Connect with us

Articles

ജനകീയ സമരങ്ങളുടെ ആദ്യ പരീക്ഷണം

വൈക്കം സത്യഗ്രഹം പ്രതിനിധാനം ചെയ്തത് സ്വാതന്ത്ര്യ സമരത്തിന്റെ അകക്കാമ്പിനെയാണ്. യഥാര്‍ഥ സ്വാതന്ത്ര്യം ജാതീയതയും മതാന്ധതയുമില്ലാത്ത നവ സമൂഹം സൃഷ്ടിച്ചാലേ സാധിക്കൂ എന്ന് ഈ സമരം വിളിച്ചു പറഞ്ഞു. നാനാജാതി മതസ്ഥര്‍ ഈ സമരത്തില്‍ പങ്കാളികളായി. ഇത് കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന്റെ വിശേഷ സ്വഭാവത്തെയും വെളിപ്പെടുത്തി. അവര്‍ണ ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നതിനെ പുരോഗമന കേരളം ഒന്നിച്ചെതിര്‍ത്തു.

Published

|

Last Updated

കേരള ചരിത്രത്തിലെ സുപ്രധാന സ്വാതന്ത്ര്യ സമരമായിരുന്നു 1924-25ല്‍ നടന്ന നൂറ് വയസ്സ് തികയുന്ന വൈക്കം സത്യഗ്രഹം. വൈദേശിക വാഴ്ച അവസാനിപ്പിക്കുന്നതിനും ദേശവിരുദ്ധമായ ജാതീയതക്കും തൊട്ടുകൂടായ്മക്കും അറുതിവരുത്തുന്നതിനുമാണ് ഈ സമരം വൈക്കത്തു നടന്നത്. മഹാത്മാ ഗാന്ധിയുടെ അനുഗ്രഹത്തോടെ ടി കെ മാധവനും കെ കേളപ്പനും കെ പി കേശവമേനോനും നയിച്ച സമരത്തില്‍ പുരോഗമന ചിന്താഗതിക്കാരായ എല്ലാവരും അണിചേര്‍ന്നു. വൈക്കം ക്ഷേത്ര റോഡിലൂടെ തൊട്ടുകൂടാത്തവരെന്ന് മുദ്രകുത്തപ്പെട്ട അവര്‍ണ ജാതിജനങ്ങള്‍ നടന്നുകൂടാ എന്ന നിരോധനത്തിനെതിരായിരുന്നു ഈ പോരാട്ടം. 1865ലെ തിരുവിതാംകൂര്‍ നിയമ പ്രകാരം പൊതുറോഡുകള്‍ എല്ലാ മനുഷ്യര്‍ക്കും തുറന്നു കൊടുത്തിരുന്നുവെങ്കിലും കോട്ടയത്തെ ദിവാന്‍ പേഷ്‌കാര്‍ വൈക്കം ക്ഷേത്ര റോഡില്‍ പ്രവേശന നിരോധനം സംബന്ധിച്ച ബോര്‍ഡ് 1924ല്‍ സ്ഥാപിച്ചതോടെയാണ് സമരത്തിന് വേദിയൊരുങ്ങിയത്.

1917ല്‍ രണ്ടാം മലബാര്‍ ജില്ലാ രാഷ്ട്രീയ സമ്മേളനം കോഴിക്കോട് നടന്നപ്പോള്‍ തളി ക്ഷേത്ര റോഡിലെ സമാധാന നിരോധനപ്പലക പറിച്ചെറിഞ്ഞ ആദ്യ സംഭവം ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന നിമിഷമായിരുന്നു. എന്നാല്‍ ജനങ്ങളെ അണിനിരത്തി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഒരു വന്‍ സമരം 1924ല്‍ തിരുവിതാംകൂറില്‍ നടന്നത് ഏറെ വ്യത്യസ്തമായ രീതിയിലായിരുന്നു. അവര്‍ണര്‍ക്കൊപ്പം പുരോഗമന വാദികളും ഇതര സമുദായക്കാരും ഒത്തുചേര്‍ന്നു നടത്തിയ സമരം ജാതിക്കോട്ടകളെ ഞെട്ടിക്കുകയുണ്ടായി. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ക്കടിസ്ഥാനമായി നടന്ന സമരം പുരോഗമന ചിന്തയിലധിഷ്ഠിതമായ കേരളത്തെ വളര്‍ത്തിയെടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു.

