prathivaram cover story
അമ്മമനസ്സിന്റെ വരിയൊഴുക്കുകൾ
ആരോഗ്യകരമായ സ്വത്വബോധവും ആത്മാഭിമാനവും വളർത്തിയെടുക്കാൻ ഒരു കുട്ടിയിൽ അമ്മ ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണ്. അതുകൊണ്ട് തന്നെയാണ് "അമ്മ' എന്ന രണ്ടക്ഷരത്തിന്റെ വികാരത്തെ നിർവചിക്കാൻ പ്രയാസമാകുന്നത്. ആ കലർപ്പില്ലാത്ത സ്നേഹത്തിന്റെ മധുരം അവർണനീയമാണ്. എല്ലാ ഹൃദയങ്ങളെയും ഒരുപോലെ കീഴ്പ്പെടുത്തുന്ന വികാരമാണ് അമ്മ.
കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് മാറി അണു കുടുംബങ്ങൾ പെരുകിയതോടെ കുടുംബാന്തരീക്ഷങ്ങളിൽ കാതലായ മാറ്റങ്ങൾ വന്നു കഴിഞ്ഞു. സാമൂഹിക ഇടപെടലുകളില്ലാതെയും മാനുഷിക ചിന്തകളില്ലാതെയും പ്രായോഗിക ജീവിത പാഠങ്ങൾ അറിയാതെയുമാണ് പുതിയ തലമുറ വളരുന്നത്. സ്വയം ജീവിക്കാനുള്ള അവസ്ഥ കുട്ടികൾക്ക് അന്യമാകുകയാണ്. മിക്ക വീടുകളിലും ആരോഗ്യപരമായ അന്തരീക്ഷങ്ങൾ കുറഞ്ഞുവരികയാണ്. മാതാപിതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ കുട്ടികളിൽ അരക്ഷിതാവസ്ഥയും ഏതിനോടും പകയും വിദ്വേഷവും ഉടലെടുക്കുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
കുടുംബ ബന്ധങ്ങളിലെ തകർച്ചകളാണ് പുതിയ കുട്ടികളെ മദ്യത്തിലും മയക്കുമരുന്നിലേക്കും എത്തിക്കുന്നതിന്റെ പ്രധാന കാരണം. ഇവിടെയാണ് അമ്മ എന്ന ചാലകശക്തിയുടെ വില തിരിച്ചറിയപ്പെടേണ്ടത്. കുട്ടികളെ കുടുംബവുമായി ചേർത്തു നിർത്തുന്ന കാന്തിക വലയമാണ് അമ്മ.
അമ്മയും മക്കളും തമ്മിലുള്ള ബന്ധം സവിശേഷവും പരിവർത്തനപരവുമാണ്. മാതൃസ്നേഹം മക്കളുടെ വളർച്ചയെ വളരെയധികം സ്വാധീനിക്കുന്നു. സുരക്ഷിതവും സ്നേഹനിർഭരവുമായ ഇടം വാഗ്ദാനം ചെയ്യുന്ന അമ്മമാർ മക്കളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമാണ്. ആരോഗ്യകരമായ സ്വത്വബോധവും ആത്മാഭിമാനവും വളർത്തിയെടുക്കാൻ ഒരു കുട്ടിയിൽ അമ്മ ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണ്. അതുകൊണ്ട് തന്നെയാണ് “അമ്മ’ എന്ന രണ്ടക്ഷരത്തിന്റെ വികാരത്തെ നിർവചിക്കാൻ പ്രയാസമാകുന്നത്. ആ കലർപ്പില്ലാത്ത സ്നേഹത്തിന്റെ മധുരം അവർണനീയമാണ്. എല്ലാ ഹൃദയങ്ങളെയും ഒരുപോലെ കീഴ്പ്പെടുത്തുന്ന വികാരമാണ് അമ്മ…
അമ്മയുടെ കുട്ടിയോടുള്ള സ്നേഹം തീർച്ചയായും ഒന്നിനോടും താരതമ്യപ്പെടുത്താനാകില്ല. അവളുടെ ക്ഷമയുടെ നിലവാരം സമാനതകളില്ലാത്തതാണ്. ഏത് തെറ്റും ക്ഷമിക്കാൻ അമ്മക്ക് കഴിവുണ്ട്. എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ അമ്മയാണ്. അതുകൊണ്ട് തന്നെ അമ്മമനസ്സിന്റെ വികാരങ്ങൾ എക്കാലത്തും മലയാള കവിതകളുടെ ഇഷ്ട വിഷയങ്ങളാണ്. മലയാള കവിതാ ലോകത്ത് മാതൃഹൃദയത്തെ ആസ്പദമാക്കി ആയിരിക്കും ഏറ്റവും കൂടുതൽ രചനകൾ നടന്നിട്ടുണ്ടാകുക. അതാണ് കവികൾ പാടിയത്
“അത്രമേൽ പവിത്രത ഏറിയൊരു ബന്ധവും
ഞാനിതുവരെയും കണ്ടതില്ല….’
