Connect with us

farmer suicide

കടുവയെ ചത്തനിലയിൽ ആദ്യം കണ്ടയാൾ തൂങ്ങിമരിച്ച നിലയിൽ; നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു

ബത്തേരിയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. 

Published

|

Last Updated

സുൽത്താൻ ബത്തേരി | വയനാട്ടിൽ കടുവയെ ചത്തനിലയിൽ ആദ്യം കണ്ടയാൾ തൂങ്ങിമരിച്ച നിലയിൽ. അമ്പലവയൽ അമ്പുകുത്തി നാല് സെന്റ് കോളനിയിലെ ചീര കർഷകനായ കുഴിവിള ഹരികുമാറി(56)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുവയെ ആദ്യം കണ്ടതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഹരികുമാറിനെ നിരന്തരം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്ന് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും റോഡ് ഉപരോധത്തില്‍ പങ്കെടുത്തു. ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം. ഇതിനെ തുടർന്ന് ബത്തേരിയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.

ഈ മാസം ഒന്നാം തീയതിയാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരുക്ക് മുറുകി ചത്തനിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരികുമാറടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നര വയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. കുരുക്ക്‌ അഴിച്ചെടുക്കുന്ന വിധം എങ്ങനെയെന്നൊക്കെ വനംവകുപ്പ്‌ ഹരികുമാറിനോട് ചോദിച്ചത്രേ.

ഹരികുമാറിനോട് മേപ്പാടി റേഞ്ച് ഓഫിസിലേക്ക് പലതവണയായി എത്താൻ ആവശ്യപ്പെട്ടിരുന്നതായും ഇതേ തുടർന്നുള്ള മാനസിക വിഷമത്തിലായിരുന്നു അദ്ദേഹമെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം, കടുവാ കേസുമായി ബന്ധപ്പെട്ട് ആരെയും ഓഫിസിലേക്ക് വിളിച്ച് മൊഴിയെടുത്തിട്ടില്ല എന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. ഹരികുമാറിനോട് വീടിനടുത്ത് വച്ച് ഒരു തവണ മാത്രമേ വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുള്ളൂ എന്നാണ് വനംവകുപ്പ് പറയുന്നത്. മൃതദേഹം അസംപ്ഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Latest