Ongoing News
ആദ്യ സംഘം മലയാളി ഹാജിമാര്‍ക്ക് മക്കയില്‍ ഉജ്ജ്വല സ്വീകരണം
ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും വിവിധ മലയാളി സന്നദ്ധ സംഘടനകളും വിമാനത്താവളത്തില്‍ ഹാജിമാരെ സ്വീകരിച്ചു. മക്കയിലെ വിവിധ വളണ്ടിയര്‍ സംഘങ്ങള്‍ ഹാജിമാര്‍ക്ക് ഉപഹാരക്കിറ്റുകള്‍ സമ്മാനിച്ചു.
മക്ക | ഹജ്ജ് തീര്‍ഥാടനത്തിന് പുണ്യഭൂമിയിലെത്തിയ ആദ്യ സംഘം മലയാളി തീര്‍ഥാടകര്‍ക്ക് മക്കയില്‍ വിവിധ സംഘടനകള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. മക്ക അസീസിയയില്‍ രാവിലെ എട്ടിന് 182-ാം ബില്‍ഡിംഗിന്റെ മുമ്പില്‍ തീര്‍ഥാടകരേയും വഹിച്ച് ആദ്യ ബസ് എത്തിയപ്പോള്‍ ‘ത്വലഅല്‍ ബദ്‌റു’ ബൈത്തിന്റെ ഈരടികള്‍ അന്തരീക്ഷത്തിലുയര്‍ന്നു. മക്കയിലെ വിവിധ വളണ്ടിയര്‍ സംഘങ്ങള്‍ ഹാജിമാര്‍ക്ക് ഉപഹാരക്കിറ്റുകള്‍ സമ്മാനിച്ചു.
166 ഹാജിമാരുമായി കരിപ്പൂരില്‍ നിന്ന് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എ എക്‌സ് 3011 വിമാനം ഇന്നലെ കാലത്ത് അഞ്ചിനാണ് ജിദ്ദാ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെത്തിയത്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും വിവിധ മലയാളി സന്നദ്ധ സംഘടനകളും വിമാനത്താവളത്തില്‍ ഹാജിമാരെ സ്വീകരിച്ചു.
മക്ക അസീസിയായിലാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. മക്കയിലെത്തിയ തീര്‍ഥാടകരെ ഐ സി എഫ്-ആര്‍ എസ് സി വളണ്ടിയര്‍മാര്‍ ഉപഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു. കെ എം സി സി, നവോദയ, ഒ ഐ സി സി, വിഖായ, തനിമ തുടങ്ങിയ വിവിധ മലയാളി വളണ്ടിയര്‍ സംഘങ്ങളും മക്കയില്‍ ഹാജിമാരെ വരവേറ്റു. ഈത്തപ്പഴം, സംസം ജലം, വിവിധ തരം പാനീയങ്ങള്‍, മുസ്വല്ല തുടങ്ങിയവ നല്‍കിയാണ് വിവിധ വളണ്ടിയര്‍ സേനാംഗങ്ങള്‍ തീര്‍ഥാടകരെ വരവേറ്റത്.
ഐ സി എഫ്, രിസാല സ്റ്റഡി സര്‍ക്കിള്‍ ഹജ്ജ് വളണ്ടിയര്‍ കോര്‍ ചെയര്‍മാന്‍ ഹനീഫ അമാനി, കോര്‍ഡിനേറ്റര്‍ ജമാല്‍ കക്കാട്, ക്യാപ്റ്റന്‍ അനസ് മുബാറക്, ചീഫ് അഡ്മിന്‍ ശിഹാബ് കുറുകത്താണി, സ്വീകരണ ചുമതലയുള്ള കോര്‍ഡിനേറ്റര്‍മാര്‍ അന്‍സാര്‍ താനാളൂര്‍, അലി കോട്ടക്കല്‍, റഷീദ് വേങ്ങര എന്നിവര്‍ മക്കയില്‍ ഹാജിമാരെ സ്വീകരിക്കാന്‍ നേതൃത്വം നല്‍കി.
നവോദയക്കു വേണ്ടി ക്യാപ്റ്റന്‍ നെയ്‌സല്‍ കനി, വൈസ് ക്യാപ്റ്റന്‍ സനീഷ് പത്തനംതിട്ട, കണ്‍വീനര്‍മാരായ മുഹമ്മദ് മേലാറ്റൂര്‍, ഷിഹാബ് എണ്ണപ്പാടം, ട്രഷറര്‍ ബഷീര്‍ നിലമ്പൂര്‍ തീര്‍ഥാടകരെ വരവേറ്റു.
കെ എം സി സിക്കു വേണ്ടി കുഞ്ഞുമോന്‍ കാക്കിയ, മുജീബ് പൂക്കോട്ടൂര്‍, മുസ്തഫ മലയില്‍, നാസര്‍ കിന്‍സാര, ‘തനിമ’ യുടെ ബാനറില്‍ അബ്ദുല്‍ ഹക്കീം, സഫീര്‍ മഞ്ചേരി, ഷാനിബ നജാത്ത് എന്നിവര്‍ ഹാജിമാരെ വരവേറ്റു.