Uae
പതാക ഉയർന്നു; ചതുർവർണ ശോഭയിൽ യു എ ഇ
യു എ ഇയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും വരും തലമുറകൾക്ക് സമൃദ്ധവും സുസ്ഥിരവുമായ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി തങ്ങളുടെ ജീവിതം സമർപ്പിച്ച സ്ഥാപക നേതാക്കളെയും പതാക ദിനത്തിൽ രാജ്യം സ്മരിക്കുന്നു.
ദുബൈ | ദേശീയ അഭിമാനത്തിന്റെ പ്രതീകമായി രാജ്യമാസകലം യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചതുർവർണ പതാക ഉയർന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ ആഹ്വാന പ്രകാരമാണ് ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് പതാക ഉയർത്തിയത്.
രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തുകയും ഉദ്യോഗസ്ഥരും ജീവനക്കാരും രാഷ്ട്രത്തിന്റെ ശക്തിയുടെയും അഭിമാനത്തിന്റെ ഉറവിടമായ പതാകക്ക് കീഴിൽ അണിനിരക്കുകയും ചെയ്തു.
രാഷ്ട്രത്തോടുള്ള ജനതയുടെ വിശ്വസ്തത പുതുക്കാനും ഐക്യത്തിനും പുരോഗതിക്കും സമൃദ്ധിക്കും പേരുകേട്ട ആധുനികവും മാതൃകാപരവുമായ ഒരു രാജ്യം കെട്ടിപ്പടുത്ത നേതൃത്വത്തിന് അഗാധമായ നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരമായാണ് ഇത് കണക്കാക്കുന്നത്.
യു എ ഇയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും വരും തലമുറകൾക്ക് സമൃദ്ധവും സുസ്ഥിരവുമായ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി തങ്ങളുടെ ജീവിതം സമർപ്പിച്ച സ്ഥാപക നേതാക്കളെയും പതാക ദിനത്തിൽ രാജ്യം സ്മരിക്കുന്നു.
എല്ലാ വർഷവും നവംബർ മൂന്നിനാണ് പതാകദിനം ഔദ്യോഗികമായി കൊണ്ടാടുന്നത്. ഈ വർഷം ആ ദിനം അവധി ദിനമാണ്. ഇതിനെ തുടർന്നാണ് ഇന്നലെ പതാക ഉയർത്താൻ നേതൃത്വം ആഹ്വാനം ചെയ്തത്. യു എ ഇയുടെ നേട്ടങ്ങളും കഠിനമായി നേടിയ പുരോഗതിയും കാത്തുസൂക്ഷിക്കുന്നതിനും അചഞ്ചലമായ സമർപണത്തോടും ത്യാഗത്തോടും കൂടി അവയെ സംരക്ഷിക്കാനും പ്രതിജ്ഞ പുതുക്കലിന്റെ ദിനം കൂടിയാണ് ഈ ദിനത്തെ കാണുന്നത്. പതാക ദിനത്തെ തുടർന്ന് ഭരണാധികാരികൾ സന്ദേശം നൽകി.
രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലെ ഡിപ്പാർട്ട്മെന്റുകളിലും വർണാഭമായ ചടങ്ങുകൾ നടന്നു. സ്ഥാപന മേധാവികൾ പതാക ദിന സന്ദേശം നൽകുകയും ചെയ്തു. പതാക ദിനാചരണത്തോടനുബന്ധിച്ച് യു എ ഇയിലുടനീളമുള്ള സ്‌കൂളുകൾ വെള്ള, പച്ച, ചുവപ്പ്, കറുപ്പ് നിറങ്ങളിൽ മുങ്ങി. പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഇമാറാത്തി മൂല്യങ്ങളെക്കുറിച്ചും സത്വത്തെക്കുറിച്ചും ബോധവത്കരിക്കാനുള്ള അവസരമാണ് ദേശീയ പതാക ഉയർത്തുന്ന വേള.