t20worldcup
ദ ഫൈനൽ; ആസ്‌ത്രേലിയയും ന്യൂസിലാൻഡും ഇറങ്ങുന്നത് കന്നിക്കിരീടം ലക്ഷ്യമിട്ട്
ഒമാനിലെ മൈതാനത്ത് നിന്നാരംഭിച്ച ടി20 ലോകകപ്പ് മത്സരം അയൽ രാജ്യമായ യു എ ഇയിൽ ഇന്ന് അവസാനിക്കുമ്പോൾ കലാശപ്പോരിൽ നേർക്കുനേർ വരുന്നതും അയൽക്കാർ തന്നെ
ദുബൈ | 27 ദിവസങ്ങൾ… 44 മത്സരങ്ങൾ, ഒടുവിലിന്ന് രണ്ടേ രണ്ട് ടീമുകൾ മാത്രം… ഒമാനിലെ മൈതാനത്ത് നിന്നാരംഭിച്ച ടി20 ലോകകപ്പ് മത്സരം അയൽ രാജ്യമായ യു എ ഇയിൽ ഇന്ന് അവസാനിക്കുമ്പോൾ കലാശപ്പോരിൽ നേർക്കുനേർ വരുന്നതും അയൽക്കാർ തന്നെ. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30ന് ആസ്‌ത്രേലിയയും ന്യൂസിലാൻഡും ഇറങ്ങുന്നത് കന്നിക്കിരീടം ലക്ഷ്യമിട്ട്.
ദുബൈയിലെ പിച്ചിൽ ആരാദ്യം ടോസ് നേടുന്നുവോ, അവർക്ക് കളി തിരിക്കാനാകും. ടോസ് ലഭിക്കുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത. ദുബൈയിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് കൂടുതലും ജയിച്ചത്.
കിരീടത്തിനായുള്ള അവസാന മത്സരം അയൽക്കാരുമായി കളിക്കുന്നതിൽ ഏറെ ആകാംക്ഷയുണ്ടെന്ന് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ പറഞ്ഞു. കഴിഞ്ഞ ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടം നേടിയ ന്യൂസിലാൻഡ് ടി20 കിരീടവും നേടാമെന്ന ആവേശത്തിലാണിറങ്ങുന്നത്. എന്നാൽ പരുക്കേറ്റ വിക്കറ്റ് കീപ്പർ- ബാറ്റ്‌സ്മാൻ ഡെവൻ കൺവേയുടെ അഭാവം തിരിച്ചടിയാകുമോയെന്ന ആശങ്ക കിവികൾക്കുണ്ട്.
അതേസമയം, ന്യൂസിലാൻഡിനെതിരായ മത്സരം കടുത്തതാകുമെന്ന് തന്നെയാണ് ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറയുന്നത്.
കെയിനും സംഘവും അവസാന നിമിഷം വരെ പോരാടുമെന്നുറപ്പാണ്. അതുകൊണ്ട് കളിക്കളത്തിൽ അതീവശ്രദ്ധ പുലർത്തണം. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും സ്വന്തമായ ശൈലി ന്യൂസിലാൻഡിനുണ്ട്. അതിനെ മറികടക്കാനുള്ള ഗെയിം പ്ലാൻ ഞങ്ങൾക്കുമുണ്ട്- ഫിഞ്ച് വ്യക്തമാക്കി.