Eranakulam
തമിഴ്നാട്ടിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി; കേരളത്തിന് പ്രത്യേക നന്ദി അറിയിച്ച് തമിഴ്നാട് ന്യൂനപക്ഷ വകുപ്പ് മന്ത്രി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇന്ന് മൂന്ന് വിമാനങ്ങൾ സർവ്വീസ് നടത്തി. രാവിലെ 6.05 നു പുറപ്പെട്ട എസ് വി 5719, 10.15 നു പുറപ്പെട്ട എസ് വി 5749, രാത്രി 11 ന് പുറപ്പെട്ട എസ് വി 5753 എന്നീ വിമാനങ്ങളാണ് സർവ്വീസ് നടത്തിയത്.
കൊച്ചി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇന്ന് മൂന്ന് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തി. രാവിലെ 6.05 നു പുറപ്പെട്ട എസ് വി 5719, 10.15 നു പുറപ്പെട്ട എസ് വി 5749, രാത്രി 11 ന് പുറപ്പെട്ട എസ് വി 5753 എന്നീ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. രാവിലത്തെ രണ്ട് വിമാനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരും രാത്രിയിലെ വിമാനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുമാണ് യാത്രയായത്. മൂന്ന് വിമാനങ്ങളിലായി 1107 പേര്‍ മദീനയിലെത്തി. തമിഴ്‌നാട്ടില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടകരില്‍ 192 പേര്‍ പുരുഷന്മാരും 171 പേര്‍ സ്ത്രീകളുമാണ്. ശേഷിക്കുന്ന തീര്‍ത്ഥാടകര്‍ നാളെ (13.6.2022 തിങ്കള്‍) ഉച്ചക്ക് 12.10 നു പുറപ്പെടുന്ന എസ് വി 5735, പതിനാലിനു രാത്രി 9.30 നു പുറപ്പെടുന്ന എസ് വി 5749 പതിനഞ്ചിനു ഉച്ചക്ക് 12.30 ന് പുറപ്പെടുന്ന എസ് വി 5717 എന്നീ നമ്പര്‍ വിമാനങ്ങളിലും യാത്രയാവും.
തമിഴ്‌നാട്ടില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘത്തിനുളള യാത്രയയപ്പ് സംഗമം ഇന്ന് ഉച്ചക്ക് ശേഷം 3.30 ന് ഹജ്ജ് ക്യാമ്പില്‍ വെച്ചു നടന്നു. തമിഴ്‌നാട് ന്യൂനപക്ഷ വകുപ്പ് മന്ത്രി. ജിഞ്ചി കെ എസ് മസ്താന്‍ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടിലെ തീര്‍ത്ഥാടര്‍ക്കു വേണ്ടി കേരളത്തിലെ ഹജ്ജ് കമ്മിറ്റി ഒരുക്കിയ സൗകര്യങ്ങള്‍ അങ്ങേയറ്റം സന്തോഷകരമാണെന്നും ഇതിനു വേണ്ടി പ്രവര്‍ത്തിച്ച കേരള ഹജ്ജ് കമ്മിറ്റിയോടും ഹജ്ജ് ക്യാമ്പിലെ പ്രവര്‍ത്തരോടും അങ്ങയേറ്റം കൃതജ്ഞ അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി അംഗങ്ങളായ സയ്യിദ് മുഹമ്മദ് ഖലീഫ, ഗുണംകുടി ഹനീഫ, നാഗൂര്‍ ഖലീഫ, തിരിപ്പൂര്‍ അല്‍ത്താഫ്, നജീമുദ്ധീന്‍, കേരള സംസ്ഥാന ഹജ്ജ് കമമിറ്റി മെമ്പര്‍മാരായ അഡ്വ. മൊയ്തീന്‍ കുട്ടി, ഡോ. ഐ പി അബ്ദു സലാം, സഫര്‍ എ കയാല്‍, മുഹമ്മദ് റാഫി പി. പി., പി.ടി അക്ബര്‍, തമിഴ്‌നാട് ഹജ്ജ് സര്‍വ്വീസ് സൊസൈറ്റി ഭാരവാഹി കെ എച്ച് മുഹമ്മദ് ഹുസൈന്‍, ഡോ. ഖാന്‍, ഷംസുദ്ധീന്‍, മുഹമ്മദ് മുഹ്‌സിന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മുഹമ്മദ് അഷ്‌റഫ്.എ, എസ് നജീബ്, യു അബ്ദുല്‍ കീരം തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി എന്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു. അസി. സെക്രട്ടറി മുഹമ്മദലി, കോര്‍ഡിനേറ്റര്‍ അഷ്‌റഫ് എന്നിവരെ തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി പ്രത്യേക ഉപഹാരം നല്‍കി അനുമോദിച്ചു.
ഇന്ന് തുറമുഖ വകുപ്പ്മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ക്യാമ്പിലെത്തി ഹാജിമാര്‍ക്കു യാത്രാമംഗളങ്ങള്‍ നേര്‍ന്നു.നാളെ (തിങ്കള്‍) നെടുമ്പാശ്ശേരിയില്‍ നിന്നും ഒരു വിമാനമായിരിക്കും സര്‍വ്വീസ് നടത്തുക. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് പുറപ്പെടുക.