Connect with us

Uae

പ്രദര്‍ശന നഗരിയിലെ അക്ഷര നഗരിയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്ക്

'ഇവിടെ ലോകത്തിന്റെ കഥകള്‍ പറയുന്നു' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പുസ്തകമേളയില്‍ 90 രാജ്യങ്ങളില്‍ നിന്നുള്ള 350 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.

Published

|

Last Updated

അബൂദബി | അബൂദബി പ്രദര്‍ശന നഗരിയിലെ അക്ഷര നഗരിയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബങ്ങള്‍ക്ക് പുറമെ കുട്ടികളും യുവാക്കളും ധാരാളമായി എത്തുന്നുണ്ട്. രാവിലെ ഒമ്പതിന് തുറക്കുന്ന പുസ്തക നഗരി രാത്രി പത്തിനാണ് അവസാനിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ പ്രത്യേകത നിറഞ്ഞ പതിപ്പാണ് ഈ വര്‍ഷത്തേത്.

അഞ്ചിന് സമാപിക്കുന്ന പുസ്തകമേളയില്‍ സാംസ്‌കാരിക, സാഹിത്യ, കലാ മേഖലകളില്‍ നിന്നും നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. മേളയുടെ ചരിത്രത്തില്‍ ആദ്യമായി അതിഥിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അറബ് രാജ്യമായ ഈജിപ്ത് സാഹിത്യപരവും സാംസ്്കാരികവും കലാപരവുമായ നിരവധി പരിപാടികളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.

ഈജിപ്തിലെ സാംസ്‌കാരിക മന്ത്രി ഡോ. നെവീന്‍ അല്‍ കിലാനി ചടങ്ങില്‍ പങ്കെടുത്തു. ഈജിപ്ത് യു എ ഇ അംബാസഡര്‍ ഡോ. ഷെരീഫ് മഹ്മൂദ് ഈസ, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ലൈബ്രറി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുര്‍, അബൂദബി അറബിക് ലാംഗ്വേജ് സെന്റര്‍ (എ എല്‍ സി) ചെയര്‍മാന്‍ ഡോ. അലി ബിന്‍ തമീം പങ്കെടുത്തു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നിരവധി കലാപരിപാടികളാണ് പുസ്തക നഗരിയില്‍ ഒരുക്കിയിട്ടുള്ളത്. ഭക്ഷണ പ്രേമികള്‍ക്ക് പ്രത്യേക പരിപാടികള്‍ മേളയില്‍ നടക്കുന്നുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വിലപിടിപ്പുള്ള സമ്മാനങ്ങളും നേടുന്നുണ്ട്.

പുസ്തക പ്രേമികള്‍ക്ക് സ്വന്തം എഴുത്തുകാരെ നേരിട്ട് കാണാനും അവരുമായി കുശലാന്വേഷണം നടത്തുവാനുമുള്ള സുവര്‍ണാവസരമാണ് പുസ്തക മേള. ബുക്ക്ഫെയറിലെ എല്‍-അസ്ബകേയ വാള്‍ പവലിയന്‍ അതുല്യമായ സൗന്ദര്യശാസ്ത്രം പ്രദര്‍ശിപ്പിക്കുകയും പത്ത് വിഭാഗങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു, ഇത് സെന്‍ട്രല്‍ കെയ്റോയിലെ അല്‍-അതബ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുരാതന വിപണിയെ പുനര്‍നിര്‍മിക്കുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും പ്രായ ഗ്രൂപ്പുകളില്‍ നിന്നുമുള്ള പുസ്തക പ്രേമികളെ ആകര്‍ഷിക്കുന്ന ഈ പവലിയന്‍ ആധുനികവും സമകാലികവുമായ ഈജിപ്ഷ്യന്‍ സംസ്്കാരത്തിന്റെ മുഖമുദ്രകളിലൊന്നായി പ്രബുദ്ധതയുടെയും സ്വതന്ത്ര ചിന്തയുടെയും സന്ദേശം നല്‍കുന്നു.

‘ഇവിടെ ലോകത്തിന്റെ കഥകള്‍ പറയുന്നു’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പുസ്തകമേളയില്‍ 90 രാജ്യങ്ങളില്‍ നിന്നുള്ള 350 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. ഗ്രീസ്, ശ്രീലങ്ക, മലേഷ്യ, പാക്കിസ്ഥാന്‍, സൈപ്രസ്, മൊസാംബിക്, കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ബ്രസീല്‍ എന്നീ 12 രാജ്യങ്ങളുടെയും 140 പ്രസാധക സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിനും മേള ആദ്യമായി സാക്ഷ്യം വഹിക്കുന്നു.

 

---- facebook comment plugin here -----

Latest