Kerala
നാടന്‍ തോക്കുമായി നായാട്ടുസംഘം വനപാലകരുടെ പിടിയില്‍
സംഘത്തില്‍ നിന്നും തിര നിറച്ച നാടന്‍ തോക്ക്, കൂരമാനിന്റെ ഇറച്ചി, പാകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍, കത്തി, ഹെഡ് ലൈറ്റ് തുടങ്ങിയവ വനപാലകര്‍ കണ്ടെടുത്തു
പത്തനംതിട്ട | കോന്നി നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ നായാട്ടു സംഘം വനപാലകരുടെ പരിശോധനയില്‍ കുടുങ്ങി. നടുവത്തുമൂഴി വനമേഖലയിലെ അഴക്പാറ ഭാഗത്ത് നിന്നാണ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം പിടിയിലായത്. തേക്കുതോട് സ്വദേശി തോപ്പില്‍ വീട്ടില്‍ പ്രവീണ്‍ പ്രമോദ്(29), ഏഴാം തല സ്വദേശി മനു, പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിഭാഗത്തില്‍ പെട്ടയാള്‍ എന്നിവരെയാണ് വനപാലകര്‍ പിടികൂടിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടതായി പറയുന്ന മൂര്‍ത്തിമണ്‍ സ്വദേശി സുരാജ്, കോന്നി ചേരിമുക്ക് സ്വദേശി മിഖായേല്‍(പൊന്നച്ചന്‍) എന്നിവര്‍ രക്ഷപെട്ടു.
പിടികൂടിയ സംഘത്തില്‍ നിന്നും തിര നിറച്ച നാടന്‍ തോക്ക്, കൂരമാനിന്റെ ഇറച്ചി, പാകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍, കത്തി, ഹെഡ് ലൈറ്റ് തുടങ്ങിയവ വനപാലകര്‍ കണ്ടെടുത്തു. നടുവത്തുമൂഴി വനമേഖലയിലെ അഴകുപാറ ഭാഗത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍ ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം ഫോറസ്റ്റര്‍ എം ജി രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള സംഘം വനത്തില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നതിനിടെയാണ് വേട്ടസംഘം വനപാലകരുടെ പിടിയിലായത്. കൂട്ടത്തില്‍ ഉണ്ടായിരുന്ന ആദിവാസി വിഭാഗത്തില്‍ പെട്ടയാളുകളെ ഉപയോഗിച്ച് വനത്തില്‍ വേട്ടനടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്നു പറയുന്നു. കഴിഞ്ഞ 26 മുതല്‍ വനപാലകര്‍ കാട്ടില്‍ ക്യാംപ് ചെയ്തിരുന്നു. കോട്ടാംപാറയില്‍ നിന്നും നടന്നു തുടങ്ങിയ സംഘം രാത്രി വല്ലങ്കയത്ത് ക്യാമ്പ് ചെയ്യുകയും അടുത്ത ദിവസം രാവിലെ മൂന്ന് മുക്ക് ഭാഗത്ത് എത്തിയപ്പോള്‍ വനത്തിനുള്ളില്‍ നിന്നും വെടിയൊച്ച കേട്ടു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ചോരപ്പാടുകള്‍ കണ്ടെത്തുകയും വനത്തില്‍ അഴക്പാറ ഭാഗത്ത് താത്കാലിക ഷെഡില്‍ നിന്നും നായാട്ട് സംഘത്തിലെ മൂന്ന് പേരെ കണ്ടെത്തുകയുമായിരുന്നു. വനപാലകരെ കണ്ടതിനേ തുടര്‍ന്ന് സംഘത്തില്‍ ഉണ്ടായിരുന്ന സുരാജ്, മിഖായേല്‍ എന്നിവര്‍ കല്ലാര്‍ നീന്തി കടന്ന് രക്ഷപെടുകയും ചെയ്തു. ഇവര്‍ക്കായിഅന്വേഷണം ആരംഭിച്ചു. നടുവതുംമൂഴി ഫോറെസ്റ്റ് റേഞ്ച് സ്റ്റേഷനില്‍ എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി രണ്ടു പേരെ റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത തോക്ക് തുടര്‍നടപടികള്‍ക്കായി തണ്ണിത്തോട് പോലീസിന് കൈമാറി. ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ യു രാജേഷ് കുമാര്‍,വനം വകുപ്പ് വാച്ചര്‍ ബിനോയ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.