Connect with us

Kerala

'ആരോഗ്യപച്ച'യെ ലോകത്തിന് പരിചയപ്പെടുത്തിയ ഈച്ചന്‍ കാണി മരിച്ച നിലയില്‍

ഈ മാസം രണ്ട് മുതല്‍ കാണാതായ കോട്ടൂര്‍ ചോനാംപാറ നഗര്‍ സ്വദേശി ഈച്ചന്‍കാണിയെ ഉള്‍ക്കാട്ടിലെ ഗുഹക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | കരള്‍ സംരക്ഷണത്തിന് ഉള്‍പ്പടെ ഗുണകരമായ ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ ലോകത്തിന് കാട്ടിക്കൊടുത്ത ആദിവാസികളിലൊരാളായ ഈച്ചന്‍ കാണിയെ (57) കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടൂര്‍ ചോനാംപാറ നഗര്‍ സ്വദേശിയാണ്. ഈ മാസം രണ്ട് മുതല്‍ കാണാതായ ഈച്ചന്‍കാണിയെ കഴിഞ്ഞ ദിവസം ഉള്‍ക്കാട്ടിലെ ഗുഹക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനത്തിനുള്ളിലുള്ള പാറയിടുക്കില്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിഭാഗവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെത്തിച്ചത്.

1987ല്‍ പശ്ചിമഘട്ട വനമേഖലയില്‍ മാത്രം കാണപ്പെടുന്ന ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകര്‍ക്ക് കാട്ടിക്കൊടുത്തത് കുട്ടിമാത്തന്‍കാണി, മല്ലന്‍കാണി, ഈച്ചന്‍കാണി എന്നിവരായിരുന്നു. പിന്നീട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആരോഗ്യപ്പച്ച ഉപയോഗിച്ച് ആര്യവൈദ്യ ഫാര്‍മസിയുമായി ചേര്‍ന്ന് ജീവനി എന്ന മരുന്ന് നിര്‍മിക്കുകയും ലാഭവിഹിതം ആദിവാസി വിഭാഗമായ കാണിക്കാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും, കരളിനെ സംരക്ഷിക്കുന്നതിനും, ക്ഷീണം തടയുന്നതിനും, ഡി എന്‍ എ സംരക്ഷക ഗുണങ്ങള്‍ക്കും പേരുകേട്ടതാണ് ആദിവാസികള്‍ കണ്ടെത്തിയ ഈ ഔഷധക്കൂട്ട്.

കാണിക്കാരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കാണി സമുദായ ക്ഷേമ ട്രസ്റ്റി സഹായത്തോടെയാണ് ആരോഗ്യപ്പച്ച കൃഷി ചെയ്തിരുന്നത്. ഈ ട്രസ്റ്റിന്റെ ആജീവനാന്ത എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ഈച്ചന്‍ കാണി. 2002ലെ യു എന്‍ ഇക്വേറ്റര്‍ ഇനിഷ്യേറ്റീവ് പുരസ്‌കാരവും കേരള കാണി സമുദായ ക്ഷേമ ട്രസ്റ്റിന് ലഭിച്ചിരുന്നു.