covid
വടക്കന്‍ കൊറിയയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു
ഭൂമിയില്‍ കൊവിഡ് പടരാത്ത ഏതാനും രാജ്യങ്ങളിലൊന്നായിരുന്നു ഇത്
പ്യോംഗ്യാംഗ് | ലോകത്താകെ കൊവിഡ്- 19 മഹാമാരി വ്യാപിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും ആദ്യ കേസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത് വടക്കന്‍ കൊറിയ. കൊവിഡിനെതിരെ ഇതുവരെ വടക്കന്‍ കൊറിയയില്‍ ആരും വാക്‌സിന്‍ എടുത്തിട്ടില്ല. കൊവിഡ് വ്യാപിച്ചാല്‍ വലിയ ആള്‍നാശത്തിന് ഇത് ഇടയാക്കുമെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു.
തലസ്ഥാനമായ പ്യോംഗ്യാംഗിലാണ് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. എത്ര പേര്‍ക്ക് രോഗമുണ്ടെന്നത് വ്യക്തമല്ല. വന്‍തോതില്‍ പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ.2 എന്ന ഉപവകഭേദമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയില്‍ കൊവിഡ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍, 2020 ജനുവരിയില്‍ അതിര്‍ത്തികള്‍ അടക്കുകയായിരുന്നു വടക്കന്‍ കൊറിയ. ഭൂമിയില്‍ കൊവിഡ് പടരാത്ത ഏതാനും രാജ്യങ്ങളിലൊന്നായിരുന്നു ഇത്. അതേസമയം, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ കൊറിയയില്‍ മഹാമാരി റിപ്പോര്‍ട്ട് ചെയ്തില്ലെന്നതില്‍ വിദഗ്ധര്‍ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. യു എന്‍ അടക്കം നിരന്തരം ആവശ്യപ്പെട്ടെങ്കിലും വാക്‌സിനേഷന് രാജ്യം തയ്യാറായിരുന്നില്ല.