Connect with us

hajj 2022

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

രാവിലെ 8.30ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ വിമാനത്തിന് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു

Published

|

Last Updated

കൊച്ചി | പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ആദ്യ സംഘം മദീനയിലെത്തി. സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെട്ട 377 തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. യാത്രക്കാരിൽ 181 പുരുഷന്മാരും 196 സ്ത്രീകളുമാണുള്ളത്. രാവിലെ 8.30ന് നെടുമ്പാശ്ശേരിയില്‍ നിന്നാണ് വിമാനം യാത്ര തിരിച്ചത്. സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ യാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു.

കേരളത്തില്‍ നിന്ന് 2056 പുരുഷന്മാരും 3702 സ്ത്രീകളുമടക്കം 5758 തീര്‍ഥാടകരാണ് ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിന് പോകുന്നത്. ഇവര്‍ക്ക് പുറമേ തമിഴ്നാട്, ലക്ഷദ്വീപ്, ആന്തമാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള 1989 തീര്‍ഥാടകരും കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയാണ് യാത്ര ചെയ്യുന്നത്.

ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ബഹു സംസ്ഥാന തുറമുഖമന്ത്രി അഹ്‌മദ് ദേവര്‍കോവില്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അന്‍വര്‍ സാദത്ത് എം എല്‍ എ, എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഫൂജ കാതൂന്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീന്‍ കുട്ടി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഐ പി അബ്ദു സലാം, മുഹമ്മദ് ഖാസിം കോയ, സഫര്‍ കയാല്‍, മുഹമ്മദ് റാഫി. പി പി, അക്ബര്‍ പി ടി, സിയാല്‍ സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ ദിനേശ് കൂമാര്‍ സി, എം എസ് അനസ് ഹാജി, അസി. സെക്രട്ടറി മുഹമ്മദലി എന്‍, ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ്, സ്‌പെഷല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം, മുത്തുകോയ, കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഷ്‌റഫ്, എയര്‍ലൈന്‍സ് അധികൃതര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പുലര്‍ച്ചെ നടന്ന ആദ്യ സംഘത്തിനുള്ള പ്രാര്‍ത്ഥന സംഗമത്തിന് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി നേതൃത്വം നല്‍കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ബോധനം നടത്തി. ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ് യാത്രാ സംബന്ധമായ നിര്‍ദ്ദേശം നല്‍കി. ഹജ്ജ് കമ്മിറ്റി അംഗം അഡ്വ.മൊയ്തീന്‍ കുട്ടി, മുഹമ്മദ് റാഫി. പി പി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, യു അബ്ദുല്‍ കരീം സംബന്ധിച്ചു.

ജൂണ്‍ നാല് മുതല്‍ 16 വരെ സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ട് ചെയ്ത 20 വിമാനങ്ങളിലാണ് തീര്‍ത്ഥാടകരുടെ യാത്ര.