From the print
കലയുടെ നിറവസന്തത്തിന് ഇന്ന് അരങ്ങുണരും
കേരള സാഹിത്യോത്സവ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിശ്വാസ് പാട്ടീൽ നാളെ ഉദ്ഘാടനം ചെയ്യും
കോഴിക്കോട് | വാണിജ്യ പ്രതാപത്തിന്റെ കഥ പറയുന്ന മഞ്ചേരിയിൽ ഇനി മൂന്ന് നാൾ കലയുടെ നിറവസന്തം. മികവ് തെളിഞ്ഞ രണ്ടായിരത്തോളം കലാപ്രതിഭകൾ 170 ഇനങ്ങളിലായി മാറ്റുരക്കുന്ന എസ് എസ് എഫ് 31ാമത് കേരള സാഹിത്യോത്സവിന് ഇന്ന് അരങ്ങുണരും. വിദ്യാർഥികളുടെ കലാ, സാംസ്‌കാരിക മത്സരങ്ങൾക്ക് പുറമെ സാഹിത്യ, സാംസ്‌കാരിക പ്രമുഖർ അണിനിരക്കുന്ന പ്രമേയ പ്രഭാഷണങ്ങളും ചർച്ചാ സംഗമങ്ങളും വേദികളെ സജീവമാക്കും. ജീവിതം എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സാഹിത്യോത്സവ്. 13 വേദികളിലായാണ് മത്സരങ്ങൾ.
മലയാളത്തിലെ വ്യത്യസ്ത പ്രസാധനാലയങ്ങൾ പങ്കെടുക്കുന്ന പുസ്തകമേള നഗരിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മെയ് മുതൽ ആഗസ്റ്റ് വരെ രണ്ട് ലക്ഷം വിദ്യാർഥികൾ പങ്കാളികളായ ഫാമിലി, ബ്ലോക്ക്, യൂനിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ല സാഹിത്യോത്സവുകളിൽ മാറ്റുരച്ച് വിജയിച്ചവരാണ് സംസ്ഥാന സാഹിത്യോത്സവിൽ മത്സരിക്കാനെത്തുന്നത്. 917 ആർട്‌സ് ആൻഡ് സയൻസ്, പ്രൊഫഷനൽ കോളജുകളിലെ വിദ്യാർഥികളും വിവിധ തലങ്ങളിലെ സാഹിത്യോത്സവുകളിൽ പങ്കെടുത്തിട്ടുണ്ട്.
സാഹിത്യോത്സവ് അവാർഡ് ഈവ് ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. പത്താമത് സാഹിത്യോത്സവ് അവാർഡ് കവിയും സാഹിത്യകാരനുമായ പി എൻ ഗോപീകൃഷ്ണന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ സമ്മാനിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാന്ദൻ, വെങ്കിടേഷ് രാമകൃഷ്ണൻ, സി ആർ കെ മുഹമ്മദ്, രാജീവ് ശങ്കരൻ, സി എൻ ജഅ്ഫർ സ്വാദിഖ് അവാർഡ് സെഷനിൽ പങ്കെടുക്കും.
ഔദ്യോഗിക ഉദ്ഘാടന കർമം നാളെ വൈകിട്ട് നാലിന് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ വിശ്വാസ് പാട്ടീൽ നിർവഹിക്കും.
മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, കെ പി രാമനുണ്ണി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മജീദ് കക്കാട്, മുസ്തഫ കോഡൂർ, സയ്യിദ് മുനീറുൽ അഹ്ദൽ സംസാരിക്കും. വൈകിട്ട് അഞ്ചിന് പുസ്തകലോകം കായിക മന്ത്രി വി അബ്ദുർറഹ്്മാൻ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സുറൈജി സഖാഫി, സെക്രട്ടറിമാരായ പി മുഹമ്മദ് ജാബിർ, സ്വാദിഖ് അലി ബുഖാരി, സി എം സ്വാബിർ സഖാഫി, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം അഫ്സൽ ഹുസൈൻ പങ്കെടുത്തു.