ജനങ്ങളുടെ പങ്കാളിത്തം
വൈക്കം സത്യഗ്രഹം ജനങ്ങളുടെ പിന്തുണ നേടി ശക്തമായ സമരമായത് കേരളത്തിലെ സ്വാതന്ത്ര്യ സമര രംഗത്തെ ആദ്യത്തെ അനുഭവമായിരുന്നു. വൈക്കത്തെ സമരഭൂമി സന്ദര്‍ശിക്കാന്‍ പതാകയേന്തി മൈലുകള്‍ നടന്നു പോയ നിരവധി സമര ഭടന്‍മാരെ സൃഷ്ടിച്ച സന്ദര്‍ഭമായിരുന്നു ഇത്. വൈക്കം മുഹമ്മദ് ബഷീര്‍, പി കൃഷ്ണപിള്ള തുടങ്ങിയ പുതിയ തലമുറ പ്രവര്‍ത്തകരുടെ അരങ്ങേറ്റം ഈ സമരകാലത്തിന്റെ സൃഷ്ടിയായിരുന്നു.

വൈക്കത്തെ ദേശീയ സമരം
വൈക്കം സത്യഗ്രഹം ദേശീയ സമരമായിരുന്നു. പഞ്ചാബിലെ അകാലികളും തമിഴ്നാട്ടിലെ ഇ വി രാമസ്വാമി നായ്ക്കരും മുസ്ലിം ക്രിസ്ത്യന്‍ പുരോഗമന വാദികളും സമരത്തില്‍ അണിചേര്‍ന്നു. ഇവരില്‍ പലരും അറസ്റ്റ് വരിച്ച് സമരത്തെ പിന്തുണച്ചു.

ജനങ്ങളെ ഒന്നിപ്പിച്ച സമര ഗാനങ്ങള്‍
വൈക്കം സത്യഗ്രഹത്തെ ജനകീയമാക്കിയത് പുതിയ സമര തന്ത്രമായ സമര ഗാനങ്ങളാണ്. കുറത്തി പാട്ടുകള്‍ രൂപത്തിലും ഭക്തി ഗാനങ്ങളുടെ മാതൃകയിലും നിരവധി മുദ്രാവാക്യ ഗീതങ്ങള്‍ സമര പന്തലില്‍ ജനങ്ങള്‍ ഒന്നിച്ചു പാടി. പുരോഗമന കേരളത്തെ വാഴ്ത്തിയും ജാതിപ്പിശാചിനെ കുറ്റപ്പെടുത്തിയും വെള്ളക്കാരന്റെ ഭരണത്തെയും സവര്‍ണ ക്രൂരതകളെയും വിമര്‍ശിച്ചും നിരവധി ഗാനങ്ങള്‍ പൊതുമണ്ഡലത്തില്‍ പ്രവേശിച്ചത് ഇക്കാലത്താണ്. തമിഴ് സഹോദരന്‍മാര്‍ സമര രംഗത്ത് തമിഴ് പാട്ടുകളുമായി നിറഞ്ഞു നിന്നു. ‘വീട്ടിലുള്ള അനുജന്‍മാര്‍ക്ക് മച്ചിനകം കടന്നുകൂടാ’ എന്ന് ജാതി സമ്പ്രദായത്തെ കടന്നാക്രമിച്ചും, ‘നാട്ടിലുള്ള അന്യന്‍മാര്‍ക്ക് മച്ചില്‍ തന്നെ വസിച്ചീടാമോ’ എന്ന് വിദേശ ഭരണത്തെ വിമര്‍ശിച്ചും സമര ഗീതങ്ങള്‍ വൈക്കത്തെ ആവേശഭരിതമാക്കി.