മലയാള കവിതയിൽ മാതൃത്വത്തിന്റെയും വാത്സല്യത്തിന്റെയും കവയിത്രിയായിരുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ ഗന്ധം പേറുന്ന കവിതകളിലൂടെ അമ്മമനസ്സുകളുടെ ആഴങ്ങളിൽ ഇറങ്ങിച്ചെന്ന കവയിത്രി. സഫലീകൃതമായ മാതൃത്വത്തിന്റെ മൂർത്തീഭാവങ്ങളായിരുന്നു ബാലമണിയമ്മയുടെ അമ്മക്കവിതകൾ.
മാതൃത്വത്തിന്റെ ആഴങ്ങളിലേക്കും വിശാലതയിലേക്കും കൊണ്ടെത്തിക്കുന്ന അനേകം കവിതകൾ ബാലാമണിയമ്മ കാവ്യലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.
അമ്മ എന്ന നിലയിൽ നിന്നു കൊണ്ട് മാതൃത്വത്തിന്റെ വ്യത്യസ്ത മനോഭാവങ്ങൾ മനോഹരമായാണ് ബാലാമണിയമ്മ കാണിച്ചുതന്നത്. അതുകൊണ്ട് തന്നെയാണ് ബാലാമണിയമ്മ തന്റെ മാതൃത്വം തുളുമ്പുന്ന അമ്മ എന്ന കവിതയിൽ ഇങ്ങനെ വരച്ചു കാട്ടിയത്
“ഉമ്മവയ്ക്കാന്‍ വയ്യിതിനെയുമെന്നാകി-
ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെന്‍ മുഖം’
തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ
കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍ മകള്‍.
സ്വച്ഛതമങ്ങളാമക്കണ്‍ മുനകളി-
ലശ്രുക്കള്‍ മിന്നിത്തിളങ്ങീ പൊടുന്നനെ ‘
അമ്മ എന്ന ഹൃദയസ്പർശിയായ കവിതയ്ക്ക് പുറമെ നിരവധിയായ അമ്മക്കവിതകളിലൂടെ ബാലമണിയമ്മ മക്കളാകുന്ന വായനക്കാരുടെ ഉള്ളം നിറച്ചിട്ടുണ്ട്. കുടുംബിനി, സ്ത്രീ ഹൃദയം എന്നീ കവിതകൾ അവയിൽ ചിലതാണ്.
“പേടിയാണമ്മെ, വരൂ നീ
എനിക്കിനിത്തീരെ വയ്യമ്മെ
വേഗം വരൂ, എന്തൊരു ദാഹമാണമ്മേ…..!’
അമ്മയെ വിളിച്ചു കരയുന്ന കുട്ടിയുടെ വികാരം സുഗതകുമാരി വർഷങ്ങൾക്കു മുമ്പ് കവിതയിൽ ആവിഷ്കരിക്കുമ്പോൾ അത് നമുക്കിടയിലെ ഒരോ കുട്ടിയുടെയും തേങ്ങലായി… സംരക്ഷണമില്ലാത്ത, സുരക്ഷിതത്വമില്ലാത്ത ഒരോ കുട്ടിയുടെയും തേങ്ങൽ… വേദന അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന അമ്മ മനസ്സായിരുന്നു സുഗതകുമാരിയുടെത്.
