Saudi Arabia
പ്രവാചക നഗരിയിലേക്ക് വിശ്വാസികളുടെ പ്രവാഹം; ആദ്യ രണ്ട് പത്തുകളില്‍ മസ്ജിദുന്നബവിയിലെത്തിയത് 21 ലക്ഷം പേര്‍
വിശുദ്ധ റമസാന്റെ ആദ്യ രണ്ട് പത്ത് ദിനങ്ങളില്‍ 21 ലക്ഷത്തിലധികം വിശ്വാസികള്‍ മസ്ജിദുന്നബവി സന്ദര്‍ശിച്ചതായി ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ്.
മദീന | പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലേക്ക് വിശ്വാസികളുടെ പ്രവാഹം. വിശുദ്ധ റമസാന്റെ ആദ്യ രണ്ട് പത്ത് ദിനങ്ങളില്‍ 21 ലക്ഷത്തിലധികം വിശ്വാസികള്‍ മസ്ജിദുന്നബവി സന്ദര്‍ശിച്ചതായി ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.
റമസാന്‍ മാസത്തിലെ അവസാന പത്ത് ദിവസങ്ങളിലേക്ക് കടന്നതോടെ മറ്റ് സമയങ്ങളെ അപേക്ഷിച്ച് സന്ദര്‍ശകരുടെയും ആരാധകരുടെയും എണ്ണത്തില്‍ ഈ വര്‍ഷം വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ജമാഅത്ത്, തറാവീഹ്, ഖിയാമുല്ലൈല്‍ നിസ്‌കാരങ്ങള്‍, മസ്ജിദുന്നബവിയില്‍ ഇഹ്തികാഫ് ഇരിക്കല്‍, ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ചും വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. തിരക്ക് ഒഴിവാക്കുന്നതിനും മസ്ജിദുന്നബവിയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകരെയും സ്വീകരിക്കുന്നതിനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സന്ദര്‍ശകര്‍ക്ക് അവരുടെ ഇബാദത്തുകള്‍ എളുപ്പത്തിലും സൗകര്യത്തോടെയും നിര്‍വഹിക്കുന്നതിന് എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും റമസാനിന്റെ ആദ്യ പകുതിയില്‍ 15 ലക്ഷത്തിലധികം പേരാണ് എത്തിച്ചേര്‍ന്നതെന്നും അല്‍-സുദൈസ് വ്യക്തമാക്കി.
സംസം വിതരണത്തിനായി ഏര്‍പ്പടുത്തിയിരിക്കുന്നത് മികച്ച സൗകര്യങ്ങള്‍
മക്കയില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച ടാങ്കറുകള്‍ വഴി മസ്ജിദുന്നബവിയിലേക്ക് സംസം വെള്ളം എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രത്യേക പരിശീലനം ലഭിച്ച 520 ജീവനക്കാരും സൂപ്പര്‍വൈസര്‍മാരുമാരും പ്രവര്‍ത്തിച്ചുവരുന്നതായി ‘സുഖ്‌യ’ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ അല്‍ അഹമ്മദി പറഞ്ഞു.
മക്കയില്‍ നിന്നും സംസം മദീനയില്‍ എത്തുമ്പോള്‍ വിതരണത്തിന് മുമ്പ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ലബോറട്ടറിയില്‍ സാമ്പിള്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വിതരണം ചെയ്യുന്നത്. വിശുദ്ധ മാസത്തില്‍ പ്രതിദിനം 400 ടണ്‍ വരെ പ്രവാചകന്റെ പള്ളിയിലേക്ക് സംസം വെള്ളം വിതരണം ചെയ്യപ്പെടുന്നുണ്ട്. തീര്‍ഥാടകര്‍ക്കായി 14,000 വാട്ടര്‍ കണ്ടെയ്‌നറുകളിലും 10,000 സ്‌പെയര്‍ കണ്ടെയ്‌നറുകളിലും മൂന്ന് കേന്ദ്രങ്ങളിലായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന സംസം വാട്ടര്‍ ബോട്ടിലുകളിലും സംസം വെള്ളം വിതരണം ചെയ്യുന്നു.