ശ്രീനാരായണ ഗുരുവിന്റെ പിന്തുണ
വൈക്കം സത്യഗ്രഹത്തെ ശക്തമാക്കിയത് ശ്രീനാരായണ ഗുരുവിന്റെ നേതൃത്വവും ആശയങ്ങളുമായിരുന്നു. സത്യഗ്രഹ സ്ഥലത്തെ ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യമാണ് സമരത്തെ ആവേശഭരിതമാക്കിയത്. ക്ഷേത്ര റോഡിലെ നിരോധനം ലംഘിച്ചാല്‍ മാത്രം പോരായെന്നും ജാതിക്കോട്ടകള്‍ തകര്‍ക്കാന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിക്കേണ്ടതാണെന്നും ശ്രീനാരായണ ഗുരു ഉപദേശിച്ചു.

സവര്‍ണ പ്രതിഷേധത്തെ നിഷ്പ്രഭമാക്കിയ സമരം
വൈക്കം സത്യഗ്രഹത്തെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ സഹായത്തോടെ സവര്‍ണര്‍ ‘ധര്‍മ പ്രസ്ഥാനം’ തുടങ്ങി. നാട്ടുഭാഷയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കായിക ബലം പ്രയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ സമരത്തെ തളരാതെ പുരോഗമന സമൂഹം മുന്നോട്ടു നയിച്ചു. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അയിത്തോച്ചാടന സമരത്തിലൂടെ കാലങ്ങളായി നിലനില്‍ക്കുന്ന സമ്പ്രദായങ്ങളെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ‘മരണത്തേക്കാള്‍ ഭയമാകും തീണ്ടല്‍പ്പലക നില്‍ക്കുന്ന നില കണ്ടാല്‍’ എന്നു പാടി ജനക്കൂട്ടം ജാതി വിലക്കുകളെ പരിഹസിച്ചു.

മഹാപ്രളയ കാലത്തെ സമരം
1924ലെ മഹാപ്രളയ കാലത്തിന് സമരത്തെ തളര്‍ത്താനായില്ല. സത്യഗ്രഹ ആശ്രമവും സമരപന്തലും വെള്ളത്തിലാണ്ടു പോയെങ്കിലും സമരം തുടര്‍ന്നു. സമരത്തിനെത്തുന്നവര്‍ക്കുള്ള ഭക്ഷണം രണ്ട് നേരമാക്കി ചുരുക്കി സമര ഭടന്‍മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സമര ഫണ്ട് ഉപയോഗിക്കുകയും സേവനം നടത്തുകയും ചെയ്തു.

പോലീസിനെ ഭയപ്പെടുത്തിയ ചര്‍ക്കയും നൂല്‍നൂല്‍പ്പും
വൈക്കത്തെ പ്രധാന സമരായുധം ദേശീയതയുടെ അടയാളമായ ചര്‍ക്കയായിരുന്നു. പോലീസ് ചര്‍ക്കയെയും നൂല്‍നൂല്‍പ്പിനെയും ഭയപ്പെട്ടിരുന്നു. ‘ഗാന്ധി ദേവന്‍ നല്‍കിയ പുത്തന്‍ സമരായുധം’ എന്ന് സമര ഭടന്‍മാര്‍ പാടിയ ചര്‍ക്ക നിരവധി തവണ പോലീസ് പിടിച്ചെടുക്കുകയും അത് സമരത്തിന് പകരുന്ന ഊര്‍ജത്തെ രഹസ്യാന്വേഷണ റിപോര്‍ട്ടുകളില്‍ വിശദീകരിക്കുകയും ചെയ്തു.

സമരത്തെ ജനകീയമാക്കിയ ഉത്പന്ന പിരിവ്
സമരം കാണാനും അതില്‍ പങ്കെടുക്കാനും നിരവധി പേര്‍ നടന്നും ബോട്ടിലുമായി വൈക്കത്ത് എത്തിച്ചേര്‍ന്നു. ചെണ്ട കൊട്ടിയും വീടുവീടാന്തരം കയറി ഇറങ്ങിയും ദേശീയ സമരക്കാര്‍ വൈക്കത്തെ സന്ദേശം ദൂര ദേശങ്ങളിലെത്തിച്ചു. ആദ്യ കാലത്തെ പരീക്ഷണങ്ങള്‍ പുതിയ കേരളത്തിനനുകൂലമായ മനഃസ്ഥിതി സാധാരണ ജനങ്ങളിലും സ്ത്രീകളിലുമുണ്ടാക്കി. പിടിയരിയും ധാന്യ വിഭവങ്ങളും നല്‍കി അവരെല്ലാം സവര്‍ണ വാഴ്ചക്കും വിദേശ മേധാവിത്വത്തിനുമെതിരെ നിലപാടെടുത്തു.

