valayar case
വാളയാര്‍ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച സംഭവം; ഫാക്ടറി സൈറ്റ് മാനേജര്‍ പോലീസ് കസ്റ്റഡിയില്‍
കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം പാലക്കാട്ട് സ്വദേശിയായ ഇയാള്‍ കൊച്ചിയിലെത്തി
കൊച്ചി | വാളയാര്‍ കേസിലെ നാലാം പ്രതി എം മധു തൂങ്ങി മരിച്ച സംഭവത്തില്‍ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജര്‍ പോലീസ് കസ്റ്റഡിയില്‍. എടയാര്‍ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്ഥാപനത്തിലെ ചെമ്പ് കമ്പനിയും തകിടുകളും മോഷ്ടിക്കാന്‍ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാര്‍ കമ്പനി അധികൃതര്‍ പിടികൂടിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പരാതി നല്‍കാന്‍ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിപ്പോയ ബിനാനി സിങ്ക് കമ്പനിയിലെ ലോഹ ഭാഗങ്ങള്‍ നീക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരനായിരുന്നു മധു. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. കേസില്‍ മൂന്നാം പ്രതി പ്രദീപ് കുമാര്‍ 2020 നവംബര്‍ നാലിന് ആത്മഹത്യ ചെയ്തിരുന്നു.
കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം പാലക്കാട്ട് സ്വദേശിയായ ഇയാള്‍ കൊച്ചിയിലെത്തി. വാളയാര്‍ കേസില്‍ സി ബി ഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് മരണം. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസ്സുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലില്‍ സി ബി ഐ കുറ്റപത്രം 2022 ഓഗസ്റ്റ് 10നു പാലക്കാട് പോക്‌സോ കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.