Petrol Diesel Price Hike
നികുതിയിളവിൻ്റെ ഒരു രൂപ ആനുകൂല്യം ലഭിക്കാത്തത് പെട്രോളിൻ്റെ അടിസ്ഥാന വില കമ്പനികൾ വർധിപ്പിച്ചതിനാലാണെന്ന് ധനമന്ത്രി
ഈ വ്യത്യാസത്തിന്റെ കാരണം പെട്രോളിൻ്റെ അടിസ്ഥാന വില വർധിപ്പിച്ചതാണ്.
തിരുവനന്തപുരം | കേന്ദ്ര നികുതി കുറച്ചതിനോടൊപ്പം പെട്രോളിന്റെ അടിസ്ഥാന വില 79 പൈസ ഓയിൽ കമ്പനികൾ വർധിപ്പിച്ചെന്നും ഇതിനാലാണ് ഒരു രൂപയുടെ ആനുകൂല്യം ലഭിക്കാത്തതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ദിവസം പെട്രോളിന്റെ കേന്ദ്ര നികുതി 8 രൂപ കുറച്ചതിനൊപ്പം സംസ്ഥാന സർക്കാർ 2.41 രൂപ സംസ്ഥാന നികുതിയും കുറച്ചിരുന്നു.
അതായത് പെട്രോൾ വിലയിൽ 10.41 രൂപയുടെ ആനുകൂല്യമാണ് സംസ്ഥാനത്ത് ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 9.40 രൂപ മാത്രമേ പെട്രോൾ വിലയിൽ കുറവു വന്നിട്ടുള്ളൂ. ഡീസൽ വിലയിലാകട്ടെ കേന്ദ്രവും സംസ്ഥാനവും നൽകിയ ഇളവ് പൂർണമായും ലഭിച്ചു. ഈ വ്യത്യാസത്തിന്റെ കാരണം പെട്രോളിൻ്റെ അടിസ്ഥാന വില വർധിപ്പിച്ചതാണ്. ഇതിൻ്റെ നികുതി കൂടി കൂട്ടുമ്പോൾ ഒരൂ രൂപ വരും.
ഈ രീതിയിൽ വില വർധന കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽതന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാവുകയും പഴയ വിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.