ജാതി ഭൂതങ്ങള്‍ ഖദര്‍ ധരിച്ചവരെ ഭയന്നകാലം
ദേശീയ സമരത്തിന്റെ നിസ്വാര്‍ഥ സേവനത്തിന്റെ അടയാളമായി ഖദര്‍ വസ്ത്രം മാറി. ദേശീയ വസ്ത്രമായ ഖദര്‍ ധരിച്ച് നിരവധി പേര്‍ ഗ്രാമങ്ങളില്‍ പ്രചാരണം നയിച്ചു. അത്തരം വസ്ത്രധാരികളെ സവര്‍ണര്‍ ശത്രുക്കളായി കൈയേറ്റം ചെയ്തു. സ്വാതന്ത്ര്യ സമരത്തിന്റെ അടയാളമായി ഖദര്‍ മാറിയത് വൈക്കം സത്യഗ്രഹ സമര കാലത്താണ്.

പത്ര മാധ്യമങ്ങളുടെ പിന്തുണ
വൈക്കം സത്യഗ്രഹ കാലത്തെ പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചത് പത്ര മാധ്യമങ്ങളാണ്. വൈക്കത്തെ സമരത്തെ അനുകൂലിക്കുന്ന നിലപാടാണ് എല്ലാ പത്രങ്ങളും കൈക്കൊണ്ടത്. സവര്‍ണ പ്രതിഷേധങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പത്രങ്ങള്‍ തയ്യാറായില്ല. സമര വാര്‍ത്തകള്‍ക്കും സത്യഗ്രഹ നേതാക്കളുടെ മൊഴികള്‍ക്കും അതീവ പ്രാധാന്യമാണ് പത്രങ്ങള്‍ നല്‍കിയത്. പത്രങ്ങള്‍ സവര്‍ണ വിരോധം പ്രോത്സാഹിപ്പിക്കുകയാണെന്നും മതവിശ്വാസങ്ങള്‍ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും പോലീസ് രഹസ്യാന്വേഷണ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ആധുനിക ഭാരതത്തിന് വഴികാട്ടി
വൈക്കം സത്യഗ്രഹം പ്രതിനിധാനം ചെയ്തത് സ്വാതന്ത്ര്യ സമരത്തിന്റെ അകക്കാമ്പിനെയാണ്. യഥാര്‍ഥ സ്വാതന്ത്ര്യം ജാതീയതയും മതാന്ധതയുമില്ലാത്ത നവ സമൂഹം സൃഷ്ടിച്ചാലേ സാധിക്കൂ എന്ന് ഈ സമരം വിളിച്ചു പറഞ്ഞു. നാനാജാതി മതസ്ഥര്‍ ഈ സമരത്തില്‍ പങ്കാളികളായി. ഇത് കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന്റെ വിശേഷ സ്വഭാവത്തെയും വെളിപ്പെടുത്തി. അവര്‍ണ ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നതിനെ പുരോഗമന കേരളം ഒന്നിച്ചെതിര്‍ത്തു. സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തിന് സ്വാതന്ത്ര്യം നല്‍കാതെ നാമെങ്ങനെ സ്വതന്ത്രരാകും എന്ന ഉയര്‍ന്ന ചിന്തയും ഈ സമരം മുന്നോട്ടുവെച്ചു.
‘ചേറിളക്കി നെല്‍വിതച്ച്
ശ്രീതരുന്ന ചെറുമക്കളെ
ദുഷ്ടന്‍മാരില്‍ നികൃഷ്ടന്‍മാരാക്കുന്ന’ നിരോധനപ്പലകകള്‍ക്കെതിരെ നടന്ന ജനകീയ പോരാട്ടമായിരുന്നു വൈക്കം സത്യഗ്രഹം.

 

കലിക്കറ്റ് സര്‍വകലാശാലാ പ്രൊഫസർ

Latest