർധിത ആത്മവിശ്വാസമാണ് ആ മുന്നേറ്റങ്ങൾ നൽകുന്നത്.
ഒരു ഘട്ടത്തിൽ ഛത്തീസ്ഗഡിൽ ശക്തമായ പോരാട്ടത്തിന്റെ സൂചനകളാണ് ലഭിച്ചിരുന്നത്. കോൺഗ്രസും ബിജെപിയും ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിുരന്നു. എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചതോടെ കോൺഗ്രസ് പ്രതീക്ഷകൾ നിലംപൊത്തി. കമൽനാഥിന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്.
തെലങ്കാനയിൽ വൻതിരിച്ചുവരവ് നടത്താനായി എന്നതാണ് കോൺഗ്രസിന് ആശ്വാസകരമായ കാര്യം. എഴുപതിലധികം സീറ്റുകളിൽ മികച്ച മുന്നേറ്റമാണ് ഇവിടെ കോൺഗ്രസ് നടത്തുന്നത്. തുടർഭരണം ഉറപ്പിച്ച് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട ബിആർഎസ് നാൽപത് സീറ്റുകളിൽ ഒതുങ്ങി. ഇവിടെ ബിജെപി പത്ത് സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനൽ എന്ന വിശേഷിപ്പിക്കുന്ന സുപ്രധാനമായ തിരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തവരുന്നത്. അഞ്ചു സംസ്ഥാനങ്ങളിൽ മിസോറാമിന്റെ ഫലം നാളെ അറിയാം.
എക്സിറ്റ് പോളുകൾ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിന്റെയും രാജസ്ഥാനിൽ ബിജെപിയുടെയും മുന്നേറ്റമാണ് പ്രവചിച്ചിരുന്നത്. മധ്യപ്രദേശിൽ 4 വീതം എക്സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം നൽകിയിരുന്നു. രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസും മധ്യപ്രദേശ് ബിജെപിയുമാണു ഭരിക്കുന്നത്.
തെലങ്കാനയിൽ ബിആർഎസും മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടുമാണ് അധികാരത്തില്‍.