Kerala
ഭക്ഷ്യമന്ത്രി ഇടപെട്ടു; താലൂക്ക്തല അദാലത്തില്‍ അതിഥി തൊഴിലാളിക്ക് മണിക്കൂറുകള്‍ക്കകം റേഷന്‍ കാര്‍ഡ്
ഗുല്‍ഷന്റെ രേഖകള്‍ അടിയന്തരമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
തിരുവനന്തപുരം | ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ ഇടപെടലിനെ തുടര്‍ന്ന് അതിഥിത്തൊഴിലാളി കുടുംബത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ മുന്‍ഗണന റേഷന്‍കാര്‍ഡ്. എസ്എന്‍വി സ്‌കൂളില്‍ നടന്ന താലൂക്ക്തല അദാലത്തിലാണ് ഗുല്‍ഷന്‍ ഖാത്തൂന്‍ അപേക്ഷയുമായെത്തിയത്. 25 വര്‍ഷമായി കേരളത്തിലുള്ള ഗുല്‍ഷന്‍ നിലവില്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. ഗുല്‍ഷന്റെ രേഖകള്‍ അടിയന്തരമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുടുംബം മന്ത്രിയുടെ ചേംബറിലെത്തി റേഷന്‍കാര്‍ഡ് ഏറ്റുവാങ്ങി. മകന്‍ മുഹമ്മദ് ഇസ്ലാം, ഭാര്യ സീമ ബീഗം, ചെറുമകന്‍ സല്‍മാന്‍ എന്നിവരോടൊപ്പമാണ് ഗുല്‍ഷന്‍ റേഷന്‍കാര്‍ഡ് ഏറ്റു വാങ്ങിയത്. ബീഹാര്‍ ഛപ്ര സ്വദേശികളായ കുടുംബം ബീമാപള്ളി പത്തേക്കര്‍ ബഥരിയ പള്ളിക്കടുത്താണ് താമസിക്കുന്നത്.