Connect with us

National

പുനരുപയോഗിക്കാവുന്ന ആദ്യ ഹൈബ്രിഡ് റോക്കറ്റ് റൂമി -1 വിജയകരമായി വിക്ഷേപിച്ചു

മൂന്ന് ക്യൂബ് സാറ്റലൈറ്റുകളും 50 പിക്കോ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒരു മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് ഉപഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്.

Published

|

Last Updated

ചെന്നൈ | പുനരുപയോഗിക്കാവുന്ന ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് റൂമി -1 (RHUMI-1) ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. തമിഴ്‌നാട് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് സോൺ ഇന്ത്യ, മാർട്ടിൻ ഗ്രൂപ്പിനൊപ്പം ചേർന്ന് വികസിപ്പിച്ചെടുത്ത റോക്കറ്റ് ചെന്നൈയിലെ തിരുവിതന്തൈയിൽ നിന്നാണ് വിക്ഷേപിച്ചത്.

മൂന്ന് ക്യൂബ് സാറ്റലൈറ്റുകളും 50 പിക്കോ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒരു മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് ഉപഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഗവേഷണ ആവശ്യങ്ങൾക്കായി ഡാറ്റകൾ ശേഖരിക്കുകയാണ് ഈ ഉപഗ്രഹങ്ങളുടെ ലക്ഷ്യം.

റൂമി റോക്കറ്റിൽ ഒരു ജനറിക്-ഇന്ധനം അടിസ്ഥാനമാക്കിയുള്ള ഹൈബ്രിഡ് മോട്ടോറും ഇലക്ട്രിക്കലി ട്രിഗർ ചെയ്‌ത പാരച്യൂട്ട് ഡിപ്ലോയറും സജ്ജീകരിച്ചിരിക്കുന്നു. റൂമി 100% പൈറോടെക്‌നിക് രഹിതവും 0% ടിഎൻടിയുമാണ്. റൂമി -1 റോക്കറ്റ് ദ്രവ, ഖര ഇന്ധന പ്രൊപ്പല്ലൻ്റ് സംവിധാനങ്ങളുടെ ഗുണങ്ങൾ സംയോജിപ്പിച്ച് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഐ എസ് ആർ ഒ സാറ്റലൈറ്റ് സെൻ്റർ (ISAC) മുൻ ഡയറക്ടർ ഡോ. മയിൽസ്വാമി അണ്ണാദുരൈയുടെ മാർഗനിർദേശപ്രകാരം സ്പേസ് സോണിൻ്റെ സ്ഥാപകനായ ആനന്ദ് മേഗലിംഗമാണ് റൂമി ദൗത്യം നയിക്കുന്നത്. ബഹിരാകാശ വ്യവസായത്തിൽ കുറഞ്ഞ ചെലവിൽ ദീർഘകാല പരിഹാരങ്ങൾ നൽകാൻ ലക്ഷ്യമിടുന്ന ചെന്നൈയിലെ ഒരു എയ്‌റോ-ടെക്‌നോളജി കമ്പനിയാണ് സ്‌പേസ് സോൺ ഇന്ത്യ.

Latest