കുട്ടികൾക്കു വേണ്ടിയുള്ള സ്നേഹവും ലാളനയും പോരാട്ടവും ഏറ്റവും കൂടുതൽ വാക്കുകൾ കൊണ്ട് കവിതകളിൽ കോറിയിട്ടത് ഒരു പക്ഷെ സുഗതകുമാരിയുടെ അമ്മമനസ്സാണ്. ബലാത്സംഗത്തിന് ഇരയാകുന്ന അമ്മ ഉപേക്ഷിച്ച പൈതൽ…. തുടങ്ങി സമൂഹത്തിന്റെ തീവ്രവേദന തന്നിലേക്കാവാഹിച്ച് കവിതയെഴുതി അവരെ സംരക്ഷിക്കാൻ കൂടൊരുക്കാൻ സുഗതകുമാരിയുടെ കവിതകളുടെ മൂർച്ചക്ക് സാധിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന മകളെ കുറിച്ചുള്ള ഒരമ്മയുടെ ആകുലതകളായി “കൊല്ലേണ്ടതെങ്ങനെ’ എന്ന കവിതയിൽ സുഗതകുമാരി വരച്ചുകാട്ടുന്ന രംഗങ്ങൾ വായനക്കാരെ കണ്ണീരിലാഴ്ത്തിയിരുന്നു. താനില്ലാത്ത അവസ്ഥയിൽ മകളുടെ നിലനിൽപ്പിനെ കുറിച്ച് ചിന്തിക്കുന്ന അമ്മമനസ്സ് മകളെ തുണയാരു നാളെ എന്ന് വിലപിക്കുന്നു.
മാതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വി മധുസൂദനൻ നായരുടെ “അമ്മയുടെ എഴുത്തുകൾ’ അമ്മക്കവിതകളുടെ ലോകത്ത് വ്യത്യസ്തത പുലർത്തിയ കവിതയാണ്. വാക്കിന്റെ ശക്തികൊണ്ട് മാതൃത്വത്തിന്റെ വില വായനക്കാരുടെ മനസ്സിലേക്ക് ആഴത്തിൽ പ്രവേശിപ്പിക്കാൻ മധുസൂദനൻ നായർക്ക് തന്റെ ഈ ഒറ്റ കവിതയിലൂടെ സാധിച്ചു. ആധുനിക ജീവിതത്തിന്റെ പുറംമോടിയിൽ ഭ്രമിക്കുന്ന പുതിയ തലമുറയുടെ ചിന്തകളെ വളരെ മുന്നെ വരച്ചുവെക്കാൻ കവിക്ക് കഴിഞ്ഞു.
കാലഘട്ടത്തിനിപ്പുറവും ഇതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല എന്നതു തന്നെയാണ് ഈ അമ്മക്കവിതയുടെ ശക്തി. വീടിനു മോടി കൂട്ടുന്നതിനിടയിൽ ചില്ല് അലമാരയിൽ അടുക്കിവെച്ചിരിക്കുന്ന അമ്മയുടെ എഴുത്തുകൾ കവിയിൽ ഉണർത്തുന്ന ചിന്തകളാണ് കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നത്.
“അമ്മയുടേതാം എഴുത്തുകളൊക്കെയും
അമ്മയായ് തന്നെയിരിക്കട്ടെ എപ്പോഴും
ആരുവായിക്കും ഈ മായുമെഴുത്തുകൾ?
ആരുടെ നാവിലുയിർക്കുമീ ചൊല്ലുകൾ?
കവികളിലെ ശ്രേഷ്ഠൻ ഒ എൻ വി കുറുപ്പ് ഒരമ്മയുടെയും അവരുടെ ഒന്പത് മക്കളുടെയും കഥ കവിതയായ് പറഞ്ഞു കൊടുത്തിട്ടുണ്ട് മലയാളികൾക്ക്. കുടുംബ ബന്ധത്തിന്റെ ആഴവും അതിൽ അമ്മക്കുള്ള പ്രഥമ സ്ഥാനവും ഏറ്റവും ലളിതമായി കവി വരച്ചു വെച്ചത് മാതൃഹൃദയത്തിന്റെ രചന കൂട്ടത്തിലേക്കാണ്.
“ഒൻപതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒരമ്മ പെറ്റവരായിരുന്നു
ഒന്‍പതു പേരും അവരുടെ നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു.
കല്ലുകള്‍ ചെത്തി പടുക്കുമ-
ക്കൈകള്‍ക്ക് കല്ലിനെക്കാള്‍ ഉറപ്പായിരുന്നു
നല്ല പകുതികള്‍ നാരിമാരോ
കല്ലിലെ നീരുറവായിരുന്നു ‘
കമലാ സുരയ്യയുടെ “middle age’ എന്നൊരു ഇംഗ്ലീഷ് കവിതയിൽ അവർ ഒരമ്മ എപ്പോഴാണ് മധ്യവയസ്‌ക ആകുന്നതെന്ന് പറയുന്നുണ്ട്.
ഒരമ്മ മധ്യവയസ്സിൽ എത്തുന്നത് ശരീരത്തിൽ ചുളിവുകൾ വരുമ്പോഴല്ല, പകരം അവരുടെ കുട്ടികൾ അവരോട് കയർത്തു സംസാരിക്കാൻ തുടങ്ങുമ്പോഴാണ്, എല്ലാത്തിനും അവരോട് കുട്ടികൾ ദേഷ്യപ്പെട്ടു തുടങ്ങുമ്പോഴാണ്. സ്വന്തം കുട്ടികൾ എവിടെ പോകുമ്പോഴും അമ്മയും വരണം. അല്ലെങ്കിൽ അമ്മ എവിടെ പോകുമ്പോഴും കൂടെ വരാൻ കുട്ടികൾ ശാഠ്യം പിടിക്കുമ്പോൾ അവർ അമ്മയാണ്. എന്നാൽ അമ്മ കൂടെ വരണ്ട എന്ന് പറഞ്ഞു തുടങ്ങുന്നതോടെ അല്ലെങ്കിൽ അവിടെ അമ്മ ഒറ്റക്ക് പൊയ്ക്കോളൂ എന്ന് കുട്ടികൾ പറഞ്ഞു തുടങ്ങുന്നതോടെ ആ അമ്മ മധ്യവയസ്സിൽ എത്തിയിരിക്കുന്നു എന്ന് നിഷ്കളങ്ക സ്നേഹത്തിന്റെ കവയിത്രി വിശദീകരിക്കുന്നു.
എന്നാൽ, കുട്ടിക്കാലത്ത് അമ്മയുടെ കൂടെ പോകാൻ കുഞ്ഞ് ആഗ്രഹിച്ചതിലധികം മധ്യവയസ്സിൽ അമ്മ തന്റെ മക്കളുടെ കൂടെ പോകാൻ ആഗ്രഹിക്കുന്നുണ്ടാകും എന്ന സത്യം കമലാസുറയ്യ പറഞ്ഞു വെക്കുന്നു.
ആധുനിക കവിത്രയങ്ങളിലൊരാളായ വള്ളത്തോൾ മുതൽ ഇന്ന് അത്യാധുനിക കവിതകൾകൊണ്ട് വായനക്കാരുടെ മനം നിറയ്ക്കുന്ന എല്ലാ കവികൾക്കും ഒരിക്കലെങ്കിലും മാതൃഹൃദയവും അമ്മമനസ്സും വിഷയമാകാതിരുന്നിട്ടുണ്ടാകില്ല. കാരണം, മാതൃത്വം ഒരു അനുഭവമാണ്.