Malappuram
റമസാനിലെ ആദ്യ വെള്ളി; മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ പ്രത്യേക പരിപാടികള്‍
മലപ്പുറം | റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ ആറിന് ഹദീസ് പഠന വേദി, ഒമ്പതിന് ഖുര്‍ആന്‍ പരായണ ശാസ്ത്ര പഠനം എന്നിവ നടക്കും. ജുമുഅ ഖുത്വുബക്ക് കാഴ്ചാപരിമിതനായ ഹാഫിള് ശബീര്‍ അലി നേതൃത്വം നല്‍കും. ഭിന്നശേഷി മേഖലയില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ ഇത്തരം ഒരു കര്‍മത്തിന് നേതൃത്വം നല്‍കുന്നത്. ഷാര്‍ജ ഗവണ്‍മെന്റ് നടത്തിയ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തിലെ അവാര്‍ഡ് ജേതാവ് കൂടിയാണ് ഹാഫിള് ശബീര്‍ അലി.
ഉച്ചക്ക് ഒന്നിന് നടക്കുന്ന ജുമുഅക്ക് ശേഷമുള്ള പ്രഭാഷണത്തിന് മുസ്തഫ ബാഖവി തെന്നല നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി പ്രാര്‍ഥന നടത്തും. വൈകീട്ട് നാലിന് സകാത് പഠനം നടക്കും. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി ക്ലാസെടുക്കും. വൈകീട്ട് ആറിന് പ്രത്യേക പ്രാര്‍ഥനാ മജ്ലിസും തുടര്‍ന്ന് സമൂഹ ഇഫ്ത്വാറും നടക്കും. പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് അത്താഴ-മുത്താഴ-നോമ്പുതുറ-താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തറാവീഹിന് ഹാഫിള് മുബശിര്‍ പെരിന്താറ്റിരി, ഹാഫിള് മിദ്ലാജ് നേതൃത്വം നല്‍കും.