Ongoing News
ഫൈനൽ ടച്ച്; യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാർ ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി
ബെർലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്
ബെർലിൻ | യൂറോപ്പിലെ പുതിയ ഫുട്ബോൾ രാജാക്കന്മാർ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ യുവതാരങ്ങൾ അണിനിരക്കുന്ന സ്‌പെയിൻ നിലവിലെ റണ്ണേഴ്‌സപ്പായ ഇംഗ്ലണ്ടിനെ നേരിടും. ബെർലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്.
കളിച്ച ആറ് മത്സരങ്ങളിലും ജയിച്ചാണ് സ്‌പെയിൻ ഫൈനലിലെത്തിയത്. ലൂയീസ് ലാ ഫ്യൂന്റെയുടെ ശിഷ്യന്മാരുടെ തേരോട്ടത്തിന് മുന്നിൽ പല വന്പന്മാർക്കും അടിതെറ്റി. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയും നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും സ്‌പെയിനിന്റെ ചൂടറിഞ്ഞു. സ്വന്തം കാണികൾക്കു മുന്നിൽ കളിക്കാനിറങ്ങിയ ജർമനിയെ ക്വാർട്ടറിൽ വീഴ്ത്തിയ അവർ, മുൻ ചാമ്പ്യന്മാരായ ഫ്രാൻസിന് മടക്ക ടിക്കറ്റ് നൽകിയാണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്.
കഴിവുറ്റ പ്രതിഭകൾ ഏറെയുണ്ടായിട്ടും പ്രധാന കിരീടങ്ങൾ എന്നും അകലെയായിരുന്നു ഇംഗ്ലണ്ടിന്. കിരീട വരൾച്ചക്ക് അറുതിയിടുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാകും ഹാരി കെയ്‌നും സംഘവും പന്തുതട്ടുക. ഇത്തവണ ഇംഗ്ലണ്ടും തോൽവിയറിഞ്ഞിട്ടില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് സമനില വഴങ്ങിയിരുന്നു. സെർബിയക്കെതിരായ നേരിയ വിജയത്തിന് ശേഷം ഡെന്മാർക്കിനോടും സ്ലൊവേനിയയോടുമാണ് സമനില വഴങ്ങിയത്.
പ്രീ ക്വാർട്ടറിൽ സ്ലൊവാക്യയെ തോൽപ്പിച്ചു. ക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിനെ ഷൂട്ടൗട്ടിൽ മറികടന്ന ടീം നെതർലാൻഡ്‌സിനെ തോൽപ്പിച്ചാണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
കഴിഞ്ഞ തവണ ഇറ്റലിയോടായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങിയെങ്കിലും തുടർച്ചയായ രണ്ടാം തവണയും ഫൈനലിലെത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞു. മികച്ച പ്രതിരോധമാണ് ഇംഗ്ലണ്ടിന്റേത്. മധ്യനിരയിൽ കോബി മൈനൂ, ബുകായോ സാക, ഫിൽ ഫോഡൻ എന്നിവർ മികച്ചു നിൽക്കുന്നു. മുന്നേറ്റനിരയിൽ ഹാരി കെയ്‌നും ജൂഡ് ബെല്ലിംഗ്ഹാമുമുണ്ട്.
ആറ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളാണ് ഇംഗ്ലീഷുകാർ സ്‌കോർ ചെയ്തത്. വഴങ്ങിയത് നാലെണ്ണം. രണ്ട് കളികളിൽ ഗോൾ വഴങ്ങിയില്ല.
മറുവശത്ത് വിംഗർമാരായ നികോ വില്യംസും ലാമിൻ യമാലും ഇംഗ്ലീഷ് പ്രതിരോധത്തിന് നിരന്തരം ഭീഷണിയുയർത്തും. നാലാം കിരീടമാണ് സ്‌പെയിനിന്റെ ഉന്നം. ഇന്ന് ജയിച്ചാൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന ടീമായി സ്‌പെയിൻ മാറും. 2012ലാണ് അവർ അവസാനമായി വൻകര കിരീടമുയർത്തിയത്. ആക്രമണത്തിൽ സ്‌പെയിനാണ് മുന്നിൽ. ആറ് കളികളിൽ 13 തവണയാണ് അവർ എതിർവലയിൽ പന്തെത്തിച്ചത്. മൂന്ന് തവണ ലക്ഷ്യം കണ്ട ഡാനി ഒൽമോയാണ് ഗോൾവേട്ടക്കാരിൽ ഒന്നാമൻ. ഫാബിയാൻ റൂയിസ് രണ്ട് ഗോളുകൾ നേടി. കൗമാര താരം ലാമിൻ യമാൽ ഒരു ഗോൾ നേടുകയും മൂന്ന് ഗോളിന് അവസരമൊരുക്കുകയും ചെയ്തു. ഗോളിലേക്കുള്ള കൂടുതൽ ശ്രമങ്ങളും സ്‌പെയിനിന്റെ പേരിലാണ്.
നേർക്കുനേർ
നേർക്കുനേർ പോരാട്ടങ്ങളിൽ ഇംഗ്ലണ്ടിനാണ് മുൻതൂക്കം. ഇരു ടീമുകളും പരസ്പരം 27 മത്സരങ്ങൾ കളിച്ചപ്പോൾ 14ലും ഇംഗ്ലണ്ടിനായിരുന്നു ജയം. പത്ത് മത്സരങ്ങൾ സ്‌പെയിൻ ജയിച്ചു. മൂന്നെണ്ണം സമനില.
എന്നാൽ, പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ സ്‌പെയിനിനെതിരെ അവസാന മൂന്ന് മത്സരങ്ങളിൽ ഗോൾ നേടാൻ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. വിവിധ ടൂർണമെന്റുകളിലായി ഇംഗ്ലണ്ടിനെതിരെ അവസാനം കളിച്ച 14 മത്സരങ്ങളിൽ സ്‌പെയിൻ നാല് തവണ മാത്രമാണ് പരാജയപ്പെട്ടത്.
ആറ് വർഷങ്ങൾക്കു മുമ്പ് 2018 യുവേഫ നാഷൻസ് ലീഗിലായിരുന്നു അവസാന മത്സരം. അന്ന് ഇംഗ്ലണ്ട് 3-2ന് ജയിച്ചു.