From the print
കണ്ണൂരില്‍ ചിത്രം തെളിയുന്നു; മത്സരിക്കാന്‍ സുധാകരനുമേല്‍ എ ഐ സി സി സമ്മര്‍ദം
കണ്ണൂരില്‍ ഇടത് മുന്നണിക്ക് വേണ്ടി സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മത്സരത്തിനിറങ്ങുന്ന സാഹചര്യത്തിലാണ് കെ സുധാകരന് മേല്‍ സമ്മര്‍ദം മുറുകിയത്.
കണ്ണൂര്‍ | കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. ഇത്തവണ താന്‍ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്ന കെ സുധാകരനോട് തീരുമാനം മാറ്റാന്‍ എ ഐ സി സി ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
കണ്ണൂരില്‍ ഇടത് മുന്നണിക്ക് വേണ്ടി സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മത്സരത്തിനിറങ്ങുന്ന സാഹചര്യത്തിലാണ് കെ സുധാകരന് മേല്‍ സമ്മര്‍ദം മുറുകിയത്. സീറ്റ് നില നിര്‍ത്തണമെങ്കില്‍ കെ സുധാകരന്‍ തന്നെ രംഗത്തിറങ്ങണമെന്നാണ് പാര്‍ട്ടിയിലെ മിക്ക നേതാക്കളുടെയും അഭിപ്രായം. ജില്ലാ നേതൃത്വം എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖേന എ ഐ സി സി നേതൃത്വത്തെ വിവരം ധരിപ്പിച്ചിട്ടുമുണ്ട്. ഇതോടെയാണ് കണ്ണൂരില്‍ മത്സരിക്കാന്‍ കെ സുധാകരനോട് എ ഐ സി സിയില്‍ നിന്ന് സമ്മര്‍ദമുണ്ടായത്. സുധാകരന്‍ ഇല്ലെങ്കില്‍ ജയസാധ്യത കുറവെന്ന വിലയിരുത്തലിലാണ് നേതൃത്വം. കെ സുധാകരനല്ലാതെ മറ്റാരെങ്കിലും മത്സരിച്ചാല്‍ കണ്ണൂര്‍ നഷ്ടപ്പെടുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
സുധാകരന്‍ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ നാലാമത്തെ ലോക്സഭാ മത്സരമായിരിക്കുമിത്. മൂന്ന് തവണ മത്സരിച്ച കെ സുധാകരന്‍ ഒരു തവണ പരാജയപ്പെട്ടിരുന്നു. 2009ല്‍ സി പി എമ്മിലെ കെ കെ രാഗേഷിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. 2014ല്‍ സി പി എമ്മിലെ പി കെ ശ്രീമതിയോട് തോറ്റെങ്കിലും 2019ല്‍ ശ്രീമതിയില്‍ നിന്ന് സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. 2014ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് പി കെ ശ്രീമതിയോട് തോറ്റത്. എന്നാല്‍ 2019ല്‍ സി പി എം നേതൃത്വത്തെ ഞെട്ടിച്ച വിജയമായിരുന്നു കെ സുധാകരന്റേത്. സി പി എം കേന്ദ്രങ്ങളില്‍ പോലും കെ സുധാകരന്‍ അന്ന് കടന്നു കയറി വോട്ട് നേടി.
ഇത്തവണ സീറ്റ് തിരച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടാണ് സി പി എം. എം വി ജയരാജനെ തന്നെ മുന്നോട്ട് വെക്കുന്നത്. പാര്‍ട്ടിയിലും എതിരാളികളിലും വലിയ എതിര്‍പ്പില്ലെന്നതിനാലാണ് എം വി ജയരാജനെ രംഗത്തിറക്കാന്‍ സി പി എം തയ്യാറായത്. സി പി എം ജില്ലാ സെക്രട്ടറിയായ എം വി ജയരാജന്റെ പേര് ജില്ലാ കമ്മിറ്റിയാണ് നിര്‍ദേശിച്ചത്. പിണറായി വിജയന്റെ വിശ്വസ്തന്‍ കൂടിയാണ് മുന്‍ എടക്കാട് എം എല്‍ എയായിരുന്ന ജയരാജന്‍. ഒന്നാം പിണറായി സര്‍ക്കാറില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവേ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായപ്പോഴാണ് എം വി ജയരാജന്‍ ചുമതലയേല്‍ക്കുന്നത്. ലോക്സഭയിലേക്ക് എം വി ജയരാജന്റെ കന്നിയങ്കമാണ്.
അതേസമയം, കണ്ണൂരില്‍ മത്സരിക്കണമെങ്കില്‍ ചില നിബന്ധനകള്‍ കെ സുധാകരന്‍ മുന്നോട്ടു െവച്ചതായി സൂചനയുണ്ട്. അതില്‍ പ്രധാനം കെ പി സി സി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തണമെന്നതാണ്. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായേക്കും. കണ്ണൂരില്‍ ഈഴവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്ന നേതൃത്വത്തിന്റെ താത്പര്യം കൂടിയായതോടെ സ്ഥാനാര്‍ഥിത്വം കെ സുധാകരനിലെത്തുകയായിരുന്നു.