Connect with us

Kerala

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അടിത്തറ തകര്‍ന്ന് വിദ്യാര്‍ഥിനികള്‍ ഒഴുക്കുള്ള തോട്ടില്‍ വീണു

കിളിവയല്‍ സ്വദേശി അനിയുടെ സമയോചിതമായ ഇടപെടലില്‍ വിദ്യാര്‍ഥിനികളെ രക്ഷപെടുത്തി

Published

|

Last Updated

അടൂര്‍  | എംസി റോഡരികില്‍ അടൂര്‍ കിളിവയലില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അടിത്തറ തകര്‍ന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ ഒഴുക്കുള്ള തോട്ടില്‍ വീണു. അടൂര്‍ സെന്റ് സിറിള്‍സ് കോളജിലെ ആശ, കാവ്യ എന്നീ ബിരുദ വിദ്യാര്‍ഥിനികളാണ് തോട്ടില്‍ വീണത്. ബസ് കാത്തുനിന്ന യാത്രക്കാരനായ കിളിവയല്‍ സ്വദേശി അനിയുടെ സമയോചിതമായ ഇടപെടലില്‍ വിദ്യാര്‍ഥിനികളെ രക്ഷപെടുത്തി.

ഇന്ന് രാവിലെ 9.30ന് എംസി റോഡില്‍ അടൂരിനും ഏനാത്തിനും മധ്യേയുള്ള കിളിവയല്‍ ജംഗ്ഷനിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ അടിത്തറയാണ് തകര്‍ന്നത്. സമീപത്തെ തോടിനോടു ചേര്‍ന്ന് കല്‍ക്കെട്ടിലും മറ്റുമായി നിര്‍മിച്ചിട്ടുള്ള വെയ്റ്റിംഗ് ഷെഡിന്റെ തറയില്‍ നിറച്ചിരുന്ന മണ്ണ് ഒഴുകിപ്പോയതോടെ ഈ ഭാഗം തകരുകയായിരുന്നു. വിടവിലൂടെ കുട്ടികള്‍ രണ്ടുപേരും തോട്ടിലേക്ക് വീണു. അപകടം കണ്ട് യാത്രക്കാരനായ അനി തോട്ടിലേക്കു ചാടി കുട്ടികളെ രക്ഷപെടുത്തി.
കോളജിലെ വിദ്യാര്‍ഥികളും നാട്ടുകാരുമാണ് കിളിവയല്‍ വെയ്റ്റിംഗ് ബസ് കാത്തു നില്‍ക്കുന്നത്.
നാളുകളായി വെയ്റ്റിംഗ് ഷെഡിന്റെ അടിത്തറ തകര്‍ന്നു തുടങ്ങിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അടിഭാഗത്തെ മണ്ണ് ഒലിച്ച് പോയിട്ടും ആരും അത് ശ്രദ്ധിക്കാറില്ലായിരുന്നു.

രാവിലെ കോളജിലേക്ക് പോകാന്‍ ബസിറങ്ങിയ വിദ്യാര്‍ഥിനികള്‍ മഴ ആയതിനാലാണ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളില്‍ കയറിയത്. തുടര്‍ന്ന് ഇവരുടെ ബാഗ് കേന്ദ്രത്തിനുള്ളിലെ അരഭിത്തിയില്‍ വച്ചതും അടിത്തറ തകരുകയും ഒന്നിച്ചായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ അനി വ്യക്തമാക്കി. പൊടുന്നനെ വെള്ളത്തിലേക്ക് ചാടി കുട്ടികളെ രക്ഷിച്ചതിനാല്‍ ദുരന്തം ഒഴിവായി

 

Latest