Connect with us

afghan

അഫ്ഗാന്‍ മുന്‍ വാര്‍ത്താവിനിമയ മന്ത്രി ഇപ്പോള്‍ ഡെലിവറി ബോയ്

മുന്‍ മന്ത്രി അഫ്ഗാന്‍ വിടാനുള്ള കാരണം പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സംഘത്തോടും അവരുടെ ആവശ്യങ്ങളോടും യോജിച്ചു പോകാന്‍ കഴിയില്ല എന്നതാണ്.

Published

|

Last Updated

ബെര്‍ലിന്‍| മുന്‍ അഫ്ഗാന്‍ വാര്‍ത്താവിനിമയ മന്ത്രി സയ്യിദ് അഹമ്മദ് ഷാ സാദത്ത് ഇപ്പോള്‍ ജര്‍മ്മനിയിലെ പിസ്സ ഡെലിവറി ബോയ് ആണെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ പ്രതിസന്ധിക്കിടയില്‍ അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചിത്രത്തില്‍ അഹമ്മദ് ഷാ ഒരു പിസ്സ കമ്പനിയുടെ യൂണിഫോം ധരിച്ച് ഡെലിവറിക്ക് പോകുന്നതായാണുള്ളത്.

സയ്യിദ് അഹമ്മദ് ഷാ സാദത്ത് അഫ്ഗാനിസ്ഥാനിലെ ആശയവിനിമയ മന്ത്രിയുള്‍പ്പെടെ നിരവധി സുപ്രധാന പദവികളും നിര്‍വഹിച്ചിട്ടുണ്ട്. മുന്‍ മന്ത്രിയുടെ ഫോട്ടോ ഒരു ജര്‍മ്മന്‍ പത്രപ്രവര്‍ത്തകനാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. ഈ മാധ്യമപ്രവര്‍ത്തകനോട് അഹമ്മദ് ഷാ അഫ്ഗാനിലെ പ്രശ്‌നങ്ങളും തന്റെ അവസ്ഥയെക്കുറിച്ചും സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. അഹമ്മദ് ഷാ സാദത്ത് കഴിഞ്ഞ വര്‍ഷം അവസാനം അദ്ദേഹത്തിന്റെ സ്ഥാനം രാജിവെച്ച് ജര്‍മ്മനിയിലേക്ക് പോയതാണ്. രാജ്യം വിട്ടതിനുശേഷം അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ ഉപജീവനത്തിനായി പിസ്സ ഡെലിവറി ബോയ് ആയി ജോലി ചെയ്യേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘സ്‌കൈ ന്യൂസ് അറേബ്യ’യുടെ റിപ്പോര്‍ട്ടനുസരിച്ച്, മുന്‍ മന്ത്രി അഫ്ഗാന്‍ വിടാനുള്ള കാരണം പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സംഘത്തോടും അവരുടെ ആവശ്യങ്ങളോടും യോജിച്ചു പോകാന്‍ കഴിയില്ല എന്നതാണ്.അതിനാലാണ് അദ്ദേഹം സ്ഥാനം രാജിവെച്ച് ജര്‍മ്മനിയിലേക്ക് പോയത്. അഫ്ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും അഷ്‌റഫ് ഗനി സര്‍ക്കാര്‍ ഇത്ര പെട്ടെന്ന് വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സയ്യിദ് അഹമ്മദ് ഷാ സാദത്ത് പറഞ്ഞു. ജര്‍മ്മന്‍ ഭാഷ പഠിച്ചതിന് ശേഷം ടെലികമ്മ്യൂണിക്കേഷന്‍ സെക്ടറില്‍ ജോലി ചെയ്യണമെന്നാണ് തന്റെ ഭാവി പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest