Connect with us

Kerala

പുനഃസംഘടന ആലോചനാ യോഗത്തില്‍ നിന്ന് മുന്‍ ഡി സി സി പ്രസിഡൻ്റുമാര്‍ ഇറങ്ങിപ്പോയി

ഡി സി സി പ്രസിഡൻ്റുമായുള്ള അഭിപ്രായ ഭിന്നതയാണ് കാരണം

Published

|

Last Updated

പത്തനംതിട്ട | കോണ്‍ഗ്രസ് പുനഃസംഘടനയെ സംബന്ധിച്ച് ആലോചിക്കാന്‍ കെ പി സി സി നിര്‍ദേശ പ്രകാരം ചേര്‍ന്ന പത്തനംതിട്ട ഡി സി സി യോഗത്തില്‍ നിന്ന് മുന്‍ പ്രസിഡൻ്റുമാര്‍ ഇറങ്ങിപ്പോയി. ഡി സി സി മുന്‍ പ്രസിഡൻ്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ്, ബാബു  ജോര്‍ജ് എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.
കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീറിൻ്റെ സാന്നിധ്യത്തില്‍ ഡി സി സി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇറങ്ങിപ്പോക്ക്. ഡി സി സി പ്രസിഡൻ്റ്  പ്രൊഫ. സതീഷ് കൊച്ചുപറമ്പിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അടൂര്‍ പ്രകാശ് എം പി, കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധു തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഡി സി സി പ്രസിഡൻ്റുമായുള്ള അഭിപ്രായ ഭിന്നതയാണ് മുന്‍ പ്രസിഡൻ്റുമാരുടെ ബഹിഷ്‌കരണത്തിനു കാരണമായത്. പാര്‍ട്ടിയുടെ പൊതുനയങ്ങളില്‍ നിന്നു വ്യതിചലിക്കുന്ന തരത്തില്‍ ഡി സി സി പ്രസിഡൻ്റ്  പെരുമാറുന്നുവെന്നും ജില്ലയില്‍ പാര്‍ട്ടിയെ സജീവമാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇവര്‍ ആരോപിച്ചു. സമീപകാലത്തു നിസാര കാരണങ്ങള്‍ ചുമത്തി കൂടിയാലോചനയോ വിശദീകരണമോ തേടാതെ പാര്‍ട്ടി നടപടികള്‍ക്കു വിധേയരായി പുറത്തു നില്‍ക്കുന്നവരെ തിരികെയെടുക്കണമെന്നും ഇവരെക്കൂടി ഉള്‍പ്പെടുത്തിവേണം പുനഃസംഘടന നടത്താനെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇക്കാര്യങ്ങള്‍ കെ പി സി സിയുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന മറുപടി നേതൃത്വത്തിൻ്റെ  ഭാഗത്തുനിന്നുണ്ടായതോടെയാണ് മുന്‍ പ്രസിഡൻ്റുമാര്‍ ഇറങ്ങിപ്പോയത്.

Latest