Uae
മുന്നണിപ്പോരാളികളും കോവിഡിനെ അതിജീവിച്ചവരും കൂട്ടായി അബുദാബിയില്‍ ഒരുക്കിയത് പൂക്കള വിസ്മയം
300 കിലോ പൂക്കള്‍; 300 ചതുരശ്രമീറ്ററില്‍ ഭീമന്‍ പൂക്കളം
അബുദാബി | മഹാമാരിക്കെതിരായ പോരാട്ടത്തില്‍ അക്ഷീണം പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരും കോവിഡിനെ അതിജീവിച്ചവരും ഒത്തുചേര്‍ന്ന് അബുദാബിയില്‍ ഒരുക്കിയത് കൂട്ടായ്മയുടെയും പ്രതീക്ഷയുടെയും പ്രതീകമായ കൂറ്റന്‍ പൂക്കളം. കോവിഡിന്റെ തുടക്കകാലത്ത് രോഗികള്‍ക്ക് ചികിത്സയൊരുക്കാനുള്ള പ്രത്യേക കേന്ദ്രമായി പ്രവര്‍ത്തിച്ച ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലാണ് വര്‍ണ്ണവിസ്മയമായ പൂക്കളം ഒരുക്കിയത്.
ഒരുമയുടെ ആഘോഷമായ ഓണത്തിന് ഇത്തരമൊരു കൂട്ടായ്മയൊരുക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ഏറെനാളത്തെ ശ്രമഫലമായാണ് 300 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള പൂക്കളം. ഉത്രാടനാള്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങിയ പൂക്കളമൊരുക്കല്‍ 16 മണിക്കൂറിലേറെ നീണ്ടു. തിരുവോണദിനം രാവിലെ പൂര്‍ത്തിയായ പൂക്കളത്തിനായി 300 കിലോ പൂക്കളാണ് ഉപയോഗിച്ചത്. മധുരയില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് കൂറ്റന്‍ പൂക്കളത്തിനായി പൂക്കളെത്തിച്ചത്.
എണ്ണൂറിലധികം കോവിഡ് രോഗികള്‍ക്ക് ആശ്രയമായിരുന്ന ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി നിലവില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി പ്രത്യേക സേവനങ്ങളാണ് നല്‍കുന്നത്. ഇതോടൊപ്പം മേഖലയിലെ തന്നെ പ്രധാന അര്‍ബുദരോഗ ചികിത്സാകേന്ദ്രമായി ശ്രദ്ധയാകര്‍ഷിക്കുന്ന ആശുപത്രിയിലെ നാല്‍പതിലധികം ആരോഗ്യപ്രവര്‍ത്തകര്‍ പൂക്കളം ഒരുക്കാനായി ഒത്തുചേര്‍ന്നു. ഒപ്പം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും കോവിഡിനെ അതിജീവിക്കുകയും ചെയ്തവരും.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടായി ഒരുക്കിയ പൂക്കളം കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നണിയില്‍ നിന്നവര്‍ക്കും പിന്തുണച്ചവര്‍ക്കും ത്യാഗങ്ങള്‍ സഹിച്ചവര്‍ക്കുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. അരളി, രണ്ടു നിറങ്ങളിലുള്ള ചെണ്ട്മല്ലി, റോസ്, വാടാര്‍മല്ലി, ജമന്തി തുടങ്ങിയ പൂക്കളാണ് പ്രധാനമായും പൂക്കളത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
സാമൂഹ്യ അകലവും കോവിഡ് പ്രോട്ടോക്കോളും പാലിച്ച് ഒരുക്കിയ പൂക്കളം യുഎഇയിലെ ഈ ഓണക്കാലത്തെ പൂക്കളങ്ങളില്‍ ഏറ്റവും വലുതായി. കേരളത്തിന്റെ ഓണാഘോഷത്തിന്റെ സന്ദേശം മഹാമാരിക്കാലത്ത് വ്യത്യസ്തമായി ആവിഷ്‌ക്കരിച്ച പൂക്കളം ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും പുതുമയുമായി.