National
അമൃത്സറില്‍ 35 യാത്രക്കാരെ മറന്ന് വിമാനം ടേക്ക്ഓഫ് ചെയ്തു
വിമാനത്തിന്റെ ടേക്ക് ഓഫ് സമയം മാറ്റിയത് അധികൃതര്‍ അറിയിക്കാത്തതാണ് സംഭവത്തിന് പിന്നിലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി കെ സേഠ് പറഞ്ഞു.
അമൃത്സര്‍| അമൃത്സറില്‍ 35 യാത്രക്കാരെ മറന്ന് വിമാനം ടേക്ക്ഓഫ് ചെയ്തു. സിംഗപ്പൂരിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനം മണിക്കൂറുകള്‍ക്ക് മുന്‍പേ ടേക്ക് ഓഫ് ചെയ്തതോടെ 35 യാത്രക്കാര്‍ക്ക് കയറാന്‍ കഴിഞ്ഞില്ല. സ്‌കൂട്ട് എയര്‍ലൈന്‍ വിമാനം രാത്രി 7.55നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും ഇന്നലെ പകല്‍ മൂന്ന് മണിക്ക് പറന്നു. ഇതോടെയാണ് വിമാനം പുറപ്പെടുന്ന സമയം അറിയാതെ 35 പേര്‍ക്ക് യാത്ര മുടങ്ങിയത്. വിമാനത്തില്‍ കയറാന്‍ കഴിയാതിരുന്ന യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കി നല്‍കിയെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനത്തിന്റെ ടേക്ക് ഓഫ് സമയം മാറ്റിയത് അധികൃതര്‍ അറിയിക്കാത്തതാണ് സംഭവത്തിന് പിന്നിലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി കെ സേഠ് പറഞ്ഞു.
അതേസമയം സമയമാറ്റത്തെക്കുറിച്ച് യാത്രക്കാര്‍ക്ക് ഇ-മെയില്‍ വഴി വിവരം അറിയിച്ചിരുന്നെന്ന് എയര്‍ലൈന്‍സ് വിശദീകരിച്ചു. സംഭവം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതോടെ വിമാനം തിരികെ എത്തി ഇവരെ സിംഗപ്പൂരിലേക്ക് എത്തിക്കുകയായിരുന്നു.
ഈ മാസം 10നാണ് ബെംഗളൂരുവില്‍ അന്‍പത് യാത്രക്കാരെ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുയര്‍ന്നത്. വിമാനത്താവളത്തില്‍ നിന്ന് ഫ്‌ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ബസില്‍ ഉണ്ടായിരുന്ന അന്‍പത് പേരെയാണ് ഫ്‌ളൈറ്റ് അധികൃതര്‍ മറന്ന് പോയത്. സംഭവത്തില്‍ ഡിജിസിഎ റിപ്പോര്‍ട്ട് തേടിയിരുന